AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Delhi Metro: ഡൽഹി മെട്രോയിൽ വരുന്നത് വലിയ മാറ്റങ്ങൾ; യാത്ര ഇനി കൂടുതൽ എളുപ്പമാകും

Delhi Metro Phase 4 Expansion: ഡൽഹി മെട്രോയിൽ 15 പുതിയ ഇന്റർചേഞ്ച് സ്റ്റേഷനുകൾ വരുന്നു. ഇതിൽ അഞ്ചെണ്ണം  'ട്രിപ്പിൾ ഇന്റർചേഞ്ച്' ഹബ്ബുകളായിരിക്കും. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ നാലാം ഘട്ട, അഞ്ചാം ഘട്ട വികസന പദ്ധതികൾക്ക് കീഴിൽ എട്ട് പുതിയ കോറിഡോറുകള്‍ നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം.

Delhi Metro: ഡൽഹി മെട്രോയിൽ വരുന്നത് വലിയ മാറ്റങ്ങൾ; യാത്ര ഇനി കൂടുതൽ എളുപ്പമാകും
Delhi MetroImage Credit source: Getty Images
Jayadevan AM
Jayadevan AM | Updated On: 27 Jul 2026 | 10:31 PM

ന്യൂഡൽഹി: ഡൽഹി മെട്രോയിൽ 15 പുതിയ ഇന്റർചേഞ്ച് സ്റ്റേഷനുകൾ വരുന്നു. ഇതിൽ അഞ്ചെണ്ണം  ‘ട്രിപ്പിൾ ഇന്റർചേഞ്ച്’ ഹബ്ബുകളായിരിക്കും. ന്യൂഡൽഹി, ഇന്ദർലോക്, ലജ്പത് നഗർ, സെൻട്രൽ സെക്രട്ടറിയേറ്റ്, ആസാദ്പൂർ എന്നിവയാണ് പുതിയതായി നിർമ്മിക്കുന്ന ട്രിപ്പിൾ ഇന്റർചേഞ്ച് സ്റ്റേഷനുകൾ.  ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ നാലാം ഘട്ട, അഞ്ചാം ഘട്ട വികസന പദ്ധതികൾക്ക് കീഴിൽ എട്ട് പുതിയ കോറിഡോറുകള്‍ നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. നിലവിൽ നോയിഡ-ഗ്രേറ്റർ നോയിഡയിലെ അക്വാ ലൈൻ, ഗുഡ്ഗാവിലെ റാപ്പിഡ് മെട്രോ എന്നിവയുൾപ്പെടെ 31 ഇന്റർചേഞ്ച് സ്റ്റേഷനുകളാണ് ഡിഎംആർസിക്ക് കീഴിലുള്ളത്.

കാശ്മീരി ഗേറ്റ് മാത്രമാണ് നിലവിലുള്ള ഏക ട്രിപ്പിൾ ഇന്റർചേഞ്ച് സ്റ്റേഷൻ. പുതിയവയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ മൊത്തം ഇന്റർചേഞ്ച് സ്റ്റേഷനുകളുടെ എണ്ണം 46 ആയി ഉയരും. മജന്ത ലൈനിലാകും ഏറ്റവും കൂടുതൽ ഇന്റർചേഞ്ച് സ്റ്റേഷനുകൾ വരുന്നത് (22 എണ്ണം). ബ്ലൂ ലൈനിൽ 15-ഉം പിങ്ക് ലൈനിൽ 14-ഉം ഇന്റർചേഞ്ച് സ്റ്റേഷനുകൾ വീതമുണ്ടാകും.

ന്യൂഡൽഹി സ്റ്റേഷനിൽ നിലവിലുള്ള യെല്ലോ ലൈനും എയർപോർട്ട് എക്സ്പ്രസ് ലൈനും കൂടാതെ പുതിയ മജന്ത ലൈൻ കൂടിയെത്തും. റെഡ്, ഗ്രീൻ ലൈനുകൾ സംഗമിക്കുന്ന ഇന്ദർലോക് സ്റ്റേഷനും മജന്ത ലൈനുമായി ബന്ധിപ്പിക്കും.

വയലറ്റ്, പിങ്ക്, പുതിയ ഗോൾഡൻ ലൈനുകൾ സംഗമിക്കുന്ന പ്രധാന ജംഗ്ഷനായി ലജ്പത് നഗർ മാറും. ആസാദ്പൂർ സ്റ്റേഷൻ യെല്ലോ, പിങ്ക് ലൈനുകളെ മജന്ത ലൈനിന്റെ പുതിയ കോറിഡോറുമായി ബന്ധിപ്പിക്കും. യെല്ലോ, വയലറ്റ് ലൈനുകളെയും വരാനിരിക്കുന്ന മജന്ത ലൈൻ ഇടനാഴിയെയും ബന്ധിപ്പിക്കുന്ന മൂന്ന് ലൈൻ സംഗമ കേന്ദ്രമായി സെൻട്രൽ സെക്രട്ടറിയേറ്റ് സ്റ്റേഷൻ മാറും.

Also Read: Namma Metro: നമ്മ മെട്രോ ബ്ലൂ ലൈന്‍ ഉടന്‍ തുറക്കും; ഒക്ടബോറില്‍ ട്രയല്‍ റണ്‍

നാലാം ഘട്ട വികസനം

നാലാം ഘട്ട വികസനത്തിൽ വരുന്ന മറ്റ് ഇന്റർചേഞ്ച് സ്റ്റേഷനുകൾ ഡൽഹി ഗേറ്റ്, ഇന്ദ്രപ്രസ്ഥ, ചിരാഗ് ഡൽഹി, സാകേത് ജി ബ്ലോക്ക്, ഛത്തർപൂർ, തുഗ്ലക്കാബാദ്, പീരാഗർഹി, മധുബൻ ചൗക്ക്, പുൽബംഗാഷ്, ആർ.കെ. ആശ്രമം മാർഗ്, നബി കരീം എന്നിവയാണ്.

ഡൽഹി ഏറോസിറ്റി, ടെർമിനൽ 1 ഐജിഐ എയർപോർട്ട് എന്നീ രണ്ട് പുതിയ ഇന്റർചേഞ്ച് സ്റ്റേഷനുകൾ കൂടി നിർമ്മിക്കുന്നതോടെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ വിമാനത്താവളത്തിലേക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. മുന്നോട്ടുള്ള ഘട്ടങ്ങളില്‍ ശിവാജി സ്റ്റേഡിയവും കാളിന്ദി കുഞ്ചും ഇന്റർചേഞ്ച് സ്റ്റേഷനുകളായി മാറും.

നാലാം ഘട്ട വികസനത്തിന്റെ ഭാഗമായി ഡിഎംആർസി നിലവിൽ അഞ്ച് കോറിഡോറുകളുടെ നിർമ്മാണം നടത്തിവരികയാണ്. കൃഷ്ണ പാർക്ക് എക്സ്റ്റൻഷൻ മുതൽ ദീപാളി ചൗക്ക് വരെയും ഇന്ദർലോക് മുതൽ ഇന്ദ്രപ്രസ്ഥ വരെയുമുള്ള പാതകൾ ഇതിൽ ഉൾപ്പെടുന്നു. ഡൽഹി ഏറോസിറ്റി മുതൽ തുഗ്ലക്കാബാദ് വരെയും സാകേത് ജി ബ്ലോക്ക് മുതൽ ലജ്പത് നഗർ വരെയുമുള്ള നിർമ്മാണ പ്രവർത്തനങ്ങളും നടന്നുവരികയാണ്.

English Summary

Delhi Metro is adding 15 new interchange stations under its Phase IV and V(A) expansions.Five of these new stations will serve as major triple-interchange hubs. The ongoing expansion project will increase the total number of interchanges from 31 to 46. These additions aim to improve airport connectivity and streamline commuter transfers across NCR.

Follow Us