ADAS : സേഫ്റ്റി മുഖ്യം! കാറുകളിൽ അഡാസ് നിർബന്ധമാക്കുന്നു
ഇന്ത്യൻ നിരത്തുകളിലെ കാറുകളിൽ വലിയൊരു അപ്ഡേറ്റ് സംഭവിക്കാൻ പോവുകയാണ്. സുരക്ഷയുടെ കാര്യത്തിലാണ് ഇന്ത്യയിലെ കാറുകളിൽ മാറ്റം വരാൻ പോകുന്നത്. പാസഞ്ചർ കാറുകളിൽ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് (automatic emergency braking) നിർബന്ധമാക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഗതാഗത, ഹൈവേ മന്ത്രാലയം. അഡ്വാൻസ്ഡ് ഡ്രൈവർ...
ഇന്ത്യൻ നിരത്തുകളിലെ കാറുകളിൽ വലിയൊരു അപ്ഡേറ്റ് സംഭവിക്കാൻ പോവുകയാണ്. സുരക്ഷയുടെ കാര്യത്തിലാണ് ഇന്ത്യയിലെ കാറുകളിൽ മാറ്റം വരാൻ പോകുന്നത്. പാസഞ്ചർ കാറുകളിൽ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് (automatic emergency braking) നിർബന്ധമാക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഗതാഗത, ഹൈവേ മന്ത്രാലയം. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) എന്നറിയപ്പെടുന്ന സാങ്കേതികവിദ്യയുടെ ഭാഗമായ ഈ സംവിധാനം, 2032 ഒക്ടോബറോടെ M1 വിഭാഗത്തിൽപ്പെട്ട എല്ലാ കാറുകളിലും വേണമെന്നാണ് തീരുമാനം വന്നിരിക്കുന്നത്.
1989-ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് നിർദ്ദേശത്തിലാണ് ഈ കാര്യം വ്യക്തമാക്കയിരിക്കുന്നത്. ഈ കരട് നിർദേശത്തിൻ മേൽ പൊതുജനങ്ങൾക്ക് 30 ദിവസത്തിനുള്ളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്താം. AEBS അഥവാ അഡ്വാൻസ്ഡ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം എന്നത് അഡാസ് സംവിധാനം തന്നെയാണ്. വാഹനങ്ങൾ തമ്മിൽ നിരത്തിൽ കൂട്ടിയിടിക്കാനുള്ള സാധ്യതയുണ്ടാകുമ്പോൾ ഡ്രൈവറുടെ ഭാഗത്ത് നിന്നുള്ള റെസ്പോൺസ് ഇല്ലാതെ വന്നാൽ ഈ സംവിധാനം സ്വയം ബ്രേക്ക് പ്രവർത്തിപ്പിച്ച് അപകടം ഒഴിവാക്കന്നു. വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടി പൂർണ്ണമായും ഒഴിവാക്കുക, അല്ലെങ്കിൽ അതിന്റെ ആഘാതം കുറയ്ക്കുക എന്നതാണ് ഈ സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നത്.
Also Read: ലൈസന്‍സില്‍ മൊബൈല്‍ നമ്പറും രക്തഗ്രൂപ്പും, ടെസ്റ്റിൽ 75 ശതമാനം മാർക്കും വേണം – നിർദേശവുമായി കേന്ദ്രം
ഈ റോഡ് സുരക്ഷ പദ്ധതി ഘട്ടംഘട്ടമായി നടപ്പിലാക്കുന്നതിനെക്കുറിച്ചാണ് കരടിൽ പറയുന്നത്. 2028 ഒക്ടോബർ 1 മുതൽ, AEBS (ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം) ക്രമീരിച്ചിട്ടുള്ള എല്ലാവിധ M1 പാസഞ്ചർ വാഹനവും (യാത്രക്കാരുടെ വാഹനം) അല്ലെങ്കിൽ N1 ലൈറ്റ് ഗുഡ്‌സ് വാഹനവും (ഭാരം കുറഞ്ഞ ചരക്ക് വാഹനങ്ങൾ), ഓട്ടോ മൊബൈൽ ഇൻഡസ്ട്രി സ്റ്റാൻഡേർഡിന് AIS-185 ന് അനുസൃതമായിരിക്കണം. 2030 ഒക്ടോബർ 1 മുതൽ, പുതുയതായി നിർമ്മിക്കുന്ന പാസഞ്ചർ കാർ (M1)മോഡലുകളിൽ AEBS നിർബന്ധമാകും. അതിനുശേഷം രണ്ട് വർഷം കഴിഞ്ഞ്, അതായത് 2032 ഒക്ടോബർ 1-ഓടെ, ഉൽപ്പാദനത്തിലുള്ളവ ഉൾപ്പെടെ എല്ലാ M1 മോഡൽ കാറുകൾക്കും ഈ നിബന്ധന ബാധകമാക്കാനാണ് നിർദേശിക്കുന്നത്.
കാറുകളുടെ ബ്രേക്കിംഗ് രീതിയിൽ മാത്രമല്ല കരട് നിർദ്ദേശങ്ങൾ പരമാർശിക്കുന്നത്. 2027 ഒക്ടോബർ 1 മുതൽ, മോട്ടോർ വാഹനങ്ങളിലെ സ്റ്റിയറിംഗ് സംവിധാനങ്ങൾ AIS-193 മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട് എന്നും വ്യക്തമാക്കുന്നു. 2029 ഒക്ടോബർ 1 മുതൽ, ഗതാഗത ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്യുന്ന M1 വിഭാഗം വാഹനങ്ങളിൽ ACSF (Automatic Command Steering Functionalities), ELKS (Emergency Lane Keeping System) എന്നിവ നിർബന്ധമാകും. ടാക്സികളെയാകും ഈ തീരുമാനം പ്രധാനമായും ബാധിക്കുക. കൂടാതെ, ഡ്രൈവർക്ക് ക്ഷീണം അനുഭവപ്പെടുമ്പോഴും ശ്രദ്ധ കുറയുമ്പോഴും വാഹനം സ്വയം മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങളും ഈ വിഭാഗം വാഹനങ്ങളിൽ ഏർപ്പെടുത്താനും നിർദ്ദേശമുണ്ട്.
English Summary
A major update is set to arrive for cars on Indian roads, specifically concerning safety. The Ministry of Road Transport and Highways has proposed making automatic braking or Automatic Emergency Braking (AEB) mandatory in passenger vehicles.