Lip Care: ചുണ്ടുകൾ വരണ്ട് പൊട്ടുന്നുണ്ടോ? ലിപ് ബാം അല്ല, ഇനി ഇവ ഇട്ടുനോക്കൂ…
Effective Home Remedies for Chapped Lip: എണ്ണ ഗ്രന്ഥികൾ ഇല്ലാത്തതിനാൽ ചുണ്ടുകൾ വേഗത്തിൽ വരണ്ട് പോകാനും പൊട്ടാനും സാധ്യതയുണ്ട്. ലിപ് ബാം ഇട്ടിട്ടും ചുണ്ട് പൊട്ടുന്നത് ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ്. എന്നാൽ നമ്മുടെ വീട്ടിൽ തന്നെ ഇതിനുള്ള പരിഹാരമുണ്ട്.
സൗന്ദര്യ സംരക്ഷണത്തിൽ ഏറെ പ്രധാനപ്പെട്ട കാര്യമാണ് നമ്മുടെ ചുണ്ടുകളുടെ ആരോഗ്യം. ശരീരത്തിലെ മറ്റ് ഭാഗങ്ങളിലെ ചർമ്മത്തെ അപേക്ഷിച്ച് ചുണ്ടുകളിലെ ചർമ്മം വളരെ കനം കുറഞ്ഞതാണ്. കൂടാതെ ചുണ്ടുകളിൽ എണ്ണ ഗ്രന്ഥികൾ ഇല്ലാത്തതിനാൽ തണുപ്പ്, വരണ്ട കാറ്റ്, വെയിൽ, ശരീരത്തിലെ ജലാംശക്കുറവ് എന്നിവ കാരണം ചുണ്ടുകൾ വേഗത്തിൽ വരണ്ട് പോകാനും പൊട്ടാനും സാധ്യതയുണ്ട്. ലിപ് ബാം ഇട്ടിട്ടും ചുണ്ട് പൊട്ടുന്നത് ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ്. എന്നാൽ നമ്മുടെ വീട്ടിൽ തന്നെ ഇതിനുള്ള പരിഹാരമുണ്ട്.
ചുണ്ടുകളുടെ സംരക്ഷണം എങ്ങനെ?
വെളിച്ചെണ്ണ: ചുണ്ടുകളിലെ വരൾച്ച കുറച്ച് ഈർപ്പം നിലനിർത്താൻ വെളിച്ചെണ്ണ സഹായിക്കും. പകൽ പലതവണയോ രാത്രി ഉറങ്ങുന്നതിന് മുമ്പോ നേരിയ അളവിൽ വെള്ളിച്ചെണ്ണ പുരട്ടാവുന്നതാണ്.
തേൻ: ചുണ്ടുകളിലെ ഈർപ്പം നിലനിർത്താനും ചെറിയ അസ്വസ്ഥതകൾ ശമിപ്പിക്കാനും തേൻ നല്ലതാണ്. 10 മുതൽ 15 മിനിറ്റ് വരെ പുരട്ടിയ ശേഷം മൃദുവായി കഴുകി കളഞ്ഞ് ബാം പുരട്ടാം.
കറ്റാർവാഴ ജെൽ: വെയിലേൽക്കുകയോ വരണ്ട കാറ്റേൽക്കുകയോ ചെയ്ത ചുണ്ടുകൾക്ക് തണുപ്പും ആശ്വാസവും നൽകാൻ കറ്റാർവാഴ ജെൽ ഉപയോഗിക്കാം.
ഒലിവ് ഓയിൽ: അല്പം നനവുള്ള ചുണ്ടുകളിൽ ചെറിയ അളവിൽ പുരട്ടുന്നത് ചർമ്മം മൃദുവാക്കാൻ സഹായിക്കും.
വെള്ളരി: ചൂടും വരൾച്ചയും മൂലം അസ്വസ്ഥതയുള്ള ചുണ്ടുകളിൽ വെള്ളരി കഷ്ണങ്ങൾ അല്പസമയം വയ്ക്കുന്നത് തണുപ്പും ഈർപ്പവും നൽകും.
ALSO READ: 3 ചേരുവകൾ മാത്രം! മുഖത്തെ അനാവശ്യ രോമവളർച്ച കുറയ്ക്കാൻ വഴിയിതാ
ശ്രദ്ധിക്കേണ്ട ദൈനംദിന ശീലങ്ങൾ
ചുണ്ടുകളിൽ നേരിയ തോതിൽ നിർജ്ജീവ കോശങ്ങൾ ഉണ്ടെങ്കിൽ മാത്രം ശ്രദ്ധയോടെ മൃദുവായി സ്ക്രബ് ചെയ്യുക. ചുണ്ടുകൾ പൊട്ടുകയോ രക്തം വരികയോ ചെയ്യുന്ന സാഹചര്യങ്ങളിൽ സ്ക്രബ് ഒഴിവാക്കണം. അതുപോലെ, ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. പകൽ സമയത്ത് പുറത്തുപോകുമ്പോൾ SPF അടങ്ങിയ ലിപ് ബാം ഉപയോഗിക്കുന്നത് സൂര്യപ്രകാശത്തിൽ നിന്നുള്ള വരൾച്ച തടയാൻ സഹായിക്കും.
ശ്രദ്ധിക്കുക…
- ഉമിനീർ വേഗത്തിൽ ബാഷ്പീകരിച്ചു പോവുകയും ചുണ്ടിലെ സ്വാഭാവിക ഈർപ്പം നഷ്ടപ്പെടുത്തുകയും ചെയ്യുന്നതിനാൽ ചുണ്ടുകൾ നാവുകൊണ്ട് നനയ്ക്കുന്ന ശീലം ഒഴിവാക്കുക.
- ഉണങ്ങിയ തൊലി കൈകൊണ്ട് വലിച്ചു പറിക്കുന്നത് ചർമ്മത്തിന് മുറിവും വേദനയും ഉണ്ടാക്കാം.
- കടുത്ത സുഗന്ധമുള്ളതോ ചുണ്ടിൽ എരിച്ചിൽ ഉണ്ടാക്കുന്നതോ ആയ ഉൽപ്പന്നങ്ങൾ വരണ്ട ചുണ്ടുകളിൽ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
- രണ്ടാഴ്ചയിലധികമായി വരൾച്ചയോ വിള്ളലോ തുടരുകയാണെങ്കിലോ, പതിവായി രക്തസ്രാവം, നീർക്കെട്ട്, ചുണ്ടുകളുടെ അരികുകളിൽ പൊട്ടൽ എന്നിവ ഉണ്ടാവുകയാണെങ്കിലോ ഒരു ഡോക്ടറെയോ ചർമ്മരോഗ വിദഗ്ധനെയോ സമീപിക്കുക.
English Summary:
Dry lips are a common problem caused by dehydration, cold weather, excessive sun exposure and frequent lip licking. Several natural home remedies can help keep lips soft, smooth and moisturised.