Rahul Mamkootathil: ‘കുടുംബ ജീവിതം തകര്‍ത്തു; വിവാഹിതയെന്നറിഞ്ഞിട്ടും വഴിവിട്ട ബന്ധം’; രാഹുലിനെതിരേ പരാതിനൽകി അതിജീവിതയുടെ ഭർത്താവ്
Rahul Mamkootathil Faces New Allegations: രാഹുൽ തന്റെ കുടുംബ ജീവിതം തകർത്തുവെന്നും വിവാഹിതയാണെന്നറിഞ്ഞിട്ടും തന്റെ ഭാര്യയുമായി രാഹുൽ വഴിവിട്ട ബന്ധം സ്ഥാപിച്ചെന്നും പരാതിയിൽ പറയുന്നു. തനിക്ക് വലിയ നാശനഷ്ടം രാഹുൽ കാരണം സംഭവിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്.
പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതി. രാഹുലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ അതിജീവിതയുടെ ഭർത്താവാണ് പരാതി നൽകിയത്. മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കുമാണ് പരാതി നൽകിയത്. രാഹുൽ തന്റെ കുടുംബ ജീവിതം തകർത്തുവെന്നും വിവാഹിതയാണെന്നറിഞ്ഞിട്ടും തന്റെ ഭാര്യയുമായി രാഹുൽ വഴിവിട്ട ബന്ധം സ്ഥാപിച്ചെന്നും പരാതിയിൽ പറയുന്നു. തനിക്ക് വലിയ നാശനഷ്ടം രാഹുൽ കാരണം സംഭവിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്.
രണ്ട് മാസം മാത്രം നീണ്ട കുടുംബജീവിതം തകരാൻ കാരണം രാഹുലാണെന്നും യുവാവ് പറയുന്നു. തന്റെ അസാന്നിധ്യം അവസരമാക്കിയെടുത്ത് രാഹുൽ തന്റെ ഭാര്യയെ വശീകരിച്ചു. താനും ഭാര്യയുമായുള്ള പ്രശ്നം തീർക്കാനാണ് രാഹുൽ ശ്രമിച്ചെന്നായിരുന്നു വാദം. എന്നാൽ ഇത്തരം ഒരു നീക്കവും രാഹുലിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും തന്റെ സ്വകാര്യജീവിതമടക്കം പൊതുമധ്യത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. മാനസികമായി തകർച്ചയിലേക്ക് നയിച്ചുവെന്നും കുടുംബത്തിന്റെ അഭിമാനത്തിന് ക്ഷതമേറ്റുവെന്നും പരാതിയിൽ പറയുന്നു.രാഹുലിനെതിരേ ബിഎൻഎസ് 84 പ്രകാരം കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
Also Read:ഉണ്ണികൃഷ്ണൻ പോറ്റിക്ക് സോണിയാ ഗാന്ധിയുമായുള്ള ബന്ധം ഞെട്ടിക്കുന്നത്; വി ശിവൻകുട്ടി
അതേസമയം രാഹുലിനെതിരെ അതിജീവിത നൽകിയ മൊഴിയിൽ ഗുരുതര ആരോപണങ്ങളാണ് രേഖപ്പെടുത്തിയത്. ഭീഷണിപ്പെടുത്തി ഗർഭച്ഛിദ്രം നടത്തിയെന്നാണ് യുവതി നൽകിയ മൊഴിയിൽ പറയുന്നത്. കുട്ടിയുണ്ടായാൽ രാഷ്ട്രീയ ഭാവി നശിക്കുമെന്നു പറഞ്ഞുവെന്നും എതിർത്തപ്പോൾ ചീത്ത വിളിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മൊഴിയിൽ പറയുന്നുണ്ട്.അതിനിടെ രാഹുലിന്റെ നിര്‍ദേശപ്രകാരം ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക കൈമാറിയെന്ന് ആരോപിച്ച് രണ്ടാം പ്രതി ജോബി ജോസഫിനെതിരെയുള്ള കേസിൽ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.