Rare Gym Injury: ജിമ്മിൽ വർക്ക്ഔട്ടിനിടെ യുവാവിന് പെട്ടെന്ന് കാഴ്ച നഷ്ടമായി … കാരണം ഇതാ
27-Year-Old Loses Vision Mid-Workout: ആരോഗ്യവാന്മാരായ വ്യക്തികളെയും ഇത് ബാധിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ വ്യായാമം ചെയ്യുന്നവരും കായികരംഗത്തുള്ളവരും ശ്രദ്ധിക്കണം.
ജിമ്മിൽ കഠിനമായി വ്യായാമം ചെയ്യുമ്പോൾ, പ്രത്യേകിച്ച് ഭാരം ഉയർത്തുമ്പോൾ, പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുകയോ മങ്ങുകയോ ചെയ്യുമെന്ന് അറിയാമോ? എന്നാൽ അങ്ങനെ സംഭവിക്കുമെന്നാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത ഒരു സംഭവത്തിലൂടെ മനസ്സിലാകുന്നത്. വർക്കൗട്ടിനിടെ 27 വയസ്സുള്ള ഒരു യുവാവിന് ഡെഡ്ലിഫ്റ്റ് ചെയ്ത ഉടൻ വലത് കണ്ണിന് കാഴ്ച മങ്ങിയ സംഭവം ശ്രദ്ധേയമായിരുന്നു. കണ്ണിൽ വേദന ഉണ്ടാകാതെ തന്നെ കാഴ്ച മങ്ങുകയായിരുന്നു.
പരിശോധനയിൽ, യുവാവിന് വാൽസാൽവ റെറ്റിനോപ്പതി എന്ന രോഗമാണെന്നു സ്ഥിരീകരിച്ചു. ഇയാളുടെ കണ്ണിന്റെ മധ്യഭാഗമായ മാക്കുലയ്ക്ക് മുകളിലായി രക്തസ്രാവം കണ്ടെത്തി.
ശരീരത്തിൽ, പ്രത്യേകിച്ച് നെഞ്ചിൽ, പെട്ടെന്ന് മർദ്ദം (പ്രഷർ) കൂടുന്നതിൻ്റെ ഫലമായി കണ്ണിന്റെ റെറ്റിനയിലെ ചെറിയ രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം ഉണ്ടാകുന്ന അവസ്ഥയാണിത്. കഠിനമായ ഭാരം ഉയർത്തുക, ശക്തിയായി ചുമയ്ക്കുക, ഛർദ്ദിക്കുക, അല്ലെങ്കിൽ മലബന്ധം കാരണം കഠിനമായി ആയാസപ്പെടുക തുടങ്ങിയ സാഹചര്യങ്ങളിലാണ് ഇത് സാധാരണയായി സംഭവിക്കുന്നത്.
ആരോഗ്യവാന്മാരായ വ്യക്തികളെയും ഇത് ബാധിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ വ്യായാമം ചെയ്യുന്നവരും കായികരംഗത്തുള്ളവരും ശ്രദ്ധിക്കണം.
ALSO READ: തൈര് കഴിക്കുമ്പോൾ ചേർക്കേണ്ടത് ഉപ്പോ പഞ്ചസാരയോ…; ഏതാണ് കൂടുതൽ ഗുണകരം
ഒരു കണ്ണിൽ പെട്ടെന്ന് കാഴ്ച കുറയുക എന്നതാണ് പ്രധാന ലക്ഷണം. കണ്ണിന്റെ മധ്യഭാഗത്ത് ഒരു കറുത്ത പാടോ നിഴലോ അനുഭവപ്പെടുന്നതായി രോഗികൾ പറയാറുണ്ട്. കാഴ്ച മങ്ങുക, പൊങ്ങിക്കിടക്കുന്ന ചെറിയ പാടുകൾ കാണുക എന്നിവയും ലക്ഷണങ്ങളാണ്. ഈ അവസ്ഥയിൽ കണ്ണിനുള്ളിലെ രക്തസ്രാവം മാറ്റിയെടുത്ത് കാഴ്ച വീണ്ടെടുക്കുന്നതാണ് ചികിത്സാ രീതി. ചെറിയ രക്തസ്രാവങ്ങൾ സാധാരണയായി തനിയെ അലിഞ്ഞുപോകാറുണ്ട്. അതിനാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം നിരീക്ഷണം മതിയാകും.
രക്തം ഒരു പ്രത്യേക പാളിക്കടിയിൽ കുടുങ്ങിക്കിടക്കുകയാണെങ്കിൽ, ലേസർ ഉപയോഗിച്ച് ആ പാളിയിൽ ഒരു ചെറിയ ദ്വാരം ഉണ്ടാക്കി രക്തം പുറത്തേക്ക് വിടാൻ സഹായിക്കും. കട്ടിയുള്ളതും വലുതുമായ രക്തസ്രാവത്തിന് അപൂർവ്വമായി ശസ്ത്രക്രിയ ആവശ്യമായി വരും. വ്യായാമം ചെയ്യുന്നതിനിടെ കാഴ്ചയിൽ എന്തെങ്കിലും മാറ്റം വന്നാൽ ഉടൻ തന്നെ ഒരു നേത്രരോഗ വിദഗ്ദ്ധനെ കാണേണ്ടത് അത്യാവശ്യമാണ്.