ഓരോ മൂന്ന് മാസത്തിലും അക്കൗണ്ടിൽ പണമെത്തും; വിരമിച്ചവർക്ക് സ്ഥിരവരുമാനം, ഈ പദ്ധതിയെ അറിയാം
Senior Citizen Savings Scheme Interest: ബാങ്ക് സ്ഥിരനിക്ഷേപങ്ങളെ അപേക്ഷിച്ച് ആകര്‍ഷകമായ പലിശയും മൂന്ന് മാസം കൂടുമ്പോള്‍ വരുമാനം ലഭിക്കുന്ന സൗകര്യവുമാണ് ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത. ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളെ ആശ്രയിക്കാതെ നിശ്ചിത പലിശ ലഭിക്കുമെന്നതും മുതിര്‍ന്ന പൗരന്മാരെ ഈ പദ്ധതിയിലേക്ക് ആകര്‍ഷിക്കുന്നു.
വിരമിച്ച ശേഷമുള്ള ജീവിതത്തില്‍ സ്ഥിരമായ വരുമാനം ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം (എസ്‌സിഎസ്എസ്) മികച്ചൊരു നിക്ഷേപ മാര്‍ഗമാണ്. ബാങ്ക് സ്ഥിരനിക്ഷേപങ്ങളെ അപേക്ഷിച്ച് ആകര്‍ഷകമായ പലിശയും മൂന്ന് മാസം കൂടുമ്പോള്‍ വരുമാനം ലഭിക്കുന്ന സൗകര്യവുമാണ് ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത. ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളെ ആശ്രയിക്കാതെ നിശ്ചിത പലിശ ലഭിക്കുമെന്നതും മുതിര്‍ന്ന പൗരന്മാരെ ഈ പദ്ധതിയിലേക്ക് ആകര്‍ഷിക്കുന്നു.
8 ലക്ഷം നിക്ഷേപിച്ചാല്‍ എത്ര പലിശ?
സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമില്‍ എട്ട് ലക്ഷം രൂപ നിക്ഷേപിക്കുന്ന ഒരാള്‍ക്ക് 8.2 ശതമാനം വാര്‍ഷിക പലിശനിരക്കില്‍ ഒരു വര്‍ഷം 65,600 രൂപ പലിശ ലഭിക്കും. ഇത് നാല് തുല്യ തവണകളായി വിതരണം ചെയ്യുന്നതിനാല്‍ ഓരോ മൂന്ന് മാസത്തിലും 16,400 രൂപ ലഭിക്കും.
അതായത്, അഞ്ച് വര്‍ഷത്തെ കാലാവധിയില്‍ പലിശ നിരക്ക് മാറാതെ തുടരുകയാണെങ്കില്‍ ആകെ 3,28,000 രൂപ പലിശയായി നേടാം. നിക്ഷേപിച്ച എട്ട് ലക്ഷം രൂപ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ തിരികെ ലഭിക്കും.
16 ലക്ഷം രൂപ നിക്ഷേപിച്ചാല്‍?
16 ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് ഇതിന്റെ ഇരട്ടി പലിശ ലഭിക്കും. 8.2 ശതമാനം നിരക്കില്‍ ഒരു വര്‍ഷത്തെ പലിശ 1,31,200 രൂപയാണ്. ഓരോ മൂന്ന് മാസത്തിലും 32,800 രൂപ വീതം അക്കൗണ്ടിലെത്തും. അഞ്ച് വര്‍ഷം കൊണ്ട് ആകെ 6,56,000 രൂപ പലിശയായി ലഭിക്കും. നിക്ഷേപിച്ച 16 ലക്ഷം രൂപയും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ തിരികെ ലഭിക്കും. ഈ കണക്കുകള്‍ നികുതിക്ക് മുമ്പുള്ളതാണ്.
അഞ്ച് വര്‍ഷത്തെ വരുമാനം എത്ര?
| നിക്ഷേപം | ഓരോ പാദത്തിലെയും പലിശ | വാര്‍ഷിക പലിശ | അഞ്ച് വര്‍ഷത്തെ പലിശ |
| 8 ലക്ഷം | 16,400 | 65,600 | 3,28,000 |
| 16 ലക്ഷം | 32,800 | 1,31,200 | 6,56,000 |
ആര്‍ക്കൊക്കെ നിക്ഷേപിക്കാം?
60 വയസ് പൂര്‍ത്തിയായ ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് സാധാരണയായി ഈ പദ്ധതിയില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയുക. നിശ്ചിത വ്യവസ്ഥകള്‍ക്ക് വിധേയമായി 55 വയസിന് മുകളിലുള്ള വിരമിച്ച സിവിലിയന്‍ ജീവനക്കാര്‍ക്കും 50 വയസിന് മുകളിലുള്ള വിരമിച്ച പ്രതിരോധ സേനാംഗങ്ങള്‍ക്കും നിക്ഷേപത്തിന് അവസരമുണ്ട്.
വ്യക്തിഗതമായോ പങ്കാളിയുമായി ചേര്‍ന്നോ അക്കൗണ്ട് തുറക്കാം. കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. ഒരു വ്യക്തിക്ക് ഒന്നിലധികം അക്കൗണ്ടുകളിലായി പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. അഞ്ച് വര്‍ഷമാണ് പദ്ധതിയുടെ അടിസ്ഥാന കാലാവധി. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിശ്ചിത നടപടികളിലൂടെ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടാനും സാധിക്കും.
English Summary
The Senior Citizen Savings Scheme offers an 8.2% annual interest rate for October–December 2026, with quarterly payouts. An investment of Rs 8 lakh earns Rs 16,400 every quarter, while Rs 16 lakh earns Rs 32,800, before tax.