Okra Cultivation: പ്രമേഹത്തിനുള്ള മരുന്ന് വീട്ടിൽ തന്നെ കൃഷി ചെയ്യാം; വലിയ ചെലവൊന്നുമില്ല!
How to Grow Ladies' Finger at Home: പച്ചക്കറി വില കുതിച്ചുയരുകയാണ്. പൊന്നുംപണം കൊടുത്ത് വാങ്ങുന്നതോ വിഷവും! എന്തിനാ ഇങ്ങനെ പൈസ കൊടുത്ത് രോഗം വാങ്ങുന്നത്? നമ്മുടെ വീട്ടിൽ തന്നെ വളരെ ചെലവ് കുറച്ച് എളുപ്പത്തിൽ ഇവ കൃഷി ചെയ്യാൻ സാധിക്കുമെന്നേ..

പ്രതീകാത്മക ചിത്രം
വിപണിയിൽ പച്ചക്കറി വില കുതിച്ചുയരുകയാണ്. പൊന്നുംപണം കൊടുത്ത് വാങ്ങുന്നതോ വിഷവും! എന്തിനാ ഇങ്ങനെ പൈസ കൊടുത്ത് രോഗം വാങ്ങുന്നത്? നമ്മുടെ വീട്ടിൽ തന്നെ വളരെ ചെലവ് കുറച്ച് എളുപ്പത്തിൽ ഇവ കൃഷി ചെയ്യാൻ സാധിക്കുമെന്നേ, പ്രമേഹരോഗികൾക്ക് ഏറെ ഗുണകരമായ പച്ചക്കറിയാണ് വെണ്ടയ്ക്ക. കുറഞ്ഞ പരിചരണത്തിലും മികച്ച വിളവ് നൽകാൻ കഴിവുള്ള വെണ്ടകൃഷി ഗ്രോബാഗുകളിലും വീട്ടുപറമ്പുകളിലും ഒരുപോലെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കും. വെണ്ടകൃഷിയിൽ മികച്ച വിളവ് ലഭിക്കുന്നതിനും കൃഷി ലാഭകരമാക്കുന്നതിനും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ അറിഞ്ഞാലോ…
വെണ്ട കൃഷി
വിത്ത് തിരഞ്ഞെടുപ്പ്
ഏത് കാലാവസ്ഥയ്ക്കും അനുയോജ്യമായ നല്ല പ്രതിരോധശേഷിയുള്ള മികച്ച ഇനം വിത്തുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. വിത്തുകൾ നടുന്നതിന് മുൻപ് 6-8 മണിക്കൂർ വെള്ളത്തിലോ അല്ലെങ്കിൽ നേർപ്പിച്ച കഞ്ഞിവെള്ളത്തിലോ കുതിർത്തു വെക്കുന്നത് വേഗത്തിൽ മുളച്ചു വരാൻ സഹായിക്കും. വിത്തുപാടുകളിലോ ഗ്രോബാഗുകളിലോ ഒരു സെന്റീമീറ്റർ മാത്രം താഴ്ചയിൽ വിത്തിടാൻ ശ്രദ്ധിക്കേണ്ടതാണ്.
മണ്ണൊരുക്കൽ
നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥല വേണം വെണ്ടകൃഷിക്കായി തിരഞ്ഞെടുക്കാൻ. മേൽമണ്ണും ചാണകപ്പൊടിയും ചകിരിച്ചോറും തുല്യ അളവിൽ കലർത്തി ഗ്രോബാഗുകളിലോ തടങ്ങളിലോ നിറയ്ക്കുക. അടിവളമായി അല്പം വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും ചേർക്കുന്നത് വേരുചീയൽ തടയാനും ചെടിയുടെ വളർച്ച കൂട്ടാനും സഹായിക്കും.
ALSO READ: കൊടുംചൂടിൽ ചെറുജീവികളെയും കരുതാം, നിങ്ങളുടെ ഗാർഡനിൽ വരുത്തേണ്ട മാറ്റങ്ങൾ
നനയും പരിചരണം
വെണ്ടയ്ക്ക് മിതമായ ഈർപ്പം എപ്പോഴും ആവശ്യമാണ്. ദിവസവും രാവിലെയും വൈകുന്നേരവും നനച്ചു കൊടുക്കാം. എന്നാൽ തടങ്ങളിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. ചെടി വളർന്ന് 15-20 ദിവസങ്ങൾ കഴിയുമ്പോൾ ആഴ്ചയിലൊരിക്കൽ ജൈവസൂചിത വളങ്ങളായ കടലപ്പിണ്ണാക്ക് പുളിപ്പിച്ചത്, പച്ചച്ചാണകം വെള്ളത്തിൽ കലക്കിയത് അല്ലെങ്കിൽ ജീവാമൃതം എന്നിവ നൽകുന്നത് കൂടുതൽ ശാഖകൾ ഉണ്ടാകാൻ സഹായിക്കും.
കീടനിയന്ത്രണം
വെണ്ടകൃഷിയിലെ പ്രധാന വില്ലനാണ് തണ്ടുതുരപ്പൻ പുഴുക്കളും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പ്രയാസമുള്ള പ്രാണികളും. വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം അല്ലെങ്കിൽ സോപ്പു ലായനി ആഴ്ചയിലൊരിക്കൽ തളിക്കുന്നത് ഇലച്ചെല്ലികളെയും പ്രാണികളെയും അകറ്റും. മഞ്ഞളിപ്പ് രോഗം വെള്ളീച്ചകൾ പരത്തുന്ന വൈറസ് രോഗമാണിത്. രോഗബാധിതമായ ചെടികളുടെ ഇലകൾ മഞ്ഞനിറമാകുന്നത് കണ്ടാൽ ഉടൻ തന്നെ ആ ഭാഗങ്ങൾ നശിപ്പിച്ചുകളയണം.
വിളവെടുപ്പ്
വിത്തിട്ട് 45-50 ദിവസങ്ങൾക്കുള്ളിൽ വെണ്ടയിൽ ആദ്യ വിളവെടുപ്പ് നടത്താം. കായ്കൾ മൂപ്പെത്തുന്നതിന് മുമ്പ് രണ്ടു ദിവസത്തിലൊരിക്കൽ പറിച്ച് ഉപയോഗിക്കണം. കൃത്യസമയത്ത് വിളവെടുപ്പ് നടത്തുന്നത് കൂടുതൽ പുതിയ പൂക്കളും കായ്കളും ഉണ്ടാകാൻ ചെടിയെ സഹായിക്കും.