5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Edible Mushrooms: കാണുന്ന കൂണെല്ലാം കഴിക്കാമോ? ഇവ എങ്ങനെ തിരിച്ചറിയാം, ഗുണങ്ങൾ എന്തെല്ലാം?

Types of Edible Mushroom: മരത്തിന്റെ ചുവട്ടിലും മറ്റും വളരുന്നതും, ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയതും, ഔഷധ ഗുണത്തിൽ മുൻപന്തിയിൽ നിൽക്കുന്നതും, രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നതും, നാരുകളാൽ സമ്പുഷ്ടമായതുമായ ഒരു ഭക്ഷണവിഭവമാണ് കൂൺ.

Edible Mushrooms: കാണുന്ന കൂണെല്ലാം കഴിക്കാമോ? ഇവ എങ്ങനെ തിരിച്ചറിയാം, ഗുണങ്ങൾ എന്തെല്ലാം?
കൂൺImage Credit source: Freepik
nandha-das
Nandha Das | Updated On: 19 Jan 2025 15:46 PM

വിഷക്കൂൺ കഴിച്ചതിനെ തുടർന്ന് മരണം വരെ സംഭവിച്ച വാർത്തകൾ നമ്മൾ ഇടയ്ക്ക് കാണാറുള്ളതാണ്. കഴിഞ്ഞ ദിവസം, മാജിക് മഷ്‌റൂം സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ് ആണെന്നും, അതുകൊണ്ട് തന്നെ ഇതിനെ നിരോധിത ലഹരി വസ്‌തുക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നും ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. ഇതോടെ, മലയാളികൾക്കിടയിൽ കൂണുകളെ പറ്റിയുള്ള ചർച്ച വീണ്ടും സജീവമായി. ചിലരുടെയെങ്കിലും പ്രധാന സംശയം കാണുന്ന കൂണെല്ലാം കഴിക്കാമോ എന്നതാണ്. ഭക്ഷ്യയോഗ്യമായ കൂണുകളും വിഷക്കൂണുകളും തമ്മിൽ വേർതിരിച്ചറിയാൻ സാധിക്കുമോ? ഭക്ഷ്യയോഗ്യമായ കൂണുകൾ ഏതെല്ലാമാണ്? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നമുക്ക് നോക്കാം.

മരത്തിന്റെ ചുവട്ടിലും മറ്റും വളരുന്നതും, ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയതും, ഔഷധ ഗുണത്തിൽ മുൻപന്തിയിൽ നിൽക്കുന്നതും, രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നതും, നാരുകളാൽ സമ്പുഷ്ടമായതുമായ ഒരു ഭക്ഷണവിഭവമാണ് കൂൺ. എന്നാൽ നമ്മുടെ നാട്ടിൽ ഇവ വളരെ അപൂർവമായി മാത്രമാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ, ആദിവാസി ജനതയുടെ ഭക്ഷണത്തിലെ പ്രധാന വിഭവമാണ് കൂൺ. ഫംഗസ് വർഗത്തിൽ പെടുന്ന വെളുത്തതും ചാര നിറം കലർന്നതുമായ ഒന്നാണിത്.

മരക്കൂണുകൾ പലതരമുണ്ട്. നല്ല ഈർപ്പമുള്ള മണ്ണിലും, മരങ്ങളിലും, വേരുകളിലും, ദ്രവിച്ച തടികളും ഒക്കെയാണ് സാധാരണഗതിയിൽ കൂണുകൾ ഉണ്ടാകുന്നത്. എല്ലാ മരക്കൂണുകളും അപകടകാരികളാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം അല്ലെന്നതാണ്. മരക്കൂണുകളിൽ എല്ലാം വിഷാംശം ഉള്ളവയല്ല. തെങ്, കവുങ്ങ്, പന, മാവ്, കശുമാവ്, റബർ എന്നീ മരങ്ങളിൽ പറ്റിപിടിച്ചു വളരുന്ന കൂണുകൾ ഭക്ഷ്യയോഗ്യമാണ്.

പണ്ടുകാലം മുതലേ മലയാളികൾ ഭക്ഷണമായി ഉപയോഗിച്ച് വരുന്നത് മണ്ണിൽനിന്ന് നേരിട്ടുമുളച്ചുവരുന്ന, അല്ലെങ്കിൽ ചിതൽ പുറ്റുകളിൽ കണ്ടുവരുന്ന കൂണുകളാണ്. എന്നാൽ നമ്മൾ മരക്കൂണുകൾ പറിച്ച് ഭക്ഷിക്കുന്നത് വളരെ വിരളമാണ്. മരക്കൂണുകളെ കുറിച്ച് കൃത്യമായി അറിവില്ലാത്തവർ ഇവ ഭക്ഷിക്കരുത്. കാരണം ചിലയിനം കൂണുകൾ മരണത്തിന് വരെ കാരണമായേക്കും. കേരളത്തിൽ നിലവിൽ കൃഷി ചെയ്യുന്ന കൂണുകളിൽ മിക്കതും മരക്കൂണിന്റെ വകഭേദങ്ങളാണ്.

ഭക്ഷ്യയോഗ്യമായ കൂണുകൾ

കൂണുകളെ കുറിച്ച് കൃത്യമായ അറിവുണ്ടെങ്കിൽ മാത്രമേ അതിൽ നിന്ന് ഭക്ഷ്യയോഗ്യമായ തിരഞ്ഞെടുക്കാൻ സാധിക്കൂ. ചെവിക്കൂൺ, ചിപ്പിക്കൂണുകൾ, ഈനോക്കിടെയ്ക്ക്, ഷിറ്റാക്കിക്കൂൺ, മായിടെയ്ക്ക്, ഹണി തുടങ്ങിയ കൂൺ ഇനങ്ങളാണ് കേരളത്തിൽ കൂടുതലും കൃഷി ചെയ്യുന്നത്. ഇതിൽ കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായത് ചിപ്പിക്കൂണുകളാണ്. ചിപ്പിക്കൂണുകളിൽ തന്നെ നാല് തരം കൂണുകളുണ്ട്. ചാരയിനം, വെളുത്തയിനം, പിങ്ക് ഇനം, സ്വർണനിറമുള്ളവ എന്നിങ്ങനെ. തണുപ്പുള്ളയിടങ്ങളിൽ കൃഷിചെയ്യാൻ പറ്റുന്ന കൂണാണ് ഓസ്ട്രയേറ്റ്സ്. വയനാട്, ഊട്ടി, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവ കൂടുതലായും കണ്ടുവരുന്നത്.

കൂണിന്റെ ഗുണങ്ങൾ

ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയ ഭക്ഷ്യ വസ്തുവാണ് ‘കൂൺ’. ഇവ കഴിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുപോലെ ഇതിലുള്ള ആന്‍റി ഓക്സിഡന്‍റുകള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും മികച്ചതാണ്. പൊട്ടാസ്യം അടങ്ങിയ കൂൺ രക്തസമ്മർദ്ദം നിയന്ത്രിക്കാനും, കൊളസ്‌ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. വിറ്റാമിനുകൾ, പൊട്ടാസ്യം, നാരുകൾ എന്നിവ ഹൃദയാരോഗ്യത്തിനും മികച്ചതാണ്. ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്കും കൂൺ ഡയറ്റിൽ ഉൾപ്പെടുത്താം. ഇതിൽ കലോറി കുറവാണ്. കൂടാതെ, വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയ കൂൺ പതിവാക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും, ചർമ്മത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. മനസികാരോഗ്യത്തിനും കൂൺ മികച്ചതാണ്.