Kerala Rain Alert: ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി; ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Rain Alert Today: കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മധ്യപ്രദേശിനും രാജസ്ഥാനും മുകളിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചതാണ് നിലവിൽ മഴയ്ക്കുള്ള കാരണം.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയെന്ന് (Kerala Rain Alert) കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇതിൻ്റെ പശ്ചാതലത്തിൽ ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് (yellow alert) പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മധ്യപ്രദേശിനും രാജസ്ഥാനും മുകളിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചതാണ് നിലവിൽ മഴയ്ക്കുള്ള കാരണം. ഇത് നാളെയോടെ തെക്കൻ രാജസ്ഥാനും ഗുജറാത്തിനും മുകളിൽ വീണ്ടും അതിതീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിച്ച് അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
നിലവിൽ ബംഗ്ലാദേശിന് മുകളിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചിട്ടുണ്ട്. തെക്കൻ ഗുജറാത്ത് മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നുണ്ടെന്നാണ് വിവരം. ഇതിൻറെ സ്വാധീനത്തിൽ ഗുജറാത്ത് മുതൽ കേരള തീരം വരെ കാലവർഷക്കാറ്റ് സജീവമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിൽ പൊതുവെ സാധാരണ മഴ ലഭിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.
ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 50 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം കേരളത്തിൻറെയും ലക്ഷദ്വീപിൻറെയും തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ നിലവിൽ തടസ്സമില്ല.
എന്നാൽ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ നിർദ്ദേശം. നാളെവരെ കർണാടക തീരത്ത് 35 മുതൽ 45 കിലോമീറ്റർ വരെയും പരമാവധി 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് നിർദ്ദേശത്തിൽ പറയുന്നത്.
നാളെയും വ്യാഴാഴ്ചയും മധ്യപടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് പ്രവചനം. ബുധനാഴ്ച വരെ മധ്യ കിഴക്കൻ അറബിക്കടലിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും ചിലപ്പോൾ 65 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഇവിടെയും മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദ്ദേശം.
വരും ദിവസങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ
26 തിങ്കൾ: കോഴിക്കോട്, കണ്ണൂർ, കാസർകോട്
27 ചൊവ്വ: കണ്ണൂർ, കാസർകോട്
28 ബുധൻ: കോഴിക്കോട്, കണ്ണൂർ, കാസർകോട്
29 വ്യാഴം: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം
- ഇടിമിന്നലിൻ്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
- ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ വീടിൻ്റെ ജനലും വാതിലും അടച്ചിടുകയുടെ അവയുടെ അടുത്ത്
- നിൽക്കാതെയിരിക്കുകയും ചെയ്യുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാനും ശ്രമിക്കുക.
- ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കാൻ മറക്കരുത്. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കാൻ ശ്രമിക്കുക.
- ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
- കുട്ടികൾ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
ജാഗ്രതാ നിർദ്ദേശം
- കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
- മൽസ്യബന്ധനോപധികൾ സുരക്ഷിതമായ സ്ഥലങ്ങളിൽ വെക്കണം.
- അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരുംസുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.
- സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കുക
- ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കണം.