15 വർഷത്തിനിടെ 7 മരണം: ബ്രെയിൻ മാപ്പിങ്ങിൽ തെളിഞ്ഞ് കരമന കൂടത്തിൽ കുടുംബ കൊലപാതകം; കാര്യസ്ഥൻ അറസ്റ്റിൽ
Mysterious death in the Karamana Koodathil family- Caretaker arrested: കരമന കൂടത്തിൽ ജയമാധവൻ നായരുടെ ദുരൂഹമരണത്തിൽ ഒൻപത് വർഷത്തിന് ശേഷം ഒടുവിൽ പ്രതി പിടിയിൽ. കൂടത്തിൽ കുടുംബത്തിലെ കാര്യസ്ഥൻ രവീന്ദ്രൻ നായരാണ് കേസിൽ അറസ്റ്റിലായത്. ഒമ്പത് വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ, ബ്രെയിൻ മാപ്പിങ്ങിലൂടെയാണ് കൊലപാതകത്തിലെ പ്രതിയുടെ പങ്ക് കണ്ടെത്തിയതെന്ന് തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് അറിയിച്ചു.

Mysterious Death In The Karamana Koodathil Family Caretaker Arrested
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറെ ദുരൂഹത ഉണർത്തിയ കൊലപാതക പരമ്പരകളിലെന്നിന്റെ ചുരുൾ ബ്രെയിൻ മാപ്പിങ്ങിലൂടെ അഴിഞ്ഞിരിക്കുന്നു. കരമന കൂടത്തിൽ ജയമാധവൻ നായരുടെ ദുരൂഹമരണത്തിൽ ഒൻപത് വർഷത്തിന് ശേഷം ഒടുവിൽ പ്രതി പിടിയിൽ. കൂടത്തിൽ കുടുംബത്തിലെ കാര്യസ്ഥൻ രവീന്ദ്രൻ നായരാണ് കേസിൽ അറസ്റ്റിലായത്. ഒമ്പത് വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ, ബ്രെയിൻ മാപ്പിങ്ങിലൂടെയാണ് കൊലപാതകത്തിലെ പ്രതിയുടെ പങ്ക് കണ്ടെത്തിയതെന്ന് തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് അറിയിച്ചു. ചൊവ്വാഴ്ച ചോദ്യംചെയ്യലിനായി രവീന്ദ്രൻ നായരെ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
15 വർഷത്തിനിടെ കൂടത്തിൽ കുടുംബത്തിൽ നടന്ന ഏഴ് മരണങ്ങൾ സംബന്ധിച്ച് ദുരൂഹത ഉടലെടുത്തിരുന്നു. ഈ ദുരൂഹതകൾ ശക്തിപ്രാപിക്കുന്നത് കുടുംബത്തിലെ അവസാന കണ്ണിയായിരുന്ന ജയമാധവൻ നായരുടെ മരണവുമായി ബന്ധപ്പെട്ടാണ്. കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയ്ക്ക് പിന്നാലെയാണ് കരമന കൂടത്തിൽ കുടുംബത്തിലെ മരണങ്ങളുടെ ദുരൂഹതകൾ സംബന്ധിച്ച സംശയങ്ങൾ ശക്തിപ്രാപിച്ചത്.
കൂടത്തിൽ കുടുംബാംഗം ജയമാധവൻ നായരുടെ മരണത്തിൽ അസ്വാഭാവികത ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ 2017-ലാണ് കേസ് രജിസ്റ്റർ ചെയ്തത്. 15 വർഷത്തിനിടെ ഈ കുടുംബത്തിൽ നടന്ന ഏഴ് ദുരൂഹമരണങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും ജയമാധവൻനായുടേത് ഒഴികെയുള്ള മരണങ്ങളിൽ തെളിവുകൾ കണ്ടെത്താനായിരുന്നില്ല. പക്ഷേ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ജയമാധവൻനായുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. ഫോറൻസിക് റിപ്പോർട്ടാണ് കേസിൽ വഴിത്തിരിവായത്.
കുടുംബത്തെ ഇല്ലാതാക്കി കൊണ്ട് ഭൂമി തട്ടിയെടുക്കുകയായിരുന്നു പ്രതി ലക്ഷ്യമിട്ടിരുന്നത്. കോടികളുടെ സ്വത്തിന് അനന്തരവകാശികളാകേണ്ട ഏഴു പേർ ആണ് 15 വർഷത്തിനിടെ മരിച്ചത്. ഗോപിനാഥ പിള്ള, ഭാര്യ സുമുഖിയമ്മ, മക്കളായ ജയബാലകൃഷ്ണൻ, ജയപ്രകാശ്, ജയശ്രീ, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നിവരാണ് ദുരുഹസാഹചര്യത്തിൽ മരിച്ചത്.
ഇതിൽ ഏറ്റവും ഒടുവിൽ നടന്നതാണ് ജയമാധവൻ നായരുടെ മരണം. കുടുംബത്തിലെ അവസാനത്തെ കണ്ണിയായിരുന്നു ജയമാധവൻ നായർ. കട്ടിലിൽനിന്ന് വീണ് തലയ്ക്ക് പരിക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജയമാധവൻ നായർ മരിച്ചുവെന്നാണ് കാര്യസ്ഥനായ രവീന്ദ്രൻ നായർ ബന്ധുക്കളോട് പറഞ്ഞത്. ഇതിൽ സംശയം തോന്നിയ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിൽ കൂടത്തിൽ കുടുംബത്തിന്റെ സ്വത്തുക്കൾ രവീന്ദ്രൻ നായരുടെയും ഇയാളുടെ ബന്ധുക്കളുടെയും പേരിൽ ഇഷ്‌ടദാനം എഴുതിയതായി കണ്ടെത്തി. ഇതോടെ കുടുംബാംഗങ്ങളുടെ മരണം കൊലപാതകമാണെന്നും രവീന്ദ്രനു പങ്കുണ്ടെന്നുമുള്ള ആരോപണങ്ങൾ ശക്തമായി. ആധാരത്തിൽ സാക്ഷികളായി ഒപ്പിട്ടവരുടെ മൊഴികളിലെ വൈരുധ്യവും തൊട്ടടുത്ത് ആശുപത്രിയുണ്ടായിട്ടും ദൂരെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയതും ക്രൈംബ്രാഞ്ചിന്റെ സംശയം വർധിപ്പിച്ചു. തുടർന്നാണ് ഏറ്റവുമൊടുവിൽ ബ്രെയിൻ മാപ്പിങ് പരിശോധനയിലൂടെ ഈ കൊലപാതകവിവരങ്ങൾ പുറത്തുവരികയും അറസ്റ്റ് ഉണ്ടാകുകയും ചെയ്തിരിക്കുന്നത്.
English Summary
Nine years after the mysterious death of Jayamadhavan Nair of the Karamana Koodathil family, the accused has finally been apprehended. Raveendran Nair, the family’s caretaker, was arrested in connection with the case. The Thiruvananthapuram District Crime Branch stated that the accused’s involvement in the murder was uncovered through brain mapping following a nine-year-long investigation.