BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
Xi Jinping in India After 7 Years: ഷി ജിൻപിങ്ങിൻ്റെ സന്ദർശനത്തോടനുബന്ധിച്ച് വിവിധ സുരക്ഷാ ഏജൻസികളുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. അദ്ദേഹം താമസിക്കുന്ന ഹോട്ടലിന് മുകളിലൂടെ വിമാനങ്ങൾ പറക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. തീവ്രവാദ വിരുദ്ധ സേനയും ബോംബ് സ്ക്വാഡും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്

ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ്ങിനെ കേന്ദ്ര സഹമന്ത്രി ജിതിൻ പ്രസാദ സ്വീകരിക്കുന്നു
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഇന്ത്യയിലെത്തി. ഒരു ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം ഡൽഹിയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഷി ജിൻപിങ് നടത്തുന്ന ആദ്യത്തെ ഇന്ത്യൻ സന്ദർശനമാണിത് എന്നത് സന്ദർശനത്തിൻ്റെ പ്രാധാന്യം വർധിപ്പിക്കുന്നു.. ശനിയാഴ്ച വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വ്യാപാരം, നിക്ഷേപം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച രാവിലെ 11 മണിയോടെ ഷി ജിൻപിങ് മടങ്ങുമെന്നാണ് വിവറ്റം.
അതീവ സുരക്ഷയൊരുക്കി ഡൽഹി
ഷി ജിൻപിങ്ങിൻ്റെ സന്ദർശനത്തോടനുബന്ധിച്ച് വിവിധ സുരക്ഷാ ഏജൻസികളുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. അദ്ദേഹം താമസിക്കുന്ന ഹോട്ടലിന് മുകളിലൂടെ വിമാനങ്ങൾ പറക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. തീവ്രവാദ വിരുദ്ധ സേനയും ബോംബ് സ്ക്വാഡും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഹോട്ടലിൻ്റെ പരിസരത്തെ ഭൂഗർഭ പൈപ്പ് ലൈനുകൾ ഉൾപ്പെടെ കർശന പരിശോധനയ്ക്ക് വിധേയമാക്കും.
ചൈനീസ് പ്രസിഡൻ്റിൻ്റെ ഔദ്യോഗിക യാത്രകൾക്കുള്ള ‘ഹോങ്കി’ കാർ, സന്ദർശനത്തിന് പത്ത് ദിവസം മുൻപ് തന്നെ ഡൽഹിയിൽ എത്തിച്ചിരുന്നു. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള എയർ ചൈനയുടെ ബോയിംഗ് 747-8 വിമാനത്തിലാണ് ഷി ജിൻപിങ്ങിൻ്റെ യാത്ര. മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാനും, ഭീഷണികൾ മുൻകൂട്ടി തിരിച്ചറിയാനും സാധിക്കുന്ന ഈ വിമാനം ഒരു മൊബൈൽ കമാൻഡ് സെൻ്റർ കൂടിയാണ്.
അതേസമയം വിദേശ സുരക്ഷാ ഏജസികൾ കൊണ്ടുവരുന്ന ഉപകരണങ്ങൾക്ക് ഇന്ത്യയിൽ കർശന നിയന്ത്രണങ്ങളാണുള്ളത്. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ ഉപയോഗിക്കാൻ അനുമതിയില്ല. ചില പ്രത്യേക ആയുധങ്ങളും ഉപകരണങ്ങളും എയർപോർട്ടിൽ കസ്റ്റംസിന് കൈമാറുകയും വേണം. വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രോട്ടോക്കോൾ അനുസരിച്ച് ഡൽഹി പോലീസാണ് സുരക്ഷാ ഏകോപിപ്പിക്കുന്നത്.
ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹി നഗരത്തിൽ 15,000-ലധികം പോലീസുകാരെയും 200 കമ്പനി അർദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം മുതൽ ശാന്തിപഥ് വരെയുള്ള പാതയിൽ 700-ലധികം സി.സി.ടി.വി ക്യാമറകളും അഞ്ച് കൺട്രോൾ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനിൽ മാത്രം 500 ക്യാമറകൾ നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക കൺട്രോൾ റൂമാണ് ഒരുക്കിയിരിക്കുന്നത്.
English Summary
Chinese President Xi Jinping arrived in New Delhi for the BRICS Summit and bilateral talks with PM Modi. The capital is under a heavy security blanket involving 15,000 police personnel.