‘ലാലേട്ടൻ റിക്വസ്റ്റ് ചെയ്തിട്ടുപോലും ഡാൻസ് കളിച്ചില്ല, മമ്മൂക്ക അന്ന് ചേർത്ത് പിടിച്ചു’; അനുഭവങ്ങൾ പങ്കുവച്ച് വിനീത് കുമാർ
Vineeth Kumar Reflects on Working With Mammootty and Mohanlal: 'ഭരത'ത്തിലെ അവസാന ഭാഗത്ത് ഭാരതപ്പുഴയുടെ തീരത്ത് വെച്ച് മോഹൻലാലിൻ്റെ തോർത്തിൽ പിടിച്ച് താൻ സംസാരിക്കുന്ന രംഗം ഇപ്പോഴും കൺമുന്നിലുണ്ടെന്ന് വിനീത് പറഞ്ഞു. അദ്ദേഹം അഭിനയിക്കുകയാണോ അതോ സ്വാഭാവികമായി തന്നെ നോക്കുകയാണോ എന്ന് തിരിച്ചറിയാൻ കഴിയാത്തവിധമായിരുന്നു പ്രകടനം

വിനീത് കുമാർ, മോഹൻലാൽ, മമ്മൂട്ടി
കൊച്ചി: മലയാളത്തിൻ്റെ സ്വന്തം മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പമുള്ള ഓർമ്മകൾ പങ്കുവച്ച് നടനും സംവിധായകനുമായ വിനീത് കുമാർ. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ബാലതാരമായിരുന്ന കാലത്തെ രസകരമായ അനുഭവങ്ങളെ കുറിച്ചും ഇരുവരുടെയും ഇഷ്ട സിനിമകളെക്കുറിച്ചുമെല്ലാം താരം മനസ്സുതുറന്നത്. ‘ഭരതം’ സിനിമയുടെ ചിത്രീകരണത്തിനിടെ മോഹൻലാലിനോട് താൻ ചെറിയ വാശികളൊക്കെ കാണിക്കാറുണ്ടായിരുന്നുവെന്നും എന്നാൽ ഏറെ കരുതലോടെയാണ് അദ്ദേഹം കണ്ടിരുന്നത് എന്നും വിനീത് കുമാർ ഓർത്ത് പറയുന്നു.
യുവജനോത്സങ്ങളിൽ ഭരതനാട്യം അവതരിപ്പിച്ച് തിളങ്ങിനിന്ന സമയമായതിനാൽ, സെറ്റിൽ വെച്ച് ഡാൻസ് കളിച്ച് കാണിക്കാൻ മോഹൻലാൽ തന്നോട് പറയുമായിരുന്നു. എന്നാൽ കുട്ടിക്കാലത്തെ വാശികൊണ്ട് ലാലേട്ടൻ റിക്വസ്റ്റ് ചെയ്തിട്ടുപോലും താൻ ഡാൻസ് കളിച്ചു കാണിച്ചില്ലെന്ന് വിനീത് ചിരിച്ചുകൊണ്ട് പറയുന്നു. എങ്കിൽ പോലും മോഹൻലാൽ തന്നെ ഏറെ കരുതലോടെയാണ് കണ്ടിരുന്നതെന്നും വിനീത് കൂട്ടിച്ചേർത്തു.
‘ഭരത’ത്തിലെ അവസാന ഭാഗത്ത് ഭാരതപ്പുഴയുടെ തീരത്ത് വെച്ച് മോഹൻലാലിൻ്റെ തോർത്തിൽ പിടിച്ച് താൻ സംസാരിക്കുന്ന രംഗം ഇപ്പോഴും കൺമുന്നിലുണ്ടെന്ന് വിനീത് പറഞ്ഞു. അദ്ദേഹം അഭിനയിക്കുകയാണോ അതോ സ്വാഭാവികമായി തന്നെ നോക്കുകയാണോ എന്ന് തിരിച്ചറിയാൻ കഴിയാത്തവിധമായിരുന്നു പ്രകടനം. ക്യാമറയുടെ ഫ്രെയിമിന് പുറത്തുനിന്ന് കഥാപാത്രത്തിലേക്ക് കടക്കുന്ന ഒരു അതിർവരമ്പ് പോലും മോഹൻലാലിൻ്റെ അഭിനയത്തിൽ കാണാൻ കഴിയില്ലെന്നും വിനീത് പറയുന്നു.
സിനിമയിൽ എത്തുന്നതിന് മുൻപ് മമ്മൂട്ടി തൻ്റെ നാട്ടിൽ ഒരു ഉദ്ഘാടനത്തിന് വന്നപ്പോൾ കാണാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അച്ഛനെ പേടിച്ച് പോകാൻ കഴിഞ്ഞിരുന്നില്ലെന്ന് വിനീത് ഓർക്കുന്നു. പിന്നീട് ‘ഒരു വടക്കൻ വീരഗാഥ’യിൽ മമ്മൂട്ടിയുടെ കുട്ടിക്കാലം അഭിനയിച്ചപ്പോഴും സെറ്റിൽ വെച്ച് അദ്ദേഹത്തെ നേരിട്ട് കാണാൻ സാധിച്ചില്ല. ഒടുവിൽ സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കണുന്നത്. അന്ന് മമ്മൂട്ടി തന്നെ ചേർത്തുപിടിച്ചതും, ആഫോട്ടോ പത്രത്തിൽ വന്നതും ജീവിതത്തിലെ ഏറ്റവും വിലപ്പെട്നിമിഷങ്ങളാണ്‌യി സൂക്ഷിക്കുന്നുണ്ടെന്നും വിനീത് പറഞ്ഞു.
വലുതായതിന് ശേഷം ‘സേതുരാമയ്യർ സിബിഐ’ എന്ന ചിത്രത്തിൽ ഒരുമിച്ച് പ്രവർത്തിച്ചപ്പോഴാണ് മമ്മൂട്ടി എന്ന വ്യക്തിയുമായി അടുക്കാൻ കഴിഞ്ഞത് സൂപ്പർസ്റ്റാർ എന്ന പരിവേഷത്തിനപ്പുറം തന്നെപ്പോലെ ഒരു സാധാരണക്കാരൻ്റെ മനസ്സുള്ള ആളാണ് മമ്മൂട്ടി. താൻ ആദ്യമായി സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം മമ്മൂട്ടിയെ നായകനാക്കി പ്ലാൻ ചെയ്തതായിരുന്നു. പക്ഷേ കഥ പറയാൻ സാധിച്ചില്ല. പിന്നീട് ‘അയാൾ ഞാനല്ല’ എന്ന സിനിമ തുടങ്ങുന്നതിന് മുൻപ് കണ്ടപ്പോൾ “നീ എന്നെയൊന്നും വച്ച് സിനിമ ചെയ്യില്ലേ” എന്ന് അദ്ദേഹം ചോദിച്ചു. മമ്മൂക്കയെ വച്ച് സിനിമ ചെയ്യണം എന്നായിരുന്നു ആഗ്രഹമെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോൾ. “ഇനിയിപ്പോ നിനക്ക് ചെയ്യാൻ പറ്റില്ല, ഞാൻ പുതിയ സംവിധായകർക്കേ ഡേറ്റ് നൽകൂ” എന്നായിരുന്നു തമാശയെന്നോണം അദ്ദേഹത്തിൻ്റെ മറുപടി എന്നും വിനീത് ഓർത്ത് പറയുന്നു.
English Summary
Actor-director Vineeth Kumar fondly recalled refusing Mohanlal’s dance request on the ‘Bharatham’ set, his first meeting with Mammootty at the State Awards, and the superstar’s playful joke about directing him.