AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

‘ബാപ്പ’യുടെ സ്വാധീനത്തിന്റെ ലക്ഷണങ്ങളോ! ആലപ്പുഴക്കാരായ മന്ത്രിമാർ കോടീശ്വരന് വഴങ്ങരുതെന്ന് ഗോപികയുടെ കുടുംബം

Nedumbassery accident: ഗുരുതരമായ കുറ്റകൃത്യം നടത്തിയിട്ടും പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റിയതിൽ ഗോപികയുടെ കുടുംബം ദുരൂഹത സംശയിക്കുന്നു. ഗോപികയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത് തുന്നിക്കെട്ടിയശേഷം വീണ്ടും രക്തസാമ്പിൾ ശേഖരിച്ചതിലും കുടുംബം ദുരൂഹത കാണുന്നുണ്ട്. പാവപ്പെട്ട കുടുംബത്തിൽ നിന്നുള്ള ഗോപികയ്ക്ക് നീതി കിട്ടുമോ എന്നതിൽ ഭയമുണ്ടെന്ന് അച്ഛൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ബാപ്പ’യുടെ സ്വാധീനത്തിന്റെ ലക്ഷണങ്ങളോ! ആലപ്പുഴക്കാരായ മന്ത്രിമാർ കോടീശ്വരന് വഴങ്ങരുതെന്ന് ഗോപികയുടെ കുടുംബം
Nedumbassery Accident Accused Suhail, Deceased Gopika, Gopika's FamilyImage Credit source: Special arrangement
Prasanth Kumar
Prasanth Kumar | Published: 13 Oct 2026 | 04:12 PM

പാലക്കാട്: നെടുമ്പാശേരിയിൽ മദ്യപിച്ച് കാറോടിച്ച്, 19 വയസുകാരൻ മൂന്ന് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇപ്പോൾ നടക്കുന്ന തുടർനടപടികളിൽ സംശയം പ്രകടിപ്പിച്ച് കൊല്ലപ്പെട്ട പെൺകുട്ടികളിലൊരാളായ ഗോപികയുടെ കുടുംബം രംഗത്തെത്തി. ആലപ്പുഴ ആലിശ്ശേരി നൂഹ് മൻസിലിൽ സുഹൈൽ (19) ഓടിച്ച കാർ ഇടിച്ച്, കൽപറ്റ മടക്കിമല താഴെവീട്ടിൽ സന്തോഷ് കുമാറിന്റെയും സരിതയുടെയും മകൾ ദേവിക (കുക്കു (21), മണ്ണാർക്കാട് എടക്കുറിശ്ശി നെല്ലാറ്റ കരിമ്പ മുള്ളങ്കുഴി വീട്ടിൽ എംആർ പ്രദീപ്കുമാറിന്റെയും സജിതയുടെയും മകൾ എം.പി. ഗോപിക (21), സുള്ള്യ കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെയും റുക്കിയയുടെയും മകൻ ഇയാസ് (21) എന്നിവരാണ് മരിച്ചത്. അ‌പകടത്തിന് പിന്നാലെ സംഭവസ്ഥലത്തുവച്ച് ഓടിക്കൂടിയ നാട്ടുകാരോട് മദ്യലഹരിയിലായിരുന്ന പ്രതി സു​ഹൈൽ ”ബാപ്പ നോക്കിക്കൊള്ളും” എന്ന് ആക്രോശിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇപ്പോൾ ഈ​ കേസുമായി ബന്ധപ്പെട്ട് നടക്കുന്ന വിവിധ നീക്കങ്ങൾ സംശയകരവും പ്രതി ആക്രോശിച്ചതു പോലെ സ്വാധീനത്തിന് വഴങ്ങിയുള്ളതുമാണോ എന്നാണ് കൊല്ലപ്പെട്ട ഗോപികയുടെ കുടുംബം സംശയിക്കുന്നത്. മദ്യപിച്ചിരുന്നതായും, അ‌മിത വേഗതയിലാണ് കാർ ഓടിച്ചത് എന്നതും പ്രതി തന്നെ സമ്മതിച്ചു. എന്നിട്ടും സുഹൈലിന്റെ പേര് എഫ്ഐആറിൽ ഇല്ലെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്.

Also Read: നെടുമ്പാശ്ശേരി വാഹനാപകടം; മദ്യപിച്ച് വാഹനമോടിച്ചതും, പ്രതിയുടെ പേരും എഫ്ഐആറിൽ ഇല്ല

മാത്രമല്ല, ആലുവ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത സു​ഹൈലിനെ ജയിലിനോടു ചേർന്നുള്ള ബോർസ്റ്റൽ സ്കൂൾ അ‌ഥവാ ദുർഗുണ പരിഹാര പാഠശാലയിലേക്കാണ് മാറ്റിയത്. ഇതിനെയും കുടുംബം സംശയത്തോടെയാണ് നോക്കിക്കാണുന്നത്. ഗുരുതരമായ കുറ്റകൃത്യം നടത്തിയിട്ടും പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റിയതിൽ ഗോപികയുടെ കുടുംബം ദുരൂഹത സംശയിക്കുന്നു.

ഗോപികയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത് തുന്നിക്കെട്ടിയശേഷം വീണ്ടും രക്തസാമ്പിൾ ശേഖരിച്ചതിലും കുടുംബം ദുരൂഹത കാണുന്നുണ്ട്. പാവപ്പെട്ട കുടുംബത്തിൽ നിന്നുള്ള ഗോപികയ്ക്ക് നീതി കിട്ടുമോ എന്നതിൽ ഭയമുണ്ടെന്ന് അച്ഛൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടാവുന്നു. മുകളിൽനിന്ന് അവർക്ക് സമ്മർദം വരുന്നുണ്ടെന്ന് പറയപ്പെടുന്നുണ്ട്. അതെല്ലാം നീതിലഭിക്കുന്നതിന് തടസ്സമാകുമെന്നാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴക്കാരായ മന്ത്രിമാർ ആലപ്പുഴക്കാരായ കോടീശ്വരന്‍റെ സ്വാധീനത്തിന് വഴങ്ങരുതെന്ന് കുടുംബം അപേക്ഷിച്ചു. ആഭ്യന്തരമന്ത്രിയുടെതന്നെ മണ്ഡലത്തിൽപ്പെടുന്നയാളാണ് പ്രതിയെന്നാണ് തനിക്കറിയാൻ കഴിഞ്ഞത്. മുകളിൽ സ്വാധീനം ചെലുത്താൻ കഴിവുള്ളതുകൊണ്ടുതന്നെയായിരിക്കും പ്രതി എല്ലാം വാപ്പ നോക്കിക്കോളും എന്നുപറഞ്ഞത്. അത് ഈ കാര്യത്തിൽ വളരെ നന്നായി ഉപയോഗിക്കുന്നുണ്ട് എന്ന് ഗോപികയുടെ കുടുംബം ആരോപിച്ചു.

തങ്ങളെയും മരിച്ച മകളെയും സാമൂഹികമാധ്യമംവഴി താറടിക്കാനുള്ള ശ്രമങ്ങളും സജീവമായി നടക്കുന്നുണ്ട് എന്ന് ഗോപികയുടെ കുടുംബം ആരോപിച്ചു. ”വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികലയടക്കം എന്തെല്ലാം വൃത്തികേടുകളാണ് സമൂഹത്തോട് പറയുന്നത്. മാനുഷികമായ മര്യാദ കുടുംബത്തോട് കാണിക്കണം. ഞങ്ങളുടെ കുടുംബത്തിനും കുട്ടിക്കുമെതിരെ ശശികല പറഞ്ഞ വൃത്തികേടുകൾ ആയിരക്കണക്കിന് പേരാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്. രാഷ്ട്രീയ നേതാക്കളടക്കം മര്യാദ കാണിക്കണം”.

”മുസ്ലിമായ വ്യക്തിയുടെ കൂടെ ഹിന്ദു പെൺകുട്ടി പോയതെന്തിനാണെന്നാണ് ചോ​ദിക്കുന്നത്.ഇതൊക്കെ അങ്ങേയറ്റം മോശമായ കാര്യമാണ്. ഇവർക്കും മക്കളില്ലേ”- എന്ന് ​ഗോപികയുടെ കുടുംബം ചോദിച്ചു. ഗോപികയുടെ അച്ഛൻ പ്രദീപ് പാലക്കാട് കരിമ്പയിൽ ഓട്ടോറിക്ഷ തൊഴിലാളിയാണ്. അമ്മ സജിത റബ്ബർ ഷീറ്റ് കടയിലാണ് ജോലി ചെയ്യുന്നത്. എറണാകുളത്ത് പഠനത്തിനൊപ്പം പാർട് ​ടൈം ജോലി ചെയ്താണ് ഗോപിക മുന്നോട്ട് പോയിരുന്നത്. പ്രതിയുടെ സാമ്പത്തിക സ്വാധീനം ഈ കേസിനെ അ‌ട്ടിമറിച്ച് തങ്ങളുടെ മകൾക്ക് നീതി കിട്ടാതെ പോകുമോ എന്ന ശക്തമായ ആശങ്കയാണ് കുടുംബം മുന്നോട്ട് വച്ചിരിക്കുന്നത്.

English Summary

The family of Gopika, who died in the Nedumbassery car accident, has come forward expressing suspicion that attempts are being made to shield the accused. They are concerned that their daughter might be denied justice due to the financial influence wielded by the accused, Suhail. The family states that the current proceedings regarding the case reinforce their fears that the investigation could be subverted.

Follow Us