ഹൈജാക്ക് ഭീഷണി; ജർമ്മനിയിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിയന്തരമായി ഇറക്കി
All Passengers Safe After Delhi-Bound Air India Flight Diverts to Jaipur Over Hijack Alert: സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് യാത്രക്കാർക്ക് പുറത്തിറങ്ങാനുള്ള ലാഡർ വിമാനത്തിന് അരികിലേക്ക് എത്തിച്ചത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി. വിമാനത്തിനുള്ളിൽ വിശദമായ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് എല്ലാവരെയും പുറത്തിറക്കിയത്
ജയ്പൂർ: ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സുരക്ഷാ ഭീഷണിയെ തുടർന്ന് ജയ്പൂരിൽ അടിയന്തരമായി ഇറക്കി. ബുധനാഴ്ച രാവിലെ 9.45-ഓടെയാണ് എഐ-2030 എന്ന ബോയിംഗ് 787 ഡ്രീംലൈനർ വിമാനം ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. വിമാനം റാഞ്ചൽ ഭീഷണിയെ തുടർന്നാണ് വഴിതിരിച്ചുവിട്ടതെന്ന് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ് ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹൈജാക്കിംഗ് മറ്റ് നിയമവിരുദ്ധ ഇടപെടലുകൾ എന്നിവയെ സൂചിപ്പിക്കുന്ന അന്താരാഷ്ട്ര ട്രാൻസ്പോണ്ടർ കോഡായ ‘7500’ സന്ദേശം വിമാനത്തിൽ നിന്ന് ലഭിച്ചതായി ഡി.ജി.സി.എ വൃത്തങ്ങൾ അറിയിച്ചു. പൈലറ്റ് നൽകിയ ഈ അടിയന്തര സന്ദേശം എയർ ട്രാഫിക് കൺട്രോളിൽ ലഭിച്ചതോടെയാണ് ഡൽഹിയിൽ നിന്ന് 280 കിലോമീറ്റർ അകലെയുള്ള ജയ്പൂരിലേക്ക് വിമാനം പെട്ടെന്ന് തിരിച്ചുവിട്ടത്.
അതേസമയം, ബോംബ് ഭീഷണിയെ തുടർന്നാണ് വിമാനം അടിയന്തരമായി ഇറക്കിയതെന്നാണ് പോലീസ് നൽകുന്ന വിവരം. ഫ്രാങ്ക്ഫർട്ട്-ഡൽഹി വിമാനത്തിന് ബോംബ് ഭീഷണിയുണ്ടെന്ന് വിമാനത്താവള അധികൃതർ പോലീസിനെ അറിയിച്ചതായി മാളവ്യ നഗർ അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ ശിവ് ദയാൽ വാർത്താ ഏജൻസിയായ പി.ടി.ഐയോട് വ്യക്തമാക്കി.
Also Read: Boat Accident: വിരുന്നിന് പോകുന്നതിനിടെ ദുരന്തം; ഗംഗയിൽ വള്ളം മറിഞ്ഞ് 13 മരണം
വിമാനം റാഞ്ചൽ പോലുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ഉപയോഗിക്കുന്ന ഉയർന്ന സുരക്ഷാ ക്രമീകരണങ്ങളാണ് വിമാനത്താവളത്തിൽ ഒരുക്കിയിരുന്നത്. നിലത്തിറങ്ങിയ ഉടൻ തന്നെ വിമാനം പ്രത്യേക ഐസൊലേഷൻ ബേയിലേക്ക് മാറ്റി. തുടർന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡ്, വിമാനത്താവള സുരക്ഷാ ഏജൻസികൾ, ലോക്കൽ പോലീസ് എന്നിവർ സംയുക്തമായി വിമാനത്തിനുള്ളിൽ കർശന പരിശോധന നടത്തി. അടിയന്തര സാഹചര്യം നേരിടാൻ ഡൽഹിയിൽ ദേശീയ സുരക്ഷാ സേനയെയും സജ്ജമാക്കി നിർത്തിയിരുന്നു.
അതീവ ജാഗ്രതയോടെ വിമാനത്തെ സമീപിച്ച സുരക്ഷാ ഉദ്യോഗസ്ഥർ, പ്രാഥമിക സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് യാത്രക്കാർക്ക് പുറത്തിറങ്ങാനുള്ള ലാഡർ എത്തിച്ചത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ കർശന മേൽനോട്ടത്തിൽ പൈലറ്റുമാരെയും യാത്രക്കാരെയും ഘട്ടംഘട്ടമായി പുറത്തിറക്കി. യാത്രക്കാരെയും അവരുടെ ബാഗേജുകളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ വ്യക്തമാക്കി. പരിശോധനകൾ പൂർത്തിയാക്കി വിമാനത്തിന് സുരക്ഷാ അനുമതി ലഭിച്ചതായും, യാത്രക്കാർക്ക് ഉടൻ തന്നെ വിമാനത്തിൽ തിരികെ പ്രവേശിക്കാൻ കഴിയുമെന്നും ഡി.ജി.സി.എ വൃത്തങ്ങൾ അറിയിച്ചു. അതേസമയം യാത്രക്കാർക്ക് അധിക നിരക്കുകളില്ലാതെ യാത്ര പുനഃക്രമീകരിക്കാനുള്ള സൗകര്യം ഏർപ്പാടാക്കിയുട്ടുണ്ട് എന്നും. യാത്ര ക്യാൻസൽ ചെയ്യുന്നവർക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.
English Summary
A Delhi-bound Air India flight from Frankfurt made an emergency landing in Jaipur on Wednesday following a hijack alert. All passengers safely deboarded after thorough security checks by airport authorities.