PM Modi: ട്രെന്‍ഡിനൊപ്പം ചേര്‍ന്ന് കൈത്തറിയെ നെഞ്ചിലേറ്റാം; ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
PM Modi calls to celebrate national handloom day 2026: ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിച്ച അതേ ആവേശത്തോടെ ജനങ്ങൾ ദേശീയ കൈത്തറി ദിനവും ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് മോദി ഇക്കാര്യം പറഞ്ഞത്.

Pm Narendra Modi National Handloom Day
ന്യൂഡല്‍ഹി: ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിച്ച അതേ ആവേശത്തോടെ ജനങ്ങൾ ദേശീയ കൈത്തറി ദിനവും ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്‍സ്റ്റഗ്രാം, എക്‌സ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് മോദി ഇക്കാര്യം പറഞ്ഞത്. എപ്രകാരമാണോ സൗഹൃദ ബാൻഡുകൾ കൈമാറിക്കൊണ്ടും പ്രിയപ്പെട്ടവരുമായുള്ള ബന്ധം പുതുക്കിക്കൊണ്ടും സൗഹൃദ ദിനം ആവേശത്തോടെ ആഘോഷിച്ചത്, അതുപോലെ തന്നെ ഇന്ത്യയുടെ സമ്പന്നമായ കൈത്തറി പാരമ്പര്യത്തെ കൊണ്ടാടാന്‍ എല്ലാവരും ഒന്നിച്ച് മുന്നോട്ട് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
“ഓഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമാണ്. ഇന്ത്യയുടെ കൈത്തറി വൈവിധ്യത്തെ ജനപ്രിയമാക്കാം. സോഷ്യൽ മീഡിയയിൽ GRWM വീഡിയോകൾ ഉൾപ്പെടെ, നിങ്ങളുടെ പ്രിയപ്പെട്ട കൈത്തറി ഉൽപ്പന്നങ്ങളുടെ വീഡിയോകൾ പങ്കിടുക. #NationalHandloomDay എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കാൻ മറക്കരുത്”-അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മോദി പങ്കുവെച്ച വീഡിയോ:
Tomorrow, 7th August is National Handloom Day. Let’s make India’s handloom diversity popular.
Share your videos with your favourite handloom products, including GRWM videos on social media.
Don’t forget to use #NationalHandloomDay. pic.twitter.com/zoFdTXphRL
— Narendra Modi (@narendramodi) August 6, 2026
പൗരന്മാരോട് പ്രധാനമന്ത്രി
കൈത്തറി ഉൽപ്പന്നങ്ങൾ വാങ്ങാനും ധരിക്കാനും അദ്ദേഹം പൗരന്മാരെ പ്രോത്സാഹിപ്പിച്ചു. ഓരോ വാങ്ങലും ലക്ഷക്കണക്കിന് നെയ്ത്തുകാരുടെ ഉപജീവനമാർഗ്ഗത്തെ ശക്തിപ്പെടുത്തുമെന്നും രാജ്യത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരിക പൈതൃകത്തെ സംരക്ഷിക്കുമെന്നും വ്യക്തമാക്കി.
കൈത്തറിയെ ഒരു പ്രതീകാത്മക സന്ദർഭത്തിൽ മാത്രം ഒതുക്കാതെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഓരോ കൈത്തറി ഉൽപ്പന്നത്തിനും പിന്നിൽ ഒരു നെയ്ത്തുകാരന്റെ കഠിനാധ്വാനത്തിന്റെയും നൈപുണ്യത്തിന്റെയും സമർപ്പണത്തിന്റെയും കഥ അടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ കൈത്തറി തുണിത്തരങ്ങള്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ചു. വിദേശ ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ച് ഇന്ത്യൻ ഉൽപ്പന്നങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള സ്വദേശി പ്രസ്ഥാനത്തിന് 1905 ആഗസ്റ്റ് 7-നാണ് തുടക്കമിട്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
Also Read: കേന്ദ്ര സർക്കാരിനോട് മാപ്പ് പറഞ്ഞ് സക്കർബർഗ്; മെറ്റയ്ക്കെതിരേ നടപടികൾ തുടരും
ദേശീയ കൈത്തറി ദിനം
ഇന്ത്യയുടെ കൈത്തറി പൈതൃകം പ്രദർശിപ്പിക്കുന്നതിനും രാജ്യത്തിന്റെ സാംസ്കാരികവും സാമ്പത്തികവുമായ വികസനത്തിന് നെയ്ത്ത് സമൂഹം നൽകിയ സംഭാവനകളെ ആദരിക്കുന്നതിനുമായി കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയം ന്യൂഡൽഹിയിലെ രാഷ്ടപതി ഭവൻ കൾച്ചറൽ സെന്ററിൽ ഇന്ന് 12-ാമത് ദേശീയ കൈത്തറി ദിനം ആഘോഷിക്കും.
രാഷ്ട്രപതി ദ്രൗപദി മുർമു ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. വകുപ്പ് മന്ത്രി ഗിരിരാജ് സിംഗ്, സഹമന്ത്രി പബിത്ര മർഗരിറ്റ, മന്ത്രാലയ സെക്രട്ടറി നീലം ഷമി റാവു, ഡെവലപ്‌മെന്റ് കമ്മീഷണർ (ഹാൻഡ്‌ലൂംസ്) ഡോ. എം. ബീന എന്നിവരും പങ്കെടുക്കും.
സന്ത് കബീർ ഹാൻഡ്‌ലൂം അവാർഡ് ജേതാക്കൾ, നാഷണൽ ഹാൻഡ്‌ലൂം അവാർഡ് ജേതാക്കൾ എന്നിവരും അവരുടെ കുടുംബാംഗങ്ങളും, രാജ്യത്തുടനീളമുള്ള കൈത്തറി നെയ്ത്തുകാർ, അവാർഡ് സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ, കൈത്തറി മേഖലയുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തികൾ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമപ്രതിനിധികൾ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
English Summary
PM Narendra Modi urged citizens to celebrate National Handloom Day. He called to embrace handloom products and join the GRWM trend. He emphasized that buying handloom directly empowers over 35 lakh Indian weavers and protects national heritage.