Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
Chennai Metro to Build Commercial Complex: ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അരുമ്പാക്കത്ത് ഈ മൾട്ടി-സ്റ്റോറി മന്ദിരം ഉയരുന്നത്. അരുമ്പാക്കം മെട്രോ സ്റ്റേഷന് പിന്നിലുള്ള 17,872 ചതുരശ്ര അടി സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുന്നത്. ആകെ 34,206 ചതുരശ്ര അടി വിസ്തീർണ്ണത്തിലായിരിക്കും ഈ കോംപ്ലക്‌സ് ഒരുങ്ങുക.
ചെന്നൈ: യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതോടൊപ്പം വരുമാനം വർദ്ധിപ്പിക്കാനായി പുതിയ പദ്ധതിയുമായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ്. അരുമ്പാക്കം മെട്രോ സ്റ്റേഷന് സമീപം ഏഴു നിലകളുള്ള കൂറ്റൻ കൊമേഴ്‌സ്യൽ കോംപ്ലക്‌സ് നിർമ്മിക്കാനാണ് മെട്രോ റെയിൽ ലക്ഷ്യമിടുന്നത്.
ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അരുമ്പാക്കത്ത് ഈ മൾട്ടി-സ്റ്റോറി മന്ദിരം ഉയരുന്നത്. അരുമ്പാക്കം മെട്രോ സ്റ്റേഷന് പിന്നിലുള്ള 17,872 ചതുരശ്ര അടി സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുന്നത്. ആകെ 34,206 ചതുരശ്ര അടി വിസ്തീർണ്ണത്തിലായിരിക്കും ഈ കോംപ്ലക്‌സ് ഒരുങ്ങുക.
ടിക്കറ്റ് വിൽപ്പനയിലൂടെ മാത്രം ലഭിക്കുന്ന വരുമാനം കൊണ്ട് മെട്രോയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന വിലയിരുത്തലിലാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടത്. ആലന്തൂർ, സൈദാപേട്ട്, ഈക്കാട്ടുതാങ്കൽ തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ രീതിയിലുള്ള കൊമേഴ്‌സ്യൽ കേന്ദ്രങ്ങൾ ഉയരുന്നുണ്ട്. അരുമ്പാക്കത്തെ പുതിയ കേന്ദ്രം പ്രദേശത്തെ യാത്രാസൗകര്യവും കച്ചവട സാധ്യതകളും വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ALSO READ: ബെംഗളൂരു വന്ദേ ഭാരതിന് ഒടുക്കത്തെ സ്പീഡ്; 55 മിനിറ്റില്‍ ഒതുക്കിയിലേക്ക് യാത്ര
സവിശേഷതകൾ
- ബേസ്‌മെന്റിലും സ്റ്റിൽറ്റ് ഫ്ലോറിലുമായി 4 തലങ്ങളുള്ള മെക്കാനിക്കൽ കാർ പാർക്കിംഗ് സംവിധാനം.
- ബാക്കി 7 നിലകളിൽ വൻകിട ഓഫീസുകൾക്കും ഷോപ്പിംഗ് സെന്ററുകൾക്കും വ്യാപാരാവശ്യങ്ങൾക്കുമായി വിശാലമായ സ്ഥലം.
- ജവഹർലാൽ നെഹ്‌റു റോഡിനും (100 അടി റോഡ്) കൂവം നദിക്കും മധ്യേയുള്ള തന്ത്രപ്രധാനമായ സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഐടി ഹബ്ബുകളെ ബന്ധിപ്പിച്ച് 3 പുതിയ മെട്രോ പാതകൾ
ഗതക്കുരുക്കിന് ശാശ്വത പരിഹാരമേകാനും യാത്രാസമയം പകുതിയായി കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള ചെന്നൈ മെട്രോ രണ്ടാം ഘട്ട നിർമാണം വേഗത്തിൽ പുരോഗമിക്കുകയാണ്. പ്രമുഖ ഐടി ഹബ്ബുകളെയും പ്രധാന റെസിഡൻഷ്യൽ ഏരിയകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന 3 പുതിയ മെട്രോ ഇടനാഴികളാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
മാധവരം, പെരമ്പൂർ, നുങ്കംപാക്കം, അടയാർ, പെരുങ്കുടി, തരമണി, ഷോളിംഗനല്ലൂർ, സിപ്കോട്ട് എന്നിവിടങ്ങളിലൂടെയാണ് കോറിഡോർ 3 കടന്നുപോകുന്നത്. കോറിഡോർ 4 ലൈറ്റ്‌ഹൗസ് മുതൽ പൂന്തമല്ലി വരെ, കോറിഡോർ 5 മാധവരം മുതൽ ഷോളിംഗനല്ലൂർ വരെയുമാണ്. 63,000 കോടിയിലധികം രൂപ ചെലവിൽ നിർമിക്കുന്ന ഈ മെട്രോ ശൃംഖല പൂർത്തിയാകുന്നതോടെ ചെന്നൈ നഗരത്തിലെ ദീർഘദൂര യാത്രകൾ കൂടുതൽ സുഗമമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
English Summary:
Chennai Metro Rail Limited is planning to construct a seven-storey commercial complex near Arumbakkam Metro station as part of its efforts to generate additional non-fare revenue.