Chandrayaan 4: ചാന്ദ്രയാന്‍ 4ന് മന്ത്രിസഭയുടെ അംഗീകാരം; ദൗത്യത്തിന് ചെലവ് 2104 കോടി
Chandrayan 4: 2040-ൽ മനുഷ്യനെ ചന്ദ്രനിലിറക്കിയ ശേഷം ഭൂമിയിൽ തിരികെയെത്തിക്കാനുള്ള സാങ്കേതിക വിദ്യ ആർജിക്കുന്നതിന്റെ ഭാഗമാണ് ഈ ദൗത്യം.
ന്യൂഡൽഹി: ചന്ദ്രയാൻ-3 ന്റെ വിജയത്തിന് പിന്നാലെ ചാന്ദ്രയാൻ 4-ന് (Chandrayaan-4) അംഗീകാരം നൽകി കേന്ദ്രമന്ത്രി സഭ. ബഹിരാകാശ യാത്രികരെ ചന്ദ്രനിൽ എത്തിച്ച് ഭൂമിയിൽ തിരിച്ചിറക്കാനാണ് ചാന്ദ്രയാൻ 4- കൊണ്ട് ലക്ഷ്യമിടുന്നത്. 2028 -നുള്ളിൽ പ്രാവർത്തികമാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് 2104.06 കോടി രൂപയും മന്ത്രിസഭ വകയിരുത്തി. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (Bharatiya Antariksh Station), ശുക്രപര്യവേഷണ പദ്ധതികൾക്കും കേന്ദ്രമന്ത്രി സഭ അംഗീകാരം നൽകി.
ശുക്രദൗത്യം
ബഹിമേഖലയിലെ തുടർവിജയങ്ങൾക്ക് പിന്നാലെയാണ് ശുക്രഗ്രഹത്തെ കുറിച്ച് പഠിക്കാൻ രാജ്യം. ‘വീനസ് ഓർബിറ്റർ മിഷൻ’ എന്ന പേരിലുള്ള ദൗത്യം 2028 മാർച്ചിലാണ് നടക്കുക. 1236 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം. ഇതിൽ 824 കോടി രൂപ ബഹിരാകാശ പേടകം നിർമ്മിക്കാനാണ്. ദൗത്യത്തിന്റെ ഭാഗമായി ശുക്രന്റെ ഭ്രമണപഥത്തിലേക്ക് പേടകത്തെ അയക്കും. സൗരയുഥത്തിലെ ഏറ്റവും താപനിലയുള്ള ഗ്രഹമായ ശുക്രനിൽ ഭൂമിക്ക് സമാനമായ സ്ഥിതിയാണുള്ളത്. ശുക്രന്റെ ഉപരിതലപഠനം, അന്തർഭാഗം, അന്തരീക്ഷസ്ഥിതി, ശുക്രഗ്രഹത്തിൽ സൂര്യന്റെ സ്വാധീനം, ഗ്രഹാന്തരീക്ഷത്തിലെ സൾഫൂറിക് ആസിഡ് മേഘങ്ങളെ കുറിച്ചുള്ള പഠനം എന്നിവയെല്ലാം ദൗത്യത്തിന്റെ ഭാഗമായുള്ള ഗവേഷണ പരിധിയിൽ ഉൾപ്പെടും.
ഇന്ത്യക്കാർ ചന്ദ്രനിൽ
2040-ഓടെ രാജ്യത്തെ ബഹിരാകാശയാത്രികരെ ചന്ദ്രനിലെത്തിക്കാനാണ് ചന്ദ്രയാൻ-4 പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. കല്ലുമണ്ണും ശേഖരിച്ച് സഞ്ചാരികളെ തിരിച്ചിറക്കുന്ന പദ്ധതിക്കായി 2104.06 കോടി രൂപയും അനുവദിച്ചു. ഇന്ത്യക്കാർ ചന്ദ്രനിലിറങ്ങുന്നതിനാവശ്യമായ അടിത്തറയൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബഹിരാകാശ പേടകവും ദൗത്യത്തിനാവശ്യമുള്ള മൊഡ്യൂളുകൾ നിർമ്മിക്കാനുമുള്ള ചുമതല ഐഎസ്ആർഒയ്ക്കാണ്.
ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ
ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി ഭാരതത്തിന്റെ സ്വന്തം ബഹിരാകാശ ഗവേഷണ നിലയം 2035-ൽ യാഥാർത്ഥ്യമാകും. ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ എന്ന് പേരിട്ടിരുന്ന നിലയം ഭൂമിയിൽ നിന്ന് 400 കിലോ മീറ്റർ അകലെയാണ്. 20,193 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആദ്യ മൊഡൂൾ 2028-ലും തുടർവർഷങ്ങളിൽ ബാക്കി മൊഡ്യൂളുകളും അന്തരീക്ഷ നിലയത്തിൽ എത്തിക്കും. 20- ദിവസത്തോളം ബഹിരാകാശ യാത്രികർക്ക് നിലയത്തിൽ തങ്ങാം.
പുതുതലമുറ റോക്കറ്റുകൾ
പുനരുപയോഗിക്കാവുന്ന പുതുതലമുറ റോക്കറ്റുകൾ വികസിപ്പിക്കാനും മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 8,239 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി നൽകിയിരിക്കുന്നത്. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ മൊഡ്യൂളുകൾ ബഹിരാകാശത്ത് എത്തിക്കുന്നതിലും റോക്കറ്റുകൾ നിർണായക പങ്കുവഹിക്കും.