Chingam 1: വറുതിയുടെ കർക്കടകം മാറി; സമൃദ്ധിയുടെ പൊന്നിൻ ചിങ്ങപ്പുലരിയിലേക്ക് കണ്ണുതുറന്ന് മലയാളക്കര; കൊല്ലവർഷം 1202-ന് തുടക്കം
Chingam 1 Malayalam New Year: വറുതിയുടെയും പെയ്തൊഴിയാത്ത മഴയുടെയും കർക്കടക നാളുകൾക്ക് വിട നൽകി,ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളിലേക്ക് വെളിച്ചം വീശുന്ന പുതിയൊരു ചിങ്ങപ്പുലരിയിലേക്ക് മലയാളക്കര മിഴി തുറന്നിരിക്കുന്നു. മലയാളിയുടെ മണ്ണും മനസ്സും ഒരുപോലെ പൊന്നണിഞ്ഞു നിൽക്കുന്ന പുതിയൊരു കാർഷിക വർഷത്തിനും ഇന്ന് ആരംഭം.

Chingam 1
വറുതിയുടെയും പെയ്തൊഴിയാത്ത മഴയുടെയും കർക്കടക നാളുകൾക്ക് വിട നൽകി, ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളിലേക്ക് വെളിച്ചം വീശുന്ന പുതിയൊരു ചിങ്ങപ്പുലരിയിലേക്ക് മലയാളക്കര മിഴി തുറന്നിരിക്കുന്നു. മലയാളിയുടെ മണ്ണും മനസും ഒരുപോലെ പൊന്നണിഞ്ഞു നിൽക്കുന്ന പുതിയൊരു കാർഷിക വർഷത്തിനും ഇന്ന് ആരംഭം കുറിക്കുകയാണ്. കൊല്ലവർഷം 1202-ന്റെ ആരംഭ ദിനം കൂടിയാണ് ഇന്ന്. പ്രതീക്ഷകളുടെ പുതിയ പുലരി സമ്മാനിക്കുന്ന ഈ ദിനം ലോകമെമ്പാടുമുള്ള മലയാളി മനസ്സുകളിൽ ഓണനിലാവിന്റെ കുളിരും പുതുവർഷത്തിന്റെ ആവേശവും നിറയ്ക്കുന്നു.
മണ്ണിനെയും അധ്വാനത്തെയും സ്നേഹിക്കുന്ന കാർഷിക സംസ്കാരത്തിന്റെ പുനരവലോകനം കൂടിയാണ് മലയാളിക്ക് ചിങ്ങം ഒന്ന്. പാടങ്ങളിൽ പൊൻകതിരുകൾ വിളഞ്ഞുനിൽക്കുന്നതും, പത്തായങ്ങൾ നിറഞ്ഞൊഴുകുന്നതുമായ പഴയകാല കാർഷിക സമൃദ്ധിയുടെ ഓർമ്മപ്പെടുത്തലാണ് ഈ ദിവസം. അന്നദാതാക്കളായ കർഷകരെ ആദരിക്കുന്നതിനും, പുതിയ കൃഷിരീതികളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശികാടിസ്ഥാനത്തില്‍ ഇന്ന് പരിപാടികള്‍ സംഘടിപ്പിക്കും.
ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ
ചിങ്ങം ഒന്ന് പ്രമാണിച്ച് നിരവധി ഭക്തരാണ് പുലർച്ചെ മുതൽ സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിൽ ദർശനത്തിനായി എത്തുന്നത്. വിവിധ ക്ഷേത്രങ്ങളില്‍ വിശേഷാൽ പൂജകളും വഴിപാടുകളും ക്രമീകരിച്ചിട്ടുണ്ട്. സഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ് ഓരോ ചിങ്ങപ്പുലരിയും നല്‍കുന്നത്.
ഓണാഘോഷത്തിന്റെ തുടക്കം
ചിങ്ങം പിറക്കുന്നത് ഓണാഘോഷത്തിന്റെ വരവും കുറിക്കുന്നു. ഓണക്കോടിയും വിഭവസമൃദ്ധമായ ഓണസദ്യയും മത്സരങ്ങളും ഇനി വരാനിരിക്കുന്ന ദിനങ്ങളെ ആഘോഷനിർഭരമാക്കും. തൊടികളില്‍ തുമ്പയും തെച്ചിയും മുക്കുറ്റിയും വിരിഞ്ഞു നിൽക്കുന്ന മനോഹരമായ കാഴ്ചകൾ പ്രകൃതിയെ ഒരു മണവാട്ടിയെപ്പോലെ അണിയിച്ചൊരുക്കുന്നു.
പ്രതിസന്ധികളെ അതിജീവിച്ച്, കൂടുതൽ മെച്ചപ്പെട്ട ഒരു നാളേക്ക് വേണ്ടി കൈകോർക്കാൻ ഈ ചിങ്ങപ്പുലരി ഓർമ്മിപ്പിക്കുന്നു. ഓരോ മലയാളി മനസിലും സന്തോഷവും സമാധാനവും നിറയുന്ന നല്ലൊരു പുതുവർഷമാകട്ടെ ഇതെന്ന് ആശംസിക്കുന്നു. എല്ലാ വായനക്കാർക്കും ടിവി 9 മലയാളത്തിന്റെ ഹൃദയം നിറഞ്ഞ ചിങ്ങം 1 / മലയാള പുതുവത്സരാശംസകൾ!
ഹൃദ്യമായ ചിങ്ങം ആശംസകൾ
- മനസ്സിൽ തുമ്പപ്പൂവിന്റെ വിശുദ്ധിയോടെ, സമൃദ്ധിയുടെ ചിങ്ങമാസത്തെ വരവേൽക്കാം. പുതുവത്സരാശംസകൾ!
- പ്രതീക്ഷകളുടെ ചിങ്ങപ്പുലരി! ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.
- പൂവിളിയുടെയും പൊന്നോണത്തിന്റെയും നാളുകളിലേക്ക് വാതിൽ തുറക്കുന്ന ഈ നല്ല ദിനത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ ചിങ്ങമാസ ആശംസകൾ നേരുന്നു.
- കൃഷിയും സംസ്കാരവും മനസ്സിൽ നിറയുന്ന നല്ല നാളുകൾ വരട്ടെ… എല്ലാവർക്കും ചിങ്ങം ആശംസകള്‍
- പുതിയൊരു ചിങ്ങപ്പുലരി… പുതിയൊരു പുതുവർഷം. നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും വിജയവും കൊയ്തെടുക്കാനാകട്ടെ
- കതിരണിഞ്ഞ പാടങ്ങളും മനസില്‍ പ്രതീക്ഷകളുമായി എത്തുന്ന ഈ ചിങ്ങം ഒന്നിന് എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ
- ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ചിങ്ങപ്പുലരി ആശംസിക്കുന്നു! എല്ലാവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു.
English Summary
Chingam 1 marks the start of the Malayalam New Year and Kerala’s Farmer’s Day. It bids farewell to the monsoon hardship and ushers in an era of prosperity. Devotees visit temples today to pray for health, peace, and abundance.