Honda Elevate Facelift: അകത്തും പുറത്തും അടിമുടി മാറ്റം! ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് ഉടൻ വിപണിയിൽ, ഇപ്പോൾ ബുക്ക് ചെയ്യാം
Honda Elevate Facelift Launch: ഹോണ്ടയുടെ എസ്.യു.വി മോഡലായ എലിവേറ്റ് അടിമുടി മാറ്റത്തോടെ വിപണിയിലേക്ക് എത്തുകയാണ്. ഒക്ടോബർ 6 നാണ് ഹോണ്ട എലിവേറ്റിന്റെ ഫേസ് ലിഫ്റ്റ് മോഡൽ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യുന്നത്. ലോഞ്ചിന് മുന്നോടിയായി ഇതിനകം തന്നെ വാഹനത്തിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 2023 ലാണ് എലവേറ്റിനെ ഹോണ്ട ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്.

അതിന് ശേഷമുള്ള ആദ്യത്തെ പ്രധാന അപ്ഡേറ്റാണ് ഇത്. ഇന്റീരിയറിലും എക്സ്റ്റീരിയറിലും കാര്യമായ മാറ്റങ്ങളാണ് പുതിയ മോഡലിൽ ഉണ്ടാവുക. കൂടുതൽ പുതിയ ഫീച്ചറുകളും വാഹനത്തിലുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ലോഞ്ചിന് മുന്നോടിയായി വാഹനത്തിന്റെ ടീസർ കമ്പനി പുറത്ത് വിട്ടിട്ടുണ്ട്. ( Image Credit Source Honda Website, Social Media, Screen Grab)

നിലവിലുള്ള അതേ രൂപഘടനയാണ് തുടരുന്നതെങ്കിലും, മുൻഭാഗത്തെ ഡിസൈനിൽ ശ്രദ്ധേയമായ മാറ്റങ്ങളാണ് പുതിയ മോഡലിൽ വന്നിരിക്കുന്നത് എന്ന് ടീസർ വ്യക്തമാക്കുന്നുണ്ട്. പുതിയ കണക്റ്റഡ്-സ്റ്റൈൽ എൽഇഡി ഡിആർഎൽ (LED DRL) ഉം വാഹനത്തിൽ ഉൾപ്പെടുത്തയിട്ടുണ്ട്. ഇത് എലിവേറ്റിന് കൂടുതൽ ആധുനിക ലുക്ക് നൽകുന്നു.

ഗ്രില്ലിന്റെ രൂപകൽപ്പനയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കൂടാതെ, ഹോണ്ട ലോഗോ ബോണറ്റിൽ അല്പം കൂടി ഉയർന്ന സ്ഥാനത്തേക്ക് മാറ്റി സ്ഥാപിച്ചത് മുൻഭാഗത്തിന് വ്യത്യസ്തമായ ലുക്കും നൽകുന്നു. ഇതിനൊപ്പം പുതിയ അലോയ് വീൽ ഡിസൈനും ഈ ഫേസ്ലിഫ്റ്റിൽ പ്രതീക്ഷിക്കുന്നു. പിൻഭാഗത്ത് പരസ്പരം ബന്ധിപ്പിച്ച എൽഇഡി (LED) ടെയിൽ ലാമ്പുകളും പുനർരൂപകൽപ്പന ചെയ്ത ബമ്പറും ക്രമീരിച്ചിരിക്കുന്നു.

വാഹനത്തിന്റെ ഇന്റീരിയറിലെ എടുത്തുപറയാവുന്ന മാറ്റം ബീജ് നിറത്തിൽ നൽകിയിട്ടുള്ള അപ്ഹോൾസ്റ്ററി ആയിരിക്കും. ഇത് ക്യാബിനെ കൂടുതൽ പ്രീമിയം ലുക്കിലേക്ക് ഉയർത്തുന്നു. പുതിയ പതിപ്പിൽ ആംബിയന്റ് ലൈറ്റിംഗ് സംവിധാനവും ഉൾപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം നിലവിലുള്ള രീതിയിൽ തന്നെ തുടമോ, അതോ സ്ക്രീനിന്റെ വലുപ്പം കൂട്ടുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

നിലവിലുള്ള എൻജിൻ പവർട്രെയിൻ ഓപ്ഷനുകൾ തന്നെയാകും എലിവേറ്റ് ഫേസ്ലിഫ്റ്റിലും ഉണ്ടാവുക. 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിൻ തന്നെ തുടരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിനൊപ്പം 6-സ്പീഡ് മാനുവൽ ഗിയർബോക്സും സിവിടി (CVT) ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ലഭ്യമാകും. നിലവിൽ ഈ എൻജിൻ 121 എച്ച്പി (Hp) കരുത്തും 145 എൻഎം (Nm) ടോർക്കുമാണ് ഈ എൻജിൻ ഉൽപ്പാദിപ്പിക്കുന്നത്.