Parvathy Thiruvothu: “ഒരു ഘട്ടത്തിൽ സിനിമയിൽ നിന്നും പുറത്താക്കപ്പെടലിൻ്റെ വക്കിലെത്തി, പക്ഷേ തോറ്റു കൊടുക്കാൻ തയ്യാറായിരുന്നില്ല”: പാർവതി തിരുവോത്ത്
"Malayalam Audience Saved My Career": Parvathy Thiruvothu Reflects on Her 20-Year Journey: സ്വന്തം അഭിപ്രായങ്ങൾ എപ്പോഴും തുറന്നു പറയുന്ന പ്രകൃതം കാരണം മലയാള സിനിമയിൽ തനിക്ക് വലിയ നഷ്ടങ്ങൾ സംഭവിച്ചതായി പാർവതി തിരുവോത്ത് അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ കടുത്ത പ്രതിസന്ധികളിലും തന്നെ ഈ നിലയിൽ നിലനിർത്തിയത് പ്രേക്ഷകർ തനിക്ക് സിനിമയിൽ നൽകിയ സ്ഥാനമാണ് എന്ന് താരം തുറന്നു പറയുന്നു. കഴിഞ്ഞ ഇരുപത് വർഷമായി സിനിമയിൽ സജീവമായി തുടരാൻ കഴിയുന്നത് പ്രേക്ഷകരുടെ ഈ വലിയ പിന്തുണ കാരണമാണെന്നും പാർവതി പറഞ്ഞു.

വാർത്താ ഏജൻസിയായ പി.ടി.ഐയോട് സംസാരിക്കവെയാണ് താരം മനസ്സ് തുറന്നത്. അഭിപ്രായങ്ങൾ ഉറക്കെ വിളിച്ചു പറയുന്നത് പലപ്പോഴും കരിയറിൽ ദോഷം ചെയ്യാറുണ്ടെന്ന് താരം പറയുന്നു. എങ്കിലും സമൂഹത്തിൽ തനിക്കുള്ള സ്വാധീനം നല്ല കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാതിരിക്കാൻ കഴിയില്ലെന്ന് അവർ തീർത്തു പറഞ്ഞു. നമുക്ക് ചുറ്റുമുള്ള ലോകത്തെ കുറച്ചുകൂടി മെച്ചപ്പെട്ടതാക്കി മാറ്റാൻ ഇത്തരം നിലപാടുകൾ അനിവാര്യമാണെന്ന് താരം വ്യക്തമാക്കുന്നു. (Facebook Parvathy Thiruvothu)

താൻ മിണ്ടാതിരുന്നാൽ മാത്രം സിനിമ കാണാമെന്ന് കരുതുന്ന ചില ആളുകൾ സമൂഹത്തിലുണ്ട്. എന്നാൽ മലയാള സിനിമ പ്രേക്ഷകർ മികച്ച ചിത്രങ്ങളെ എപ്പോഴും വിജയിപ്പിക്കാറുണ്ട്. ഒരു വ്യക്തിയെന്ന നിലയിൽ തന്നോട് ഒരുപക്ഷേ അവർക്ക് വെറുപ്പോ ഇഷ്ടമോ തോന്നാം. എന്നാൽ ഒരു നല്ല സിനിമ നൽകിയാൽ പ്രേക്ഷകർ തീർച്ചയായും അത് സ്വീകരിക്കുമെന്നും താരം പറയുന്നു

മലയാളി പ്രേക്ഷകരുടെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ താൻ എന്നേ സിനിമാ മേഖലയിൽ നിന്നും പൂർണ്ണമായും പുറത്താക്കപ്പെടുമായിരുന്നു. മറ്റു പല ഇൻഡസ്ട്രികളിലും ശക്തമായ നിലപാടുകൾ പറഞ്ഞ നടിമാർക്ക് അവിടെ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഒരു ഘട്ടത്തിൽ താനും പുറത്താക്കപ്പെടലിൻ്റെ വക്കിൽ എത്തിയിരുന്നു. എന്നാൽ പിന്മാറാൻ താൻ തയ്യാറായിരുന്നില്ല എന്ന് പാർവതി വ്യക്തമാക്കി.

സമൂഹ മാധ്യമങ്ങളിലെ രൂക്ഷമായ പരിഹാസങ്ങൾ ഇപ്പോഴും കാണാം. എന്നാൽ സ്വന്തം അഭിപ്രായങ്ങൾ താൻ തുടർന്നും ശക്തമായി പറയുമെന്ന് താരം വ്യക്തമാക്കി. വധഭീഷണികളും ബലാത്സംഗ ഭീഷണികളും പോലുള്ള സൈബർ ആക്രമണങ്ങൾ നേരിടുക അത്ര എളുപ്പമല്ല എന്നും അവർ തുറന്ന് പറയുന്നു. ഇത്തരത്തിൽ നിരന്തരം സൈബർ ആക്രമണങ്ങൾ നേരിടുമ്പോൾ സ്വാഭാവികമായും അത് ഒരു ഭയം സൃഷ്ടിക്കുമെന്ന ആശങ്കയും പാർവതി പങ്കുവച്ചു

അതേസമയം പാർവതി ആദ്യമായി പോലീസ് വേഷത്തിൽ എത്തിയ 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' എന്ന ചിത്രം വലിയ വിജയമാണ് സ്വന്തമാക്കിയത്. 50 കോടിയോളമാണ് ചിത്രത്തിൻ്റെ ബോക്സ് ഓഫീസ് കളക്ഷൻ. സിനിമയിലെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസയും താരത്തെ തേടിയെത്തി, മാത്യു തോമസ്, വിജയരാഘവൻ, ഉണ്ണിമായ പ്രസാദ്, സിദ്ധാർത്ഥ് ഭരതൻ, വിനയ് ഫോർട്ട് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്.