ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
PM Narendra Modi addresses the BRICS meeting: ബ്രിക്സ് (BRICS) കൂട്ടായ്മ ആർക്കും എതിരല്ലെന്നും, എല്ലാവരെയും ഉൾക്കൊണ്ടുള്ള പൊതു സമ്മതത്തോടെയാണ് സംഘടന മുന്നോട്ടുപോകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 'നിയമങ്ങൾ അനുസരിക്കുന്നവർ' എന്ന നിലയിൽ നിന്ന് 'നിയമങ്ങൾ രൂപീകരിക്കുന്നവർ' എന്ന നിലയിലേക്ക് 'ഗ്ലോബൽ സൗത്ത്' മാറേണ്ടതുണ്ടെന്നും ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ 18-ാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ന്യൂഡൽഹി: ബ്രിക്സ് (BRICS) കൂട്ടായ്മ ആർക്കും എതിരല്ലെന്നും, എല്ലാവരെയും ഉൾക്കൊണ്ടുള്ള പൊതു സമ്മതത്തോടെയാണ് സംഘടന മുന്നോട്ടുപോകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ 18-ാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നിയമങ്ങൾ അനുസരിക്കുന്നവർ’ എന്ന നിലയിൽ നിന്ന് ‘നിയമങ്ങൾ രൂപീകരിക്കുന്നവർ’ (rule-shapers) എന്ന നിലയിലേക്ക് ‘ഗ്ലോബൽ സൗത്ത്’ മാറേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബ്രിക്സ് രാജ്യങ്ങളിലെ നയരൂപീകരണ വിദഗ്ധർക്ക് ആവശ്യമായ പരിശീലനം ഉറപ്പാക്കുന്നതിൽ നേതൃത്വം നൽകാൻ ഇന്ത്യ സന്നദ്ധമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
ഓരോ അംഗരാജ്യത്തിനും സ്വന്തം ശബ്ദം ഉയർത്താനുള്ള അവസരമുണ്ടാകേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം യോഗത്തിൽ ഊന്നിപ്പറഞ്ഞു. ബ്രിക്സ് രൂപീകരണത്തിന്റെ 20-ാം വാർഷികമാണിതെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. മനുഷ്യജീവിതത്തിൽ 20 വയസ്സ് എത്തുന്നത് ഉത്തരവാദിത്തത്തിന്റെയും പക്വതയുടെയും പുതിയൊരു ഘട്ടത്തിന്റെ തുടക്കമാണ്. ബ്രിക്സ് കൂട്ടായ്മയും ഇപ്പോൾ അത്തരം ഒരു പക്വതയാർന്ന ഘട്ടത്തിലാണ് എത്തിനിൽക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം
”നാം ഓരോരുത്തരുടെയും കാഴ്ചപ്പാടുകളെ ബഹുമാനിക്കുകയും പൊതുസമ്മതത്തോടെ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നു. ആർക്കെങ്കിലും എതിരായി പ്രവർത്തിക്കാനല്ല, മറിച്ച് എല്ലാവരെയും ഒപ്പം ചേർത്തുപിടിച്ച് മുന്നേറാനാണ് ബ്രിക്സ് ശ്രമിക്കുന്നത്” എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സംഘടനയിലെ അംഗരാജ്യങ്ങൾക്കിടയിലുള്ള ഐക്യവും സഹകരണവും ഇനി ആഗോളതലത്തിൽ വ്യക്തമായ മാറ്റങ്ങളാക്കി മാറ്റേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള പ്രതിസന്ധികളുടെ കേന്ദ്രബിന്ദുവായി ഗ്ലോബൽ സൗത്ത് നിലകൊള്ളുമ്പോഴും, നിർണായക തീരുമാനങ്ങൾ എടുക്കുന്നതിൽ അവർക്ക് പങ്കില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് തുടങ്ങിയവർ അടങ്ങിയ ലോകനേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി. വരും ദശകങ്ങൾക്കായുള്ള പുതിയതും വ്യക്തവുമായ ഒരു ആഗോള കർമ്മപദ്ധതിക്ക് രൂപം നൽകാൻ ബ്രിക്സ് രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും മോദി ആഹ്വാനം ചെയ്തു.
ചരിത്രപരമെന്നാണ് ബ്രിക്സ് ഉച്ചകോടിയെ മോദി വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ പരിഷ്കരണത്തിന് പത്ത് നിർദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു. യുഎൻ സുരക്ഷ സമിതി സമയബന്ധിതമായി പുനസംഘടിപ്പിക്കണമെന്നും ചിലരിൽ മാത്രം അധികാരം കേന്ദ്രീകരിക്കുന്ന നിലവിലെ സ്ഥിതി മാറണമെന്നും മോദി യോഗത്തെ ഓർമ്മിപ്പിച്ചു. ബ്രിക്സ് ശക്തി കൂട്ടുന്നതിനൊപ്പം ആഗോള സ്ഥാപനങ്ങളും പരിഷ്കരിക്കണം. നാവികരുടെ സുരക്ഷ പ്രധാനമാണെന്നും ഇതിനായി ഒന്നിച്ചുള്ള സംവിധാനം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
English Summary
Prime Minister Narendra Modi stated that the BRICS grouping is not opposed to anyone and moves forward based on consensus and inclusivity. Addressing the 18th BRICS Summit at Bharat Mandapam in New Delhi, he emphasized that the ‘Global South’ needs to transition from being ‘rule-followers’ to ‘rule-makers’.