Thiruvananthapuram Metro: തിരുവനന്തപുരം മെട്രോ ഉടൻ, ഡിപിആർ സർക്കാരിന് കൈമാറി
Thiruvananthapuram Metro DPR: ആദ്യഘട്ടത്തിൽ പാപ്പനംകോട് നിന്ന് തുടങ്ങി ഈഞ്ചക്കലിൽ അവസാനിക്കുന്ന ഏകദേശം 31 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ 27 സ്റ്റേഷനുകളും പ്രധാനപ്പെട്ട മൂന്ന് ഇന്റർചേഞ്ച് സ്റ്റേഷനുകളും ഉൾപ്പെടുന്നു. ടെക്‌നോപാർക്ക്, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, തമ്പാനൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടേറിയറ്റ്, മെഡിക്കൽ കോളേജ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ പാത ബന്ധിപ്പിക്കുന്നുണ്ട്.
തിരുവനന്തപുരം: തലസ്ഥാന നിവാസികളുടെ ദീർഘകാലത്തെ ആഗ്രഹമായിരുന്ന തിരുവനന്തപുരം മെട്രോ ഉടൻ. പദ്ധതിയുടെ വിശദ പദ്ധതി രേഖ (ഡിപിആർ) സംസ്ഥാന സർക്കാരിന് സമർപ്പിച്ചതായി കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്‌റ. വിടവാങ്ങൽ പ്രസംഗത്തിലാണ് ബെഹ്‌റ ഇക്കാര്യം അറിയിച്ചത്.
ആദ്യഘട്ടത്തിൽ പാപ്പനംകോട് നിന്ന് തുടങ്ങി ഈഞ്ചക്കലിൽ അവസാനിക്കുന്ന ഏകദേശം 31 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ 27 സ്റ്റേഷനുകളും പ്രധാനപ്പെട്ട മൂന്ന് ഇന്റർചേഞ്ച് സ്റ്റേഷനുകളും ഉൾപ്പെടുന്നു. ടെക്‌നോപാർക്ക്, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, തമ്പാനൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടേറിയറ്റ്, മെഡിക്കൽ കോളേജ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ പാത ബന്ധിപ്പിക്കുന്നുണ്ട്.
കേന്ദ്ര നിർദേശം വെല്ലുവിളി?
മെട്രോയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴും കേന്ദ്രത്തിന്റെ നിർദേശം വെല്ലുവിളി ഉയർത്തുന്നുണ്ട്. മെട്രോ അനുവദിക്കുന്നതിന് നിലവിലുള്ള ജനസംഖ്യാ മാനദണ്ഡം കർക്കശമായി പാലിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. 20 ലക്ഷമോ അതിലധികമോ ജനസംഖ്യയുള്ള നഗരങ്ങൾക്ക് മാത്രമേ പുതിയ മെട്രോ പദ്ധതികൾക്ക് അനുമതി നൽകൂ എന്നതാണ് കേന്ദ്ര മാനദണ്ഡം. ഇങ്ങനെ വരുമ്പോൾ തിരുവനനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികൾക്ക് തടസ്സം നേരിടും.
ALSO READ: പട്രോളിങിനിടെ പൊലീസ് ഉദ്യോഗസ്ഥനെ സിറിഞ്ച് കൊണ്ട് ആക്രമിച്ചു; നാല് പേർ അറസ്റ്റിൽ
തിരുവനന്തപുരത്ത് ഡിപിആർ അനുസരിച്ച് മെട്രോ പാത കടന്നുപോകുന്ന 371.94 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ ജനസംഖ്യ 13.5 ലക്ഷം മാത്രമാണ്. തിരുവനന്തപുരം ജില്ലയിലെ ആകെയുള്ള ജനസംഖ്യ 33 ലക്ഷത്തോളമാണ്. ഈ പ്രശ്നത്തെ മറികടക്കാൻ നഗരത്തിന് ചുറ്റുമുള്ള 500 മുതൽ 900 ചതുരശ്ര കിലോമീറ്റർ വരെ പ്രദേശം ഉൾപ്പെടുത്തി ഡിപിആർ പുതുക്കിയേക്കാം.
നേരത്തെ ഈ മാനദണ്ഡം ലംഘിച്ച് ചില ഉത്തരേന്ത്യൻ നഗരങ്ങൾക്ക് മെട്രോ അനുവദിച്ചിട്ടുണ്ട്. എന്നാൽ, മധുരൈ, കോയമ്പത്തൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നീ ദക്ഷിണേന്ത്യൻ മെട്രോ പദ്ധതികളുടെ കാര്യത്തിൽ കേന്ദ്ര സർക്കാര്‍ ജനസംഖ്യാ തടസ്സവാദം ഉന്നയിക്കുകയായിരുന്നു.
കൊച്ചി മെട്രോ ഡിപിആർ
കൊച്ചി വിമാനത്താവളംവഴി കടന്നുപോകുന്ന മെട്രോ മൂന്നാംഘട്ട പാതയുടെ വിശദ പദ്ധതി രേഖ സർക്കാരിന് സമർപ്പിച്ചതായും ലോക്നാഥ് ബെഹ്റ അറിയിച്ചു. ഹരിയാന ആസ്ഥാനമായുള്ള സിസ്ട്ര എംവിഎ കണ്‍സള്‍ട്ടിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെയാണ് ഡിപിആർ തയ്യാറാക്കാൻ ഏർപ്പിച്ചത്.
ആലുവയില്‍നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളംവഴി അങ്കമാലിവരെയാണ് മൂന്നാംഘട്ട മെട്രോ പാത. 17.5 കിലോമീറ്ററിലാണ് മെട്രോ എലിവേറ്റഡ് പാത നിര്‍മാണം. കുറച്ചുദൂരം ഭൂഗര്‍ഭപാത ആയിരിക്കും. മെട്രോ അങ്കമാലിവരെ ദീര്‍ഘിപ്പിക്കണമെന്നതും കൊച്ചി വിമാനത്താവളവുമായി മെട്രോ കണക്ടിവിറ്റി വേണമെന്നത് ദീർഘകാലത്തെ ആവശ്യമായിരുന്നു. പദ്ധതി നടപ്പിലാകുന്നതോടെ, വിമാനത്താവളത്തിലേക്കുള്ള യാത്രാസൗകര്യത്തിനുപുറമെ, നെടുമ്പാശേരി, അങ്കമാലി പ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
English Summary:
The long-awaited Thiruvananthapuram Metro project is set to move forward, with Kochi Metro Rail Limited (KMRL) Managing Director Loknath Behera announcing that the Detailed Project Report has been submitted to the state government. The first phase of the proposed metro network is planned to cover around 31 kilometres, starting from Pappanamcode and ending at Eanchakkal, marking a major step toward fulfilling the long-standing demand of residents of the capital city.