Vizhinjam Gateway: ലോക വിപണിയിലേക്ക് ഇനി തലസ്ഥാനം വഴി; വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും, മിഷൻ സമുദ്രയ്ക്കും തുടക്കം
Vizhinjam Gateway and Mission Samudra to Launch Today: ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. കേന്ദ്രമന്ത്രി സർബാനന്ദ് സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയാകും. സംസ്ഥാനത്തെ വലിയൊരു തുറമുഖ നഗരമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള 'മിഷൻ സമുദ്ര' പദ്ധതിക്കും ഇതിനൊപ്പം ഇന്ന് തുടക്കം കുറിക്കും.
തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് പുത്തൻ അധ്യായമായി വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. വിഴിഞ്ഞം വഴിയുള്ള സമ്പൂർണ്ണ കയറ്റുമതി – ഇറക്കുമതി (EXIM) പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. കേന്ദ്രമന്ത്രി സർബാനന്ദ് സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയാകും. കൂടാതെ, സംസ്ഥാനത്തെ വലിയൊരു തുറമുഖ നഗരമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള ‘മിഷൻ സമുദ്ര’ പദ്ധതിക്കും ഇതിനൊപ്പം ഇന്ന് തുടക്കം കുറിക്കും.
കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിൽ വിഴിഞ്ഞം എക്സിം വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഗേറ്റ് വേ തുറക്കുന്നതോടെ സംസ്ഥാനത്തെ ഉൽപ്പാദകർക്ക് ഇനി മുതൽ കുറഞ്ഞ ചെലവിൽ ലോകത്തിന്റെ ഏത് ഭാഗത്തേക്കും ചരക്കുകൾ വേഗത്തിൽ എത്തിക്കാൻ ഇതിലൂടെ സാധിക്കും. സമയലാഭവും പുതിയ വിപണിയുമാണ് വിഴിഞ്ഞം വഴി തുറക്കുന്നത്. തുറമുഖത്തിനോട് ചേർന്നുള്ള വലിയ വികസനത്തിനും ഇത് തുടക്കമാകുമെന്നും മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു.
ALSO READ: ഇനി ‘കേരളം’; പേരുമാറ്റ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
മിഷൻ സമുദ്ര
വിഴിഞ്ഞം ഗേറ്റ് വേ-ക്കൊപ്പം സംസ്ഥാനത്തെ തുറമുഖ നഗരമാക്കി മാറ്റുന്ന മിഷന്‍ സമുദ്ര പദ്ധതിക്കും ഇന്ന് തുടക്കമാകും. തുറമുഖങ്ങളും കണക്റ്റിവിറ്റിയും, ലോജിസ്റ്റിക്‌സ് വികസനം, ക്ലസ്റ്ററുകളും നഗരങ്ങളും എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളിലായാണ് 400 കോടി രൂപയുടെ ഫണ്ട് വകയിരുത്തിയിരിക്കുന്നത്. 8 വ്യവസായ ക്ലസ്റ്ററുകള്‍, 3 പുതിയ നഗരങ്ങള്‍, കേരളത്തിന്റെ 600 കിലോമീറ്റര്‍ വരുന്ന തീരപ്രദേശം എന്നിവ ഉള്‍ക്കൊള്ളുന്ന വിപുലമായ വിഴിഞ്ഞം മാരിടൈം ഇക്കണോമിക് കേന്ദ്രമായി വിഴിഞ്ഞത്തെ മാറ്റിത്തീര്‍ക്കുന്ന ‘പോര്‍ട്ട് സിറ്റി’ എന്ന കാഴ്ചപ്പാടാണ് മിഷന്‍ സമുദ്ര വിഭാവനം ചെയ്തിരിക്കുന്നത്.
നേട്ടം നിരവധി
വിഴിഞ്ഞം ഗേറ്റ് വേ തുറക്കുന്നതോടെ കൊളംബോ, സിംഗപ്പൂർ, ദുബായ് തുറമുഖങ്ങളെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് നേരിട്ട് ചരക്കുകയറ്റുമതി സാധ്യമാകും. നിലവിൽ ഇന്ത്യയിലെ നവസേവ, മുന്ദ്ര തുറമുഖങ്ങളിൽ മാത്രമാണ് ഈ സൗകര്യമുള്ളത്. കേരളം, തമിഴ്നാട് എന്നിവിടങ്ങളിലെ ചരക്കുകൾ ഇപ്പോൾ കൊച്ചി, തൂത്തുക്കുടി തുറമുഖങ്ങൾ വഴി കൊളംബോയിൽ എത്തിച്ച ശേഷം അവിടെ നിന്ന് ദുബായ്, സിംഗപ്പൂർ തുറമുഖങ്ങൾ വഴിയാണ് ലോകത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നത്.
കൊളംബോയിലേക്ക് പ്രധാനമായും ചരക്ക് എത്തിക്കുന്നത് തമിഴ്നാട്ടിലെ തൂത്തുക്കുടി തുറമുഖത്തുനിന്നാണ്. എന്നാൽ വിഴിഞ്ഞത്ത് കയറ്റുമതി യാഥാർഥ്യമാകുന്നതോടെ ചെറിയ കാർഗോ കപ്പലുകളിൽ ഇവിടെ ചരക്ക് എത്തിച്ച് മദർ ഷിപ്പുകളിൽ കയറ്റി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കാൻ സാധിക്കുന്നതാണ്. കിഴക്കു-പടിഞ്ഞാറൻ അന്താരാഷ്ട്ര കപ്പൽപ്പാതയിൽനിന്ന് 10 നോട്ടിക്കൽ മൈൽ അകലെ മാത്രമാണ് വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്നത് എന്നതും ഇതിന്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു.
English Summary:
Vizhinjam Gateway is set to open on August 18, with Kerala Chief Minister V.D. Satheesan inaugurating the Vizhinjam EXIM facility, which will begin full-scale import and export operations. Union Minister Sarbananda Sonowal will attend the event as the guest. The government is also launching the “Mission Samudra” project, aimed at transforming Kerala into a major port-oriented economy.