Ebola Outbreak: എബോള ഭീതിയിൽ ആഗോളതല ജാഗ്രത, വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കി ഇന്ത്യ
Ebola Outbreak India : എബോളയുടെ ആറ് വകഭേദങ്ങളിൽ ഒന്നായ ബൂൻഡിബുഗോ ആണ് കോംഗോയിലെ പുതിയ വ്യാപനത്തിന് പിന്നിൽ. നിലവിൽ ലഭ്യമായ വാക്സിനുകളോ പ്രത്യേക ചികിത്സകളോ ഈ വകഭേദത്തിന് ഫലപ്രദമല്ല എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. അതിനാൽ ഇതിനെ 'അസാധാരണ വകഭേദം' എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. സൈർ, സുഡാൻ, ടായ് ഫോറസ്റ്റ്, റെസ്റ്റോൺ, ബോംബാലി എന്നിവയാണ് എബോളയുടെ മറ്റ് വകഭേദങ്ങൾ.
ന്യൂഡൽഹി: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡി.ആർ. കോംഗോ) എബോള വൈറസ് ബാധ അതിവേഗം പടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിരീക്ഷണം ശക്തമാക്കി. ലോകാരോഗ്യ സംഘടന (WHO) ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജ്യം മുൻകരുതൽ നടപടികൾ കടുപ്പിച്ചത്.
ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, മറ്റ് പ്രവേശന കവാടങ്ങൾ എന്നിവ വഴി എത്തുന്ന യാത്രക്കാർക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
യാത്രക്കാർക്ക് കർശന നിർദേശം
ഡി.ആർ. കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഇമിഗ്രേഷൻ പരിശോധനയ്ക്ക് മുൻപായി എയർപോർട്ട് ഹെൽത്ത് ഓഫീസറെയോ ഹെൽത്ത് ഡെസ്കിനെയോ നിർബന്ധമായും വിവരം അറിയിക്കേണ്ടതാണ്:
- പനി, കടുത്ത ക്ഷീണം, തളർച്ച
- തലവേദന, പേശിവേദന, തൊണ്ടവേദന
- ഛർദി, അതിസാരം
- അകാരണമായ രക്തസ്രാവം
നിലവിൽ ഇന്ത്യയിൽ എവിടെയും എബോള കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മുൻകരുതലിന്റെ ഭാഗമായാണ് ഈ നടപടികളെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യത്തെ സജ്ജീകരണങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവയുടെ അധ്യക്ഷതയിൽ ഉന്നതതല അവലോകന യോഗം ചേർന്നു. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാർ പങ്കെടുത്ത യോഗത്തിൽ, നിരീക്ഷണ ഏകോപനം, കൃത്യമായ റിപ്പോർട്ടിങ്, ആരോഗ്യ സംവിധാനങ്ങൾ സജ്ജമാക്കൽ എന്നിവയ്ക്ക് മുൻഗണന നൽകാൻ നിർദേശിച്ചു. മുൻപ് 2014-ൽ ആഫ്രിക്കയിൽ എബോള പടർന്നപ്പോഴും ഇന്ത്യ സമാനമായ പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നു.
ബൂൻഡിബുഗോ വകഭേദം: വാക്സിനില്ലാത്തത് വലിയ വെല്ലുവിളി
എബോളയുടെ ആറ് വകഭേദങ്ങളിൽ ഒന്നായ ബൂൻഡിബുഗോ ആണ് കോംഗോയിലെ പുതിയ വ്യാപനത്തിന് പിന്നിൽ. നിലവിൽ ലഭ്യമായ വാക്സിനുകളോ പ്രത്യേക ചികിത്സകളോ ഈ വകഭേദത്തിന് ഫലപ്രദമല്ല എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. അതിനാൽ ഇതിനെ ‘അസാധാരണ വകഭേദം’ എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. സൈർ, സുഡാൻ, ടായ് ഫോറസ്റ്റ്, റെസ്റ്റോൺ, ബോംബാലി എന്നിവയാണ് എബോളയുടെ മറ്റ് വകഭേദങ്ങൾ.
പുതിയ വ്യാപനത്തിൽ ഇതിനകം 139 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും സംശയിക്കപ്പെടുന്ന രോഗികളുടെ എണ്ണം 600 കടന്നുവെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് വ്യക്തമാക്കി.
എന്താണ് എബോള? ലക്ഷണങ്ങളും പ്രതിരോധവും
രോഗബാധിതരായ മനുഷ്യരുടെയോ മൃഗങ്ങളുടെയോ (കുരങ്ങ്, മാൻ, മുള്ളൻ പന്നി തുടങ്ങിയവ) രക്തം, സ്രവങ്ങൾ, വിസർജ്യങ്ങൾ എന്നിവയിലൂടെയാണ് രോഗം പകരുന്നത്. വായുവിലൂടെയോ വെള്ളത്തിലൂടെയോ രോഗം പകരില്ല.
വൈറസ് ശരീരത്തിൽ പ്രവേശിച്ച് 2 മുതൽ 21 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കാണിക്കും. കടുത്ത പനിയിൽ തുടങ്ങി അഞ്ച് മുതൽ ഏഴ് ദിവസത്തിനുള്ളിൽ ആന്തരികവും ബാഹ്യവുമായ രക്തസ്രാവത്തിലേക്ക് വഴിമാറാം. ഇത് കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറിനും മരണത്തിനും കാരണമാകുന്നു.
ശരിയായി പാകം ചെയ്ത മാംസം മാത്രം കഴിക്കുക, രോഗബാധിതരുമായുള്ള സമ്പർക്കം പൂർണ്ണമായും ഒഴിവാക്കുക, രോഗികളെ ഉടനടി ഐസലേഷനിലേക്ക് മാറ്റുക എന്നിവയാണ് പ്രധാന പ്രതിരോധ മാർഗ്ഗങ്ങൾ.
English Summary
In response to the WHO declaring a global health emergency over the Ebola outbreak in DR Congo, India has intensified surveillance at all airports and seaports, issuing strict screening guidelines for passengers arriving from high-risk African nations. The current outbreak is driven by the rare ‘Bundibugyo’ variant, which has already claimed 139 lives and poses a significant challenge due to the lack of an approved vaccine or specific treatment.