Train Delay: തിരുവനന്തപുരം – ചെന്നൈ സൂപ്പർഫാസ്റ്റ് വൈകും: എപ്പോൾ പുറപ്പെടും? സമയം അറിയാം
Trivandrum Chennai Express Delay Update: ട്രെയിൻ നമ്പർ: 12698 സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 16 മണിക്കൂർ വൈകി ഓടുമെന്ന് റെയിൽവേ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം 5.15-ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ടിയിരുന്ന ട്രെയിനാണ് ഇത്. എന്നാൽ പുതിയ സമയക്രമം അനുസരിച്ച് ഇന്ന് (ഞായറാഴ്ച) ഉച്ചയ്ക്ക് 12 മണിക്കാവും ട്രെയിൻ സർവീസ് ആരംഭിക്കുക എന്ന് അധികൃതർ വ്യക്തമാക്കി. ഈ ട്രെയിനിൽ യാത്ര ചെയ്യാൻ തീരുമാനിച്ചവർ പുതിയ സമയക്രമം പരിശോധിച്ച് യാത്രാകളിൽ മാറ്റം വരുത്തേണ്ടതാണ്.
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രലിൽ (തമ്പാനൂർ സ്റ്റേഷൻ) നിന്ന് ഡോ. എംജിആർ ചെന്നൈ സെൻട്രലിലേക്ക് സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ: 12698 സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 16 മണിക്കൂർ വൈകി ഓടുമെന്ന് റെയിൽവേ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം 5.15-ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ടിയിരുന്ന ട്രെയിനാണ് ഇത്. എന്നാൽ പുതിയ സമയക്രമം അനുസരിച്ച് ഇന്ന് (ഞായറാഴ്ച) ഉച്ചയ്ക്ക് 12 മണിക്കാവും ട്രെയിൻ സർവീസ് ആരംഭിക്കുക എന്ന് അധികൃതർ വ്യക്തമാക്കി.
റേക്ക് വൈകി എത്തിയതിനാലാണ് സർവീസ് സമയത്തിൽ മാറ്റം വരുത്തിയതെന്ന് റെയിൽവേ അറിയിച്ചു. ഈ ട്രെയിനിൽ യാത്ര ചെയ്യാൻ തീരുമാനിച്ചവർ പുതിയ സമയക്രമം പരിശോധിച്ച് യാത്രാകളിൽ മാറ്റം വരുത്തേണ്ടതാണ്.
ALSO READ: ട്രെയിൻ രണ്ടര മണിക്കൂർ മുമ്പേ പോയി; യാത്രക്കാരന് റെയിൽവേ 31784 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
നിരവധി സർവീസുകൾ റദ്ദാക്കി
ചെന്നൈയിലെ സബർബൻ ട്രെയിൻ യാത്രയിൽ തടസ്സങ്ങൾ നേരിടാൻ സാധ്യത. ഗുമ്മിഡിപൂണ്ടി യാർഡിലെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മൂർ മാർക്കറ്റ് കോംപ്ലക്സിൽ (MMC) നിന്നുള്ള നിരവധി ഇഎംയു (EMU) സർവീസുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. കേരളത്തിൽ നിന്നോ ബംഗളൂരുവിൽ നിന്നോ ചെന്നൈയിലെത്തുന്ന യാത്രക്കാരെയാണ് ഇത് പ്രധാനമായും ബാധിക്കുക. നഗരത്തിലെ പ്രധാന സ്റ്റേഷനുകളിൽ ഇറങ്ങിയ ശേഷം ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാൻ ലോക്കൽ ട്രെയിനുകളെ ആശ്രയിക്കുന്നവരെയാണ് ഈ മാറ്റം ഏറ്റവും കൂടുതൽ ബാധിക്കുക.
സ്റ്റേഷൻ നവീകരണത്തിനും ട്രാക്കുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് നിലവിൽ അറ്റകുറ്റപ്പണികൾ ഏർപ്പെടുത്തിയിരിക്കുന്നത്. സൂള്ളൂർപേട്ട, നെല്ലൂർ, ആവഡി ഭാഗങ്ങളിലേക്കുള്ള സർവീസുകളാണ് ഭൂരിഭാഗവും റദ്ദാക്കിയിട്ടുള്ളത്. അതിനാൽ യാത്രയ്ക്ക് കൂടുതൽ സമയമെടുക്കാനും ബദൽ യാത്രാ മാർഗങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടാനും സാധ്യതയുണ്ട്. എംഎംസിയിൽ നിന്ന് സൂള്ളൂർപേട്ടയിലേക്കും നെല്ലൂരിലേക്കുമുള്ള നിരവധി രാവിലെ ട്രെയിനുകൾ പൂർണ്ണമായും റദ്ദാക്കി. ആവഡിക്കും ഗുമ്മിഡിപൂണ്ടിക്കും ഇടയിലുള്ള ചില സർവീസുകളുടെ സമയത്തിൽ മാറ്റം വരുത്തുകയോ ഭാഗികമായി റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്.
അറ്റകുറ്റപ്പണികൾ തിങ്കളാഴ്ച പുലർച്ചെ വരെ നീളാൻ സാധ്യതയുണ്ട്. അതിനാൽ ദീർഘദൂര ട്രെയിനുകളിൽ എത്തുന്നവർ നഗരത്തിനുള്ളിലെ യാത്രയ്ക്കായി കൂടുതൽ സമയം കരുതണം. റെയിൽവേയുടെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ യാർഡ് നവീകരണം നടത്തുന്നത്.
വേളാങ്കണ്ണിയിലേക്ക് സ്പെഷ്യൽ ട്രെയിൻ
വേളാങ്കണ്ണി പെരുന്നാളിനോടനുബന്ധിച്ച് എറണാകുളത്തു നിന്ന് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. ഓഗസ്റ്റ് 27 മുതൽ സെപ്തംബർ 10 വരെ വ്യാഴാഴ്ചകളിൽ എറണാകുളത്തു നിന്ന് മൂന്ന് പ്രതിവാര സർവീസുകളാണ് നിശ്ചയിച്ചിരിക്കുന്നത്. എറണാകുളത്തു നിന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.50ന് വേളാങ്കണ്ണിയിലെത്തുന്ന രീതിക്കാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. മടക്കസർവീസ് വൈകിട്ട് 6.40ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 11.50ന് എറണാകുളത്തെത്തിച്ചേരും. യാത്രയ്ക്കുള്ള മുൻകൂർ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായി റെയിൽവേ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, അവനീശ്വരം, പുനലൂർ, തെൻമല, ചെങ്കോട്ട, വിരുദുനഗർ, മാനാമധുര, ശിവഗംഗ, പുതുക്കോട്ടെ, തിരുവാരൂർ, നാഗപട്ടിണം എന്നിവിടങ്ങളിലാണ് സർവീസിന് സ്റ്റോപ്പുള്ളത്.
English Summary:
Thiruvananthapuram chennai superfast delay for 16 hours due to the late arrival of its pairing train. Check the revised departure time and railway status updates.