Actress Remya Panicker: മാന്യത കാണിക്കേണ്ടത് വീഡിയോയിൽ ഉള്ളവർ മാത്രമല്ല അത് എടുക്കുന്നവരും ആണ്! രമ്യ പണിക്കർ
Actress Remya Panicker: സന്ദർഭത്തിനനുസരിച്ചുള്ള ഫോട്ടോകളോ വീഡിയോകളോ ഒന്നും തന്നെയല്ല പലരുടെയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതിനെതിരെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് നടി രമ്യ പണിക്കർ.

Remya Panicker
ആറ്റുകാൽ പൊങ്കാലയോട് കൂടി ഇതാ വിവാദങ്ങളും കൊഴുക്കുകയാണ്. പ്രധാനമായും പല പ്രമുഖ നടിമാരും സെലിബ്രിറ്റികളും എല്ലാം ഇത്തവണ പൊങ്കാലയിടാൻ എത്തിയിരുന്നു. ഇവർക്ക് പിന്നാലെ ഓൺലൈൻ മീഡിയകളും വട്ടമിട്ട് പറന്നു. ഇപ്പോൾ പൊങ്കാല കഴിഞ്ഞിട്ടും സോഷ്യൽ മീഡിയയിൽ നിറയെ നടിമാരുടെ പൊങ്കാല വീഡിയോസും ഫോട്ടോകളുമാണ്. എന്നാൽ എല്ലാതവണത്തെയും പോലെ ഇത്തവണയും ഓൺലൈൻ മീഡിയക്കാർ തങ്ങളുടെ പ്രൊഫഷൻ വിട്ട് ഒരു കളിയും ഇല്ല. സന്ദർഭത്തിനനുസരിച്ചുള്ള ഫോട്ടോകളോ വീഡിയോകളോ ഒന്നും തന്നെയല്ല പലരുടെയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതിനെതിരെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് നടി രമ്യ പണിക്കർ.
താൻ എന്റെ വീട്ടിൽ അച്ഛനും അമ്മയ്ക്കും ഒപ്പം സുരക്ഷിതമായിരുന്ന പൊങ്കാല ഇട്ടതാണ്. അപ്പോഴാണ് അവിടെയൊക്കെ ചില ഓൺലൈൻ മീഡിയ പ്രവർത്തകർ എത്തി വിശേഷങ്ങൾ ചോദിച്ചത്. ഇതിനോടനുബന്ധിച്ച് അവർ ചില വീഡിയോകളും ചിത്രങ്ങളും എടുത്ത് മടങ്ങുകയും ചെയ്തു. പൊങ്കാല ഇടുമ്പോൾ അടുപ്പുമുറ്റത്ത് തറയിൽ വച്ചാണ് നിൽക്കുന്നത് തീയുടെയും പായസത്തിന്റെയും അരിയുടെയും കാര്യങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുമ്പോൾ ആരൊക്കെ എങ്ങനെയൊക്കെ സൂം ചെയ്തു ചിത്രീകരിച്ചു എന്ന് നമുക്ക് ശ്രദ്ധിക്കാൻ സാധിച്ചിട്ടില്ല. അത്തരത്തിൽ അപ്രതീക്ഷിതമായി ചിത്രീകരിച്ച ചില വീഡിയോകൾ പുറത്തുവന്നത് ശ്രദ്ധയിൽപ്പെട്ടു. തന്റേത് മാത്രമല്ല ഇതുപോലെ മറ്റൊരു ചില ആർട്ടിസ്റ്റുകളുടെയും പ്രചരിക്കുന്നുണ്ട്. അതുകൊണ്ട് അഭ്യർത്ഥിക്കുകയാണ് നിങ്ങളോടുള്ള വിശ്വാസത്തിലാണ് ഞങ്ങൾ നിങ്ങളെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത് ആ വിശ്വാസം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം നിങ്ങളുടേതാണ്. മാന്യത കാണിക്കേണ്ടത് വീഡിയോയിൽ ഉള്ളവർ മാത്രമല്ലന്നും വീഡിയോ എടുക്കാൻ വരുന്നവരും അത് പോസ്റ്റ് ചെയ്യുന്നവരുമാണ് എന്നും രമ്യ ഫേസ്ബുക്കിൽ കുറിച്ചു.
രമ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ടവരേ,
“ഇന്നലെ ആറ്റുകാൽ അമ്മയുടെ പൊങ്കാല പ്രമാണിച്ച് ഞാൻ എന്റെ വീട്ടിൽ അച്ഛനും അമ്മയും കൂടെ, വളരെ സ്വകാര്യതയോടും പ്രൈവസിയോടും കൂടിയാണ് പൊങ്കാല അർപ്പിച്ചത്. സന്തോഷത്തോടെ പൊങ്കാല ഇട്ടുകൊണ്ടിരുന്ന സമയത്ത് ചില ഓൺലൈൻ മീഡിയ പ്രവർത്തകർ വീട്ടിലേക്ക് എത്തി വിശേഷങ്ങൾ ചോദിക്കാമെന്ന നിലയിൽ വീഡിയോയും ചിത്രങ്ങളും എടുത്ത് മടങ്ങി.
പൊങ്കാല ഇടുമ്പോൾ അടുപ്പ് മുറ്റത്ത് തറയിൽ വെച്ചാണ് നിൽക്കുന്നത്. തീയുടെയും പായസത്തിന്റെയും അരിയുടെയും കാര്യങ്ങളിൽ മുഴുവൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുമ്പോൾ, ആരൊക്കെ എങ്ങനെയൊക്കെ സൂം ചെയ്ത് ചിത്രീകരിക്കുന്നു എന്നത് ശ്രദ്ധിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. അതും സ്വന്തം വീടിന്റെ കംഫർട്ട് സോണിൽ നിൽക്കുന്ന സമയത്ത്.
പ്രതീക്ഷിക്കാതെ എത്തി ചിത്രീകരിച്ച ചില വീഡിയോകൾ പിന്നീട് പുറത്തുവന്നത് ശ്രദ്ധയിൽപ്പെട്ടു. എന്റേതു മാത്രമല്ല, മറ്റു ചില ആർട്ടിസ്റ്റുമാരുടെയും വീഡിയോകൾ ഇതുപോലെ പ്രചരിക്കുന്നതായി കാണുന്നു.
അതുകൊണ്ട് ഒരു വിനീതമായ അഭ്യർത്ഥന — നിങ്ങളോടുള്ള വിശ്വാസത്തിലാണ് ഞങ്ങൾ ചോദ്യങ്ങൾക്ക് മറുപടി പറയുന്നത്. ആ വിശ്വാസം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം നിങ്ങളുടേയും ആണ്. ഒരു പോസ്റ്റോ വീഡിയോയോ പങ്കുവെക്കുന്നതിന് മുമ്പ് ഒരിക്കൽ അല്ലെങ്കിൽ രണ്ടിക്കൽ ആലോചിക്കണം. അത് നിങ്ങളുടെ കൾച്ചറിനെയും പ്രൊഫഷണലിസത്തെയും പ്രതിഫലിപ്പിക്കുന്നതാണ്.
വീട്ടിലെത്തിയ എല്ലാ മീഡിയ സുഹൃത്തുക്കളോടും ഞങ്ങൾ മാന്യമായിട്ടാണ് പെരുമാറിയത്. വീട്ടിലെ സ്വകാര്യതയിൽ നിന്നുള്ള നിമിഷങ്ങൾ എടുത്ത് പുറത്ത് പ്രചരിപ്പിച്ചതിന് ശേഷം, നമ്മളോട് തന്നെ കൂടുതൽ ശ്രദ്ധിക്കണം, കോസ്റ്റ്യൂം മാന്യമായിരിക്കണം എന്ന് പറയുന്നത് ശരിയായ സമീപനം അല്ല.
മാന്യത കാണിക്കേണ്ടത് വീഡിയോയിൽ ഉള്ളവർ മാത്രമല്ല — എടുക്കുന്നവരും പോസ്റ്റ് ചെയ്യുന്നവരുമാണ്.
ഇതാണ് പറയാനുള്ളത്.”
നന്ദി.
അതേസമയം നടി അന്നരാജനും തനിക്കെതിരെ പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോകൾക്കും ഫോട്ടോകൾക്കും വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. താൻ ഒന്നും മനപ്പൂർവം ഉദ്ദേശിച്ചിട്ടില്ല എന്നും, ഏതെങ്കിലും വിശ്വാസികൾക്ക് തന്നെ വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു എന്നും അന്ന രാജൻ പറഞ്ഞു.