കേരളത്തിന്റെ ‘ചുങ്കപ്പാത’! NH66: കാസർകോട് മുതൽ തിരുവനന്തപുരം വരെ 13 ടോൾ ബൂത്ത്, പിരിക്കാൻ ക്യാമറ
NH 66 Kerala toll booths full list: സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ദേശീയ പാതാ നിർമാണം പൂർത്തിയാകുമ്പോൾ ദേശീയപാത 66-ൽ കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം ജില്ലാ അതിർത്തിയായ കാരോട് വരെയുള്ള ടോൾ പ്ലാസകളുടെ എണ്ണം 13 ആയി ഉയരും. നിലവിലുള്ള 5 ടോൾ ബൂത്തുകൾക്ക് പുറമേ പുതിയ 8 ടോൾ പ്ലാസകൾ കൂടി പ്രവർത്തനം ആരംഭിക്കും. അരൂർ- തുറവൂർ 12.75 കിലോമീറ്റർ ഉയരപ്പാതയിലെ എരമല്ലൂരിലെ ടോൾ ബൂത്തും ചേർത്താണ് 13 ടോൾ ബൂത്തുകൾ വരാൻ പോകുന്നത്.

Nh 66 Kerala Toll Booths Full List
തിരുവനന്തപുരം: ദേശീയ പാത 66 (NH66) കേരളത്തിന്റെ ‘ചുങ്കപ്പാത’യായി മാറാൻ ഒരുങ്ങുന്നു. നിലവിൽ ദേശീയപാത 66-ൽ കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം ജില്ലാ അതിർത്തിയായ കാരോട് വരെ ആകെ 5 ടോൾ ബൂത്തുകളാണ് ഉള്ളത്. എന്നാൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ദേശീയ പാതാ നിർമാണം പൂർത്തിയാകുമ്പോൾ കേരളത്തിലെ ടോൾ പ്ലാസകളുടെ എണ്ണം 13 ആയി ഉയരും. നിലവിലുള്ള 5 ടോൾ ബൂത്തുകൾക്ക് പുറമേ പുതിയ 8 ടോൾ പ്ലാസകൾ കൂടി സംസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കും. ദേശീയപാത 66-ൽ പന്ത്രണ്ട് ടോൾ ബൂത്തുകളും ഈ പാതയോട് അനുബന്ധമായുള്ള അരൂർ- തുറവൂർ 12.75 കിലോമീറ്റർ ഉയരപ്പാതയിലെ എരമല്ലൂരിലെ ടോൾ ബൂത്തും ചേർത്താണ് 13 ടോൾ ബൂത്തുകൾ വരാൻ പോകുന്നത്.
നിലവിൽ സംസ്ഥാനത്തെ ദേശീയപാതയിൽ അഞ്ച് ടോൾ ബൂത്തുകളാണ് ഉള്ളത്. അവ കണ്ണൂർ കൊളശ്ശേരി, എറണാകുളത്തെ കുമ്പളം, തിരുവനന്തപുരത്തെ തിരുവല്ലം, മലപ്പുറത്തെ വെട്ടിച്ചിറ, കോഴിക്കോട്ടെ ഒളവണ്ണ എന്നിവയാണ്. പുതിയതായി 8 ടോൾ പ്ലാസകൾ ഉടൻ വരും. റോഡിനു മീതേയും ഇരുവശത്തുമായുള്ള ഈ പുതിയ ടോൾ ബൂത്തുകളുടെ പണി ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുകയാണ്. ഇവിടേക്കുള്ള യന്ത്രസംവിധാനങ്ങളും ഉടൻ സ്ഥാപിക്കും.
Also Read: ട്രെയിൻ രണ്ടര മണിക്കൂർ മുമ്പേ പോയി; യാത്രക്കാരന് റെയിൽവേ 31784 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
കേരളത്തിലെ പുതിയ ടോൾ പ്ലാസകൾ
പുല്ലൂർ പെരിയ (കാസർകോട്), തിരുവങ്ങാട് (കണ്ണൂർ), അഴിയൂർ (കോഴിക്കോട്), നാട്ടിക (തൃശ്ശൂർ), കൊമ്മാടി (ആലപ്പുഴ), ഓച്ചിറ, പാരിപ്പള്ളി (കൊല്ലം), എരമല്ലൂർ – ഉയരപ്പാത (ആലപ്പുഴ) എന്നിവിടങ്ങളിലാണ് കേരളത്തിലെ പുതിയ ടോൾ പ്ലാസ എത്തുന്നത്. ഓരോ റീച്ചിലെയും നിർമാണ രീതിയും ചെലവും അടിസ്ഥാനമാക്കിയാണ് ഇവിടങ്ങളിൽ ടോൾ നിരക്ക് നിശ്ചയിക്കുക.
എരമല്ലൂരിൽ ക്യാമറ
തിരുവനന്തപുരം മുതൽ കാസർകോട് വരെ നീളുന്ന ദേശീയപാത 66ൻ്റെ ഭാഗമായി ആലപ്പുഴയിൽ തുറവൂർ–അരൂർ 12 കിലോമീറ്റർ ആറുവരി ഉയരപ്പാത നിർമാണം പുരോഗമിക്കുകയാണ്. എരമല്ലൂർ തെക്കുഭാഗത്താണ് ഈ പാതയുടെ ടോൾ ഗേറ്റ് നിർമിക്കുന്നത്. ഇവിടെ റോഡിനു മുകളിൽ ഘടിപ്പിക്കുന്ന ക്യാമറകൾ വഴി ടോൾ പിരിക്കുന്ന എംഎൽഎഫ്എഫ് (മൾട്ടി ലെയിൻ ഫ്രീ ഫ്ലോ) സംവിധാനം ആണ് ഉദ്ദേശിക്കുന്നത്.
സംസ്ഥാനത്തെ ആദ്യ മൾട്ടി ലെയിൻ ഫ്രീ ഫ്ലോ ടോൾ ബൂത്ത് ആയിരിക്കും എരമല്ലൂരിലേത്. വാഹനം നിർത്തിയിടുന്ന സമയം ലാഭിക്കാമെന്നതിനാൽ വൈകാതെ എല്ലാ ടോൾ ബൂത്തുകളിലും ക്യാമറ വച്ചുള്ള ഈ ടോൾ സംവിധാനം നടപ്പാക്കാൻ ആലോചനയുണ്ട്. തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, ചന്തിരൂർ, അരൂർ എന്നിങ്ങനെ അഞ്ച് റീച്ചുകളായി തിരിച്ചാണ് ഈ ഉയരപ്പാത നിർമാണം പുരോഗമിക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും ഉയർന്ന തുക ടോൾ നൽകേണ്ടിവരിക എരമല്ലൂരിലെ ടോൾ ബൂത്തിലാകും. ഉയരപ്പാത, വയഡക്ട് , തുരങ്കം തുടങ്ങിയവ ഉൾപ്പെടുന്നുണ്ടെങ്കിൽ ടോൾ നിരക്ക് കൂടും. സാധാരണ റോഡിനുള്ള കിലോമീറ്റർ നിരക്കിന്റെ പത്തിരട്ടിയാണ് ഇവയ്ക്ക് ഈടാക്കുക. അതിനാൽത്തന്നെ അരൂർ– തുറവൂർ ഉയരപ്പാതയിൽ ടോൾ നിരക്ക് കുറച്ച് കൂടുതലാകാൻ സാധ്യതയുണ്ട്.
English Summary
When the ongoing National Highway construction in Kerala is completed, the number of toll plazas on National Highway 66 from Kasaragod Thalappadi to Karode, the Thiruvananthapuram district border, will increase to 13. In addition to the existing 5 toll booths, 8 new toll plazas will be operational. The 13 toll booths will come up by adding the toll booth at Eramallur on the 12.75 km Aroor-Thuravoor elevated road.