Kerala Welfare Pension: പെൻഷൻ ഇനി വീട്ടിലെത്തില്ല, അക്കൗണ്ട് വഴി മാത്രം; ബാധിക്കുന്നത് ആരെയെല്ലാം?
Welfare Pension Distribution Update: ക്ഷേമ പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കുന്നത് വഴി പെൻഷൻ വീടുകളിൽ എത്തിക്കുന്നതിലും തടസ്സം നേരിട്ടേക്കും. ആകെ പെൻഷൻ വാങ്ങുന്ന 52 ലക്ഷത്തോളം പേരിൽ 23 ലക്ഷവും ഇങ്ങനെ നേരിട്ട് വാങ്ങുന്നവരാണ്. പുതിയ തീരുമാനത്തിനെതിരെ സംസ്ഥാനത്ത് എതിർപ്പ് രൂക്ഷമാകുമെന്നാണ് നിഗമനം.
തിരുവനന്തപുരം: സാമൂഹിക സുരക്ഷാപെൻഷൻ സഹകരണ ബാങ്കുകൾ വഴി വിതരണം ചെയ്യുന്നത് നിർത്തലാക്കാൻ സർക്കാർ. ആധാർ ലങ്ക് ചെയ്ത ബാങ്ക് അക്കൌണ്ടുകളിലുൂടെ മാത്രം ക്ഷേമ പെൻഷൻ വിതരണം നടത്തിയാൽ മതിയെന്നാണ് സർക്കാർ നിലപാട്. ഇതോടെ പെൻഷൻ വിതരണം വാണിജ്യ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രമാകും. ഇത് തത്വത്തിൽ അംഗീകരിച്ച് ധനവകുപ്പ് ഉത്തരവിറക്കി. എന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
പെൻഷൻ വീടുകളിൽ എത്തില്ലേ?
ക്ഷേമ പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കുന്നത് വഴി പെൻഷൻ വീടുകളിൽ എത്തിക്കുന്നതിലും തടസ്സം നേരിട്ടേക്കും. വീട്ടിലെ പെൻഷൻ വിതരണം ഇനി കിടപ്പ് രോഗികൾ അടക്കം ഒഴിവാക്കാനാകാത്തവർക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് തീരുമാനം. സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്റുമാർ വഴിയായിരുന്നു പെൻഷൻ വീട്ടിലെത്തിച്ചിരുന്നത്.
വിമർശനമുയരും?
പുതിയ തീരുമാനത്തിനെതിരെ സംസ്ഥാനത്ത് എതിർപ്പ് രൂക്ഷമാകുമെന്നാണ് നിഗമനം.
ആകെ പെൻഷൻ വാങ്ങുന്ന 52 ലക്ഷത്തോളം പേരിൽ 23 ലക്ഷവും ഇങ്ങനെ നേരിട്ട് വാങ്ങുന്നവരാണ്. കിടപ്പുരോഗികൾക്കുപുറമേ അംഗപരിമിതർക്കും അവശരായവർക്കും ആശ്രയിക്കാൻ വിശ്വസ്തരില്ലാത്തവർക്കും സമീപത്ത് ബാങ്കുകളോ എ.ടി.എമ്മുകളോ ഇല്ലാത്തവർക്കുമെല്ലാം ഇത് പ്രയോജനപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ, പുതിയ തീരുമാനം വലിയ ഭൂരിപക്ഷത്തെ ബാധിക്കും.
ALSO READ: സർക്കാർ ജീവനക്കാർക്ക് ഓണസമ്മാനം! ശമ്പളവും പെൻഷനും ഓഗസ്റ്റ് 24-ന്
വീടുകളിൽ പെൻഷൻ എത്തിക്കുന്നത് കിടപ്പ് രോഗികൾ അടക്കം ഒഴിവാക്കാനാകാത്തവർക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് തീരുമാനം. ഇത് നടപ്പിലാക്കാൻ കിടപ്പുരോഗികള വേർതിരിച്ച് കണ്ടെത്തണം. അതിന് മാനദണ്ഡങ്ങൾ നിശ്ചയിക്കണം. കൂടാതെ, നേരിട്ട് പെൻഷൻ എത്തിക്കുന്നത് പരിമിതപ്പെടുത്തുന്നതോടെ അംഗപരിമിതർ, അവശർ, പ്രായമേറിയവർ തുടങ്ങിയ ഗുണഭോക്താക്കൾ ബാങ്കുകളിലോ എ.ടി.എമ്മിലോ എത്തേണ്ടിവരും.
വാണിജ്യ ബാങ്കുകളിൽ അക്കൗണ്ട് ഇല്ലാത്തവർ പുതിയ അക്കൗണ്ട് എടുക്കണം. അതുപോലെ, ഇത്തരം നടപടികൾ അറിയാത്തവർ മറ്റാരെയെങ്കിലും ആശ്രയിക്കണം. ഇത്തരത്തിൽ ധാരാളം കടമ്പകൾ കടന്നു മാത്രമേ പുതിയ ഉത്തരവ് പൂർണമായും നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ.
തീരുമാനത്തിന് പിന്നിൽ…
പെൻഷൻ വിതരണം ചെയ്യുന്ന സാമൂഹിക സുരക്ഷാ പെൻഷൻ കമ്പനി ആവശ്യപ്പെട്ടത് അനുസരിച്ചാണ് പെൻഷൻ വിതരണം അക്കൗണ്ട് വഴിയാക്കുന്നത്. വീട്ടിലെത്തിക്കാൻ നൽകുന്ന പണത്തിൽ വിതരണം ചെയ്യാത്തത് സഹകരണ സംഘങ്ങൾ തിരിച്ചടയ്ക്കാൻ വൈകുന്നു, സഹകരണ ബാങ്കുകളെ ഒഴിവാക്കുന്നതിലൂടെ ഇൻസെന്റീവായി നൽകുന്ന പണം ലാഭിക്കാം, പെൻഷൻ വീട്ടിലെത്തിക്കുന്നത് കേന്ദ്രത്തിന്റെ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി) സംബന്ധിച്ച നിർദേശങ്ങൾക്ക് എതിരാണ്. ഇത് പാലിക്കാത്തതിനാൽ കേന്ദ്രസർക്കാർ ഈയിനത്തിൽ നൽകുന്ന സഹായധനം സംസ്ഥാനത്തിന് നഷ്ടമാകുന്നു, പെൻഷൻ വിതരണം പൂർണമായും ആധാർ അധിഷ്ഠിതമല്ലാത്തതിനാൽ അർഹതയില്ലാത്തവർക്കും ഒരേ വ്യക്തിക്ക് ഒന്നിലധികം തവണയും പെൻഷൻ ലഭിക്കുന്നു, തുടങ്ങിയ കാരണങ്ങളാണ് കമ്പനി ചൂണ്ടിക്കാണിക്കുന്നത്.
ഏജന്റുമാർക്ക് നഷ്ടം
1625 സംഘങ്ങളിലെ അയ്യായിരത്തോളം ഏജന്റുമാരാണ് പെൻഷൻ വിതരണംചെയ്തിരുന്നത്. പെൻഷൻ വീട്ടിലെത്തിക്കുന്നതിന് സർക്കാർ ഇൻസെന്റീവ് നൽകുന്നുണ്ട്. ഒരാൾക്ക് പെൻഷൻ എത്തിച്ചാൽ ഏജന്റിന് 25 രൂപയും സംഘത്തിന് അഞ്ചുരൂപയും സർക്കാർ ഇൻസെന്റീവായി നൽകിയിരുന്നു. പുതിയ തീരുമാനത്തോടെ ഇവർക്ക് വരുമാനനഷ്ടമുണ്ടാകും.
English Summary:
Kerala government has decided to exclude cooperative banks from the direct distribution of social welfare pensions and shift the payment system primarily to Aadhaar-linked accounts in nationalised banks. New system marks a significant change from the previous practice, under which cooperative societies and their collection agents played a major role in delivering pensions to beneficiaries’ homes.