Honda Elevate Facelift: സെൽടോസിന് വെല്ലുവിളി, ലുക്കിലും ഫീച്ചേഴ്സിലും വലിയമാറ്റവുമായി ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ്
Honda Elevate Facelift Lauch: അങ്ങനെ വാഹനലോകം ഏറെ ആകാംഷയോടെ കാത്തിരുന്ന ഹോണ്ടയുടെ എസ്.യു.വി മോഡലായ എലിവേറ്റ് (Elevate) ഫേസ് ലിഫ്റ്റ് ലോഞ്ച് ചെയ്തു. രൂപത്തിലും ഫീച്ചേഴ്സിലും കാര്യമായ മാറ്റങ്ങളോടെയാണ് ഈ വാഹനം എത്തിയിരിക്കുന്നത്. ഹോണ്ടയുടെ ഈ കോംപാക്ട് എസ്.യു.വി വിപണിയിൽ പ്രധാനമായും കിയ സെൽടോസുമായിട്ടാണ് മത്സരിക്കുക. ഫേസ് ലിഫ്റ്റ് മോഡലിന്റെ വിലയും മറ്റ് പ്രത്യേകതകളും അറിയാം.

പുതിയ ഹോണ്ട എലവേറ്റ് എസ്‌യുവിയുടെ എക്സ്-ഷോറൂം വില 11.80 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. മുൻവശത്ത് പ്രകടമായ മാറ്റം കൊണ്ടുവന്നിട്ടുണ്ട് ഹോണ്ട. പ്രധാനമായും, ഹെഡ്‌ലാമ്പുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന എൽഇഡി (LED) സ്ട്രിപ്പുകളും ഹണി-കോമ്പ് പാറ്റേണിലുള്ള ഗ്രില്ലും ഇതിൽ നൽകിയിരിക്കുന്നു. ( Image Credit Source Honda Website)

പിൻഭാഗത്തേക്ക് വന്നാൽ വിപണിയിലെ നിലവിലെ ട്രെൻഡിനനുസൃതമായി കണക്ടറ്റഡ് ടെയിൽ ലൈറ്റുകളാണ് പുതിയ മോഡലിൽ നൽകിയിരിക്കുന്നത്. നോർഡിക് ഫോറസ്റ്റ് പേൾ, റേഡിയൻ്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, ക്രിസ്റ്റൽ ബ്ലാക്ക് പേൾ, ഒബ്‌സിഡിയൻ ബ്ലൂ പേൾ, മീറ്റിയോറോയിഡ് ഗ്രേ മെറ്റാലിക്, ലൂണാർ സിൽവർ മെറ്റാലിക് തുടങ്ങിയ നിറങ്ങളിൽ ഈ വാഹനം സ്വന്തമാക്കാം.

ഇന്റീരിയർ സൗകര്യങ്ങൾ നോക്കിയാൽ ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, 8-വേ പവർ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, റിയർ വെന്റിലേറ്റഡ് സീറ്റുകൾ, 360-ഡിഗ്രി ക്യാമറ, ഇലക്ട്രിക് സൺറൂഫ്, ലെയ്ൻ വാച്ച് ക്യാമറ, സിക്സ്-സ്പീക്കർ സൗണ്ട് സിസ്റ്റം തുടങ്ങിയവ ആണ് ഹോണ്ട എലിവേറ്റ് ഫേസ് ലിഫ്റ്റിലെ പ്രധാന സവിശേഷതകൾ.

ഹോണ്ട എലവേറ്റിൽ സുരക്ഷയ്ക്കും വലിയ പ്രധാന്യമാണ് കമ്പനി നൽകുന്നത്. സിവിടി വകഭേദങ്ങളിൽ റിയർ ഡിസ്ക് ബ്രേക്കുകൾ, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, ലെവൽ 2 ADAS, ആറ് എയർബാഗുകൾ എന്നീ സുരക്ഷാ ഫീച്ചറുകൾ നൽകിയിട്ടുണ്ട്.

1.5 ലിറ്റർ i-VTEC പെട്രോൾ എൻജിനാണ് വാഹനത്തിൽ വരുന്നത്. 119 hp കരുത്തും 145 Nm ടോർക്കും ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന വിധത്തിലാണ് ഈ എൻജിൻ ക്രമീകരിച്ചിരിക്കുന്നത്. 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ (MT) അല്ലെങ്കിൽ CVT ഓട്ടോമാറ്റിക് ഓപ്ഷനുകൾ തിരഞ്ഞെടുക്കാം.