ഇഎംഎസ്സിന്റെ മകൾ ഇഎം രാധ അന്തരിച്ചു

EMS Namboodiripad's Daughter EM Radha Passes Away: ഇഎംഎസ്സിന്റെ ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇഎം രാധ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് നാളായി തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വനിതാ കമ്മിഷൻ അംഗം, വയോജന കമ്മിഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്

ഇഎംഎസ്സിന്റെ മകൾ ഇഎം രാധ അന്തരിച്ചു

Ems Namboodiripad's Daughter Em Radha Passes Away

Updated On: 

22 Nov 2026 | 02:23 PM

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ഇഎംഎസ്സിന്റെ ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇഎം രാധ (70) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് നാളായി തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദീർഘകാലം സിപിഎം അംഗമായിരുന്ന രാധ, വനിതാ കമ്മിഷൻ അംഗം, വയോജന കമ്മിഷൻ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സിപിഎം മുഖപത്രമായ ‘ദേശാഭിമാനി’യുടെ തിരുവനന്തപുരം യൂണിറ്റിൽ അഡ്മിനിസ്ട്രേഷൻ മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു ഇഎം രാധ. ഇ.എം.എസിനെക്കുറിച്ചുള്ള ഓർമകളും അനുഭവങ്ങളും പങ്കുവയ്ക്കുന്ന ‘ഇ.എം.എസ്– മകളുടെ ഓർമകൾ’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. അ‌മ്മ: ആര്യാ അന്തർജനം. ഭർത്താവ്: സി.കെ.ഗുപ്തൻ. മകൻ: സിദ്ധാർഥ് ഗുപ്തൻ.

അ‌നുശോചിച്ച് പിണറായി വിജയൻ

ഇഎംഎസിന്റെ മകൾ ഇഎം രാധയുടെ മരണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അ‌നുശോചനം രേഖപ്പെടുത്തി. അ‌ദ്ദേഹത്തിന്റെ അ‌നുസ്മരണത്തിന്റെ പൂർണ രൂപം: ഇ.എം.എസ്സിന്റെ മകളും, അരനൂറ്റാണ്ടോളം കാലം ദേശാഭിമാനിയുടെ കരുത്തുറ്റ പ്രവർത്തകയുമായിരുന്ന ഇ.എം. രാധയുടെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

ALSO READ: ADM നവീൻ ബാബുവിൻ്റെ മരണം: സിബിഐ ഇല്ല? SIT അന്വേഷണത്തിന് ശുപാർശ

ഉറച്ച രാഷ്ട്രീയ ബോധ്യത്തോടെ സി.പി.ഐ (എം)-നു വേണ്ടി ദീർഘകാലം പ്രവർത്തിച്ച കരുത്തുറ്റ സഖാവായിരുന്നു രാധ. ദേശാഭിമാനിക്ക് മുമ്പ് ചിന്തയിലും പ്രവർത്തിച്ചിരുന്നു. പൊതുരംഗത്തും അവർ സജീവ സാന്നിധ്യമായിരുന്നു. സംസ്ഥാന വനിതാ കമ്മീഷൻ അംഗമായും, പിന്നീട് വയോജന കമ്മീഷൻ അംഗമായും മികച്ച രീതിയിൽ ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ അവർക്ക് സാധിച്ചു. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ രാധയ്ക്ക് കഴിഞ്ഞിരുന്നു.

വർഷങ്ങളായി രാധയുമായി അടുത്ത വ്യക്തിബന്ധം പുലർത്തിയിരുന്നു. ഇ.എം.എസ്സിന്റെ മകൾ എന്ന നിലയിൽ തുടങ്ങിയ ആ പരിചയം പിന്നീട് ആ കുടുംബവുമായുള്ള ആത്മബന്ധമായി വളർന്നു. എപ്പോഴും ലളിതമായ പെരുമാറ്റവും വ്യക്തമായ രാഷ്ട്രീയ നിലപാടുകളും രാധയെ വ്യത്യസ്തയാക്കിയിരുന്നു. ഇഎംഎസിനെക്കുറിച്ചുള്ള മകളുടെ ഓർമ്മകൾ പുസ്തകരൂപത്തിൽ രാധ പങ്കുവെച്ചിട്ടുണ്ട്.

തന്റെ ആത്മകഥയിൽ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഒഴിവാക്കിയ ഇഎംഎസിന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും വൈകാരികമായ ഉൾക്കാഴ്ച നൽകുന്ന രചനയായാണ് ആ പുസ്തകം സ്വീകരിക്കപ്പെട്ടത്. ഇ.എം. രാധയുടെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനത്തിനും പൊതുസമൂഹത്തിനും നികത്താനാവാത്ത വലിയ നഷ്ടമാണ്. പ്രിയ സഖാവിന്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

English Summary

E.M. Radha, a social activist and the youngest daughter of former Chief Minister and CPM leader E.M.S. Namboodiripad, has passed away. She had been undergoing treatment at a hospital in Thiruvananthapuram for some time due to age-related ailments. A long-time member of the CPM, Radha also served as a member of the Women’s Commission and the Commission for the Elderly.

Loading...
Unable to load recommendations.
Follow Us
ഡിസംബറിൽ മിഥുനം ഉൾപ്പെടെ 4 രാശിക്കാർക്ക് പണവും പ്രശസ്തിയും!
മുട്ട കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
സവാളയ്ക്ക് വിലയാണേ! കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം?
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി