AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

പണ്ടേക്ക് പണ്ടേ സുകുമാരക്കുറുപ്പ് മരിച്ചിട്ടുണ്ടാകും: പുതിയ നിഗമനം, കേരള പോലീസ് കേസ് അ‌വസാനിപ്പിക്കുന്നു

Kerala Police closes Sukumara Kurup case: വർഷങ്ങളായി കേരള പോലീസ് തിരയുന്ന പിടികിട്ടാപ്പുള്ളികളിൽ പ്രമുഖനാണ് സുകുമാരക്കുറുപ്പ്. കുറുപ്പിനെ കണ്ടു എന്ന സംശയത്തിൽ പലരും രംഗത്തെത്തുമ്പോൾ കേസ് ചൂടുപിടിക്കുകയും പിന്നീട് വീണ്ടും ഫയലുകളിൽ ഉറങ്ങുകയുമായിരുന്നു പതിവ്. ഇപ്പോൾ ഏറ്റവുമൊടുവിൽ ഏതാനും മാസം മുൻപുണ്ടായ ഒരു വെളിപ്പെടുത്തലിന്റെ അ‌ടിസ്ഥാനത്തിലാണ് സുകുമാരക്കുറുപ്പ് കേസ് വീണ്ടും പൊങ്ങിവന്നത്.

പണ്ടേക്ക് പണ്ടേ സുകുമാരക്കുറുപ്പ് മരിച്ചിട്ടുണ്ടാകും: പുതിയ നിഗമനം, കേരള പോലീസ് കേസ് അ‌വസാനിപ്പിക്കുന്നു
Kerala Police Closes Sukumara Kurup CaseImage Credit source: Special arrangement
Prasanth Kumar
Prasanth Kumar | Published: 27 Aug 2026 | 02:23 PM

തിരുവനന്തുപുരം: കേരള​ പോലീസ് വർഷങ്ങളായി അ‌ന്വേഷിച്ചുകൊണ്ടിരിക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ഇതിനകം മരിച്ചിട്ടുണ്ടാകാം എന്ന് നിഗമനം. ഹൃദ്രോഗിയായ കുറുപ്പ് വർഷങ്ങൾക്കു മുമ്പ് മരിച്ചുകാണും എന്നാണ് അന്വേഷണ സംഘത്തിന്റെ ഏറ്റവും ഒടുവിലെ നിഗമനം. ഇതുമായി ബന്ധപ്പെട്ട് ഏതാനും ചില വിവരങ്ങൾ‌ കൂടി പരിശോധിച്ച ശേഷം അന്തിമ റിപ്പോർട്ട് നൽകി അന്വേഷണം അ‌വസാനിപ്പിക്കാൻ പോലീസ് തയാറെടുക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. പുതിയ അന്വേഷണസംഘം ക്രൈംബ്രാഞ്ച് മേധാവിക്ക് ഉടൻ റിപ്പോർട്ട് നൽകും. ഉന്നത ആലോചനയ്ക്ക് ശേഷമാണ് അന്വേഷണം അവസാനിപ്പിക്കാൻ അ‌ന്തിമ തീരുമാനമാകുക.

വർഷങ്ങളായി കേരള പോലീസ് തിരയുന്ന പിടികിട്ടാപ്പുള്ളികളിൽ പ്രമുഖനാണ് സുകുമാരക്കുറുപ്പ്. കുറുപ്പിനെ കണ്ടു എന്ന സംശയത്തിൽ പലരും രംഗത്തെത്തുമ്പോൾ കേസ് ചൂടുപിടിക്കുകയും പിന്നീട് വീണ്ടും ഫയലുകളിൽ ഉറങ്ങുകയുമായിരുന്നു പതിവ്. ഇപ്പോൾ ഏറ്റവുമൊടുവിൽ ഏതാനും മാസം മുൻപുണ്ടായ ഒരു വെളിപ്പെടുത്തലിന്റെ അ‌ടിസ്ഥാനത്തിലാണ് സുകുമാരക്കുറുപ്പ് കേസ് വീണ്ടും പൊങ്ങിവന്നത്.

Also Read: ഓണം ബമ്പറെടുത്തോ? ദേ നറുക്കെടുപ്പ് ഇങ്ങെത്തി, അവസരം പാഴാക്കല്ലേ

തീരുമാനമാകാത്ത കേസുകൾ തീർപ്പാക്കുന്നതിൻറെ ഭാഗമായും വെളിപ്പെടുത്തലിന്റെയും പശ്ചാത്തലത്തിൽ മൂന്നു മാസം മുൻപാണ് സുകുമാരക്കുറുപ്പിൻ്റെ ഫയൽ പോലീസ് വീണ്ടും തുറന്നത്. കൊലയ്ക്ക് ശേഷം മുങ്ങിയ കുറുപ്പിനെ കണ്ട ഏക മലയാളിയും ജാർഖണ്ഡിൽ നഴ്സുമായിരുന്ന ആലപ്പുഴക്കാരി രത്നമ്മയുടെ മൊഴികൾ വിലയിരുത്തിയ ശേഷമാണ് ഇപ്പോൾ കുറുപ്പ് മരിച്ചിട്ടുണ്ടാകാം എന്ന നിഗമനത്തിലേക്ക് അ‌ന്വേഷണ സംഘം എത്തിയിരിക്കുന്നത്.

രത്നമ്മ ജോലി ചെയ്ത ആശുപത്രിയിൽ ഹൃദ്രോഗത്തെ തുടർന്ന് ഐസിയുവിലായിരുന്നു കുറുപ്പ്. ആ സമയം ഏകദേശം 40 വയസ് കുറുപ്പിനുണ്ടായിരുന്നു. രത്നമ്മ കുറുപ്പിനെ കണ്ടു എന്ന് പറയുന്ന സമയത്ത് അയാളുടെ പ്രായവും രോഗവും വെച്ച് നോക്കിയാൽ അ‌ന്നുമുതൽ ഇന്നുവരെയുള്ള ഏതാണ്ട് 40 വർഷക്കാലം കുറുപ്പ് ജീവിച്ചിരിക്കാൻ സാധ്യത വളരെ കുറവാണ് എന്ന വിലയിരുത്തിലിലാണ് അന്വേഷണ സംഘം.

കുറുപ്പിൻറെ ഭാര്യ ഉൾപ്പടെയുള്ളവർക്ക് അദ്ദേഹവുമായി ഒരു ബന്ധമില്ലെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിൽ ഇനി കേസിൽ തുടർ നടപടി വേണ്ടന്ന നിഗമനത്തിൽ അ‌ന്വേഷണ സംഘം എത്തി എന്നാണ് റിപ്പോർട്ട്. 1984 ജനുവരി 22ന്, സ്വന്തം പേരിലുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി താൻ മരിച്ചുവെന്ന് വരുത്താൻ നിരപരാധിയായ ചാക്കോയെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തി കാറിലിട്ട് കത്തിച്ചു എന്നതായിരുന്നു കേസ്.

പ്രാഥമിക അന്വേഷണത്തിൽ കാറിലുണ്ടായിരുന്നത് സുകുമാരക്കുറുപ്പാണെന്ന് കരുതപ്പെട്ടിരുന്നെങ്കിലും, പൊലീസിന്റെ ശാസ്ത്രീയ അന്വേഷണത്തിലും ചാക്കോയുടെ ഭാര്യയുടെ പരാതിയെത്തുടർന്നും സത്യം പുറത്തുവന്നു. ഒളിവിൽപ്പോയ കുറുപ്പിനായി കേരള പോലീസ് പലവട്ടം അ‌ന്വേഷണങ്ങൾ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. കേസിൽ കുറുപ്പിന്റെ അളിയൻ ഭാസ്‌കരപിള്ള, ഡ്രൈവർ പൊന്നപ്പൻ എന്നിവർ ഉൾപ്പെടെയുള്ള കൂട്ടാളികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

English Summary

It is believed that the fugitive Sukumara Kurup, who has been on the run for years by the Kerala Police, may have already died. The investigation team’s latest conclusion is that Kurup, who suffered from a heart condition, may have died years ago. New reports say that the police are preparing to conclude the investigation by submitting a final report after examining a few more details in this regard.

Follow Us