Kumily–Thekkady Flower Show: തേക്കടിയിലേക്ക് വണ്ടി വിടാം… കുമളി പുഷ്പമേള തുടങ്ങി; പ്രവേശന സമയവും ഫീസും
Thekkady Kumily Flower Show 2026: ഇടുക്കിയുടെ തനത് സുഗന്ധവ്യഞ്ജനങ്ങളും ഔഷധസസ്യങ്ങളും പരിചയപ്പെടാനുള്ള അവസരവും വിനോദ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. 20 രൂപ മുതൽ 300 രൂപ വരെ വിലയ്ക്ക് ചെടികൾ അവിടെ നിന്ന് വാങ്ങാനാകും. 33 ദിവസം നീണ്ടുനിൽക്കുന്ന തേക്കടി പുഷ്പമേളയിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന റൈഡുകളും വിനോദപരിപാടികളുമുണ്ട്.

Flower Show
ഇടുക്കിയുടെ കുളിരും പൂക്കളുടെ വർണ്ണവിസ്മയവും ഒന്നിച്ചുകാണാൻ ഈ വേനലിൽ നേരെ തേക്കടിയിലേക്ക് പോകണം. കോവിഡ് മഹാമാരി സമയത്തെ രണ്ട് വർഷമൊഴിച്ചാൽ കഴിഞ്ഞ 17 വർഷമായി വേനലിൽ കുമളിയിലെത്തുന്നവരുടെ കണ്ണിനെ വിസ്മയിപ്പിക്കുന്ന കാഴ്ച്ചയാണ് ഈ വസന്തോത്സവം. തേക്കടിയിലെ കുളിർമയുള്ള വൈകുന്നേരങ്ങളെ കൂടുതൽ വർണ്ണാഭമാക്കാൻ ഇക്കൊല്ലത്തെ കുമളി പുഷ്പമേളയ്ക്ക് തുടക്കമായിരിക്കുകയാണ്.
ഇത്തവണത്തെ മേളയെ കൊഴുപ്പിക്കാൻ വിദേശ രാജ്യങ്ങളിൽ നിന്നുള്ള അപൂർവയിനം പുഷ്പങ്ങളും കൗതുകകരമായ ഇൻസ്റ്റലേഷനുകളും എത്തിയിട്ടുണ്ട്. മെയ് മൂന്ന് വരെയാണ് കുമളി പുഷ്പമേള നടക്കുന്നത്. കുമിളി ഗ്രാമപഞ്ചായത്ത്, തേക്കടി അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി, മണ്ണാറത്തറ ഗാർഡൻസ് എന്നിവർ സംയുക്തമായാണ് പുഷ്പമേള സംഘടിപ്പിക്കുന്നത്.
ALSO READ: കുരുക്കില്ലാത്ത ബെംഗളൂരു യാത്ര? മെട്രോ വഴി എളുപ്പത്തിൽ എത്താവുന്ന കിടിലൻ സ്പോട്ടുകൾ
20,000 ചതുരശ്ര അടി വിസ്തൃതിയിലാണ് പുഷ്പമേള ഒരുക്കിയിരിക്കുന്നത്. 15,000 ചതുരശ്ര അടി വിസ്തൃതിയിൽ സസ്യ പ്രദർശനങ്ങളും, 100-ലധികം ഇനങ്ങളിലുള്ള 50,000-ത്തിലധികം ചെടികളും ഇവിടുത്തെ പ്രധാന ആകർഷണമാണ്. ബൊഗൈൻവില്ല ഇനങ്ങളുടെ വിപുലമായ ശേഖരമാണ് ഇത്തവണത്തെ പുഷ്പമേളയുടെ മാറ്റ് കൂട്ടുന്നത്. പൂക്കൾ കൊണ്ട് നിർമ്മിച്ച ശില്പങ്ങളും മനോഹരമായ ഇൻസ്റ്റലേഷനുകളും മേളയുടെ ആകർഷണമാണ്.
ഇടുക്കിയുടെ തനത് സുഗന്ധവ്യഞ്ജനങ്ങളും ഔഷധസസ്യങ്ങളും പരിചയപ്പെടാനുള്ള അവസരവും വിനോദ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. 20 രൂപ മുതൽ 300 രൂപ വരെ വിലയ്ക്ക് ചെടികൾ അവിടെ നിന്ന് വാങ്ങാനാകും. 33 ദിവസം നീണ്ടുനിൽക്കുന്ന തേക്കടി പുഷ്പമേളയിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന റൈഡുകളും വിനോദപരിപാടികളുമുണ്ട്.
പ്രവേശന സമയവും ഫീസും
ഒരാൾക്ക് 70 രൂപയാണ് പുഷ്പമേളയിലേക്കുള്ള പ്രവേശന ഫീസ്. 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. സെമിനാറുകൾ, ചർച്ചകൾ, സംഗീത കച്ചേരികൾ, മിമിക്രി, നൃത്ത പരിപാടികൾ എന്നിവയുൾപ്പെടെ വിവിധ പരിപാടികളാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലുടനീളമുള്ള 60-ലധികം വാണിജ്യ സ്റ്റാളുകൾ വേദിയിൽ ഒരുക്കിയിട്ടുണ്ട്.