Abhishek Sharma: അഭിഷേക് ശർമ്മ എല്ലായ്പ്പോഴും ടീമിനായി കളിക്കുന്ന താരം; പുകഴ്ത്തലുമായി സഞ്ജയ് മഞ്ജരേക്കർ
Sanjay Manjrekar About Abhishek Sharma: അഭിഷേക് ശർമ്മയുടെ ടി20 ടെക്നിക് ഗംഭീരമാണെന്ന് സഞ്ജയ് മഞ്ജരേക്കർ. താരം നിസ്വാർത്ഥനാണെന്നും മഞ്ജരേക്കർ പറഞ്ഞു.

അഭിഷേക് ശർമ്മയെ പുകഴ്ത്തി മുൻ താരവും കമൻ്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ച വിഡിയോയിലാണ് മഞ്ജരേക്കർ അഭിഷേകിനെ പുകഴ്ത്തിയത്. അഭിഷേക് എല്ലായ്പ്പോഴും ടീമിനായി കളിക്കുന്ന താരമാണെന്ന് മഞ്ജരേക്കർ പറഞ്ഞു. (Image Credits - PTI)

"എന്തൊരു ഗംഭീര ടി20 പ്രതിഭയാണ് അഭിഷേക്. ടെസ്റ്റ് ക്രിക്കറ്റ് സവിശേഷതയുള്ളതാണ്. ടി20 ക്രിക്കറ്റും സവിശേഷതയുള്ളതാണ്. അഭിഷേകിൻ്റെ ടെക്നിക് വളരെ ആശ്ചര്യമുണ്ടാക്കുന്നതാണ്. ടി20 ക്രിക്കറ്റിൽ അഭിഷേകിൻ്റെ ടെക്നിക് വളരെ കൃത്യമാണ്."- സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.

"വേറൊരു കാര്യം, അവൻ വളരെ നിസ്വാർത്ഥനാണ്. അവൻ നേടിയ സെഞ്ചുറികളിലൊക്കെ സ്ട്രൈക്ക് റേറ്റ് 200ന് മുകളിലായിരുന്നു. 90കളിൽ ബാറ്റിംഗ് മെല്ലെയാക്കുന്നയാളല്ല അവൻ. ഔട്ടാകുന്നതൊന്നും അവനൊരു പ്രശ്നമല്ല. അത് ടി20 ക്രിക്കറ്റിൽ വലിയ കാര്യമാണ്."- മഞ്ജരേക്കർ തുടർന്നു.

ആദ്യ പന്തിൽ റിസ്കെടുത്ത് അവൻ സിക്സടിക്കാൻ ശ്രമിക്കും. അത്തരം ബാറ്റർമാർ വളരെ അപകടകാരികളാണ്. ഒരു ബൗണ്ടറി അടിച്ചിട്ട് പിന്നീട് ഇന്നിംഗ്സ് ദീർഘിപ്പിക്കാൻ ശ്രമിക്കുന്നയാളല്ല അഭിഷേക്. ഓരോ പന്തിലും പരമാവധി സ്കോർ ചെയ്യാനാണ് ശ്രമിക്കുന്നത് എന്നും താരം പറഞ്ഞു.

ഐസിസി ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണ് അഭിഷേക് ശർമ്മ. 908 ആണ് റേറ്റിംഗ്. നിലവിൽ, ന്യൂസീലൻഡിനെതിരായ ടി20 പരമ്പരയിലും താരം ഫോമിലാണ്. ആദ്യ കളി 35 പന്തിൽ 84 റൺസ് നേടിയ താരം മൂന്നാമത്തെ മത്സരത്തിൽ 20 പന്തിൽ 68 റൺസ് നേടി പുറത്താവാതെ നിന്നു.