ഡ്രോപ്പ് സെറ്റോ സൂപ്പർ സെറ്റോ മികച്ചത്? വ്യത്യാസങ്ങൾ അറിയാം !
Drop Sets vs. Supersets: ജിമ്മിൽ മണിക്കൂറുകളോളം സമയം ചിലവഴിക്കാതെ പെട്ടെന്ന് മസിൽ വളർത്താൻ സഹായിക്കുന്ന രണ്ട് പ്രധാന വ്യായാമ രീതികളാണ് ഡ്രോപ്പ് സെറ്റുകളും സൂപ്പർ സെറ്റുകളും. വ്യായാമങ്ങളുടെ എണ്ണം കൂട്ടാതെ തന്നെ വർക്കൗട്ടിൻ്റെ ഇൻ്റൻസിറ്റി വർഷിപ്പിക്കാൻ ഇവ സഹായിക്കും. എന്നാൽ പേശികളുടെ കരുത്തിനും വളർച്ചയ്ക്കും ഇവയിൽ ഏതാണ് കൂടുതൽ മികച്ചതെന്ന് കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.

ഒരു പ്രത്യേക വ്യായാമം പരമാവധി ഭാരമുപയോഗിച്ച് ചെയ്ത് ക്ഷീണിച്ച ശേഷവും, ഒട്ടും വിശ്രമമില്ലാതെ ഭാരം കുറച്ച് വീണ്ടും തുടർന്ന് ചെയ്യുന്ന രീതിയാണ് ഡ്രോപ്പ് സെറ്റ്. ഉദാഹരണത്തിന് ബൈസെപ്സ് കേൾ ചെയ്യുമ്പോൾ ആദ്യം പരമാവധി ഭാരത്തിൽ ചെയ്ത ശേഷം, ഉടൻ തന്നെ ഭാരം കുറച്ച് കൂടുതൽ തവണ ആവർത്തിക്കുന്നു. കുറഞ്ഞ സമയം കൊണ്ട് പേശികൾക്ക് കൂടുതൽ ആയാസം നൽകാൻ ഈ രീതി ഉപകരിക്കും. (Image Credit source: Getty Images)

രണ്ട് വ്യത്യസ്ത വ്യായാമങ്ങൾ ഇടവേളകളില്ലാതെ ഒന്നിനുപുറകെ ഒന്നായി തുടർച്ചയായി ചെയ്യുന്ന രീതിയെയാണ് സൂപ്പർ സെറ്റ് എന്ന് വിളിക്കുന്നത്. ഒരേ പേശികൾക്കോ അല്ലെങ്കിൽ ഒന്നിലധികം മസിൽ ഗ്രൂപ്പുകൾക്കോ വേണ്ടിയുള്ള വ്യായാമങ്ങൾ ഇതിനായി തിരഞ്ഞെടുക്കാം. ഓരോ സെറ്റുകൾക്കിടയിലുമുള്ള വിശ്രമം ഒഴിവാക്കുന്നത് വഴി ജിമ്മിൽ ചിലവഴിക്കുന്ന സമയം ലാഭിക്കാൻ ഈ രീതിയിലൂടെ സാധിക്കും.

ഡ്രോപ്പ് സെറ്റും സൂപ്പർ സെറ്റും വർക്കൗട്ടിൻ്റെ ഇൻ്റൻസിറ്റി വർധിപ്പിക്കുമെങ്കിലും ഇവ തീർത്തും വ്യത്യസ്തമാണ്. ഡ്രോപ്പ് സെറ്റിൽ ഒരേ വ്യായാമം തന്നെ ഭാരം കുറച്ച് കൂടുതൽ തവണ ആവർത്തിക്കുമ്പോൾ, സൂപ്പർ സെറ്റിൽ വിശ്രമമില്ലാതെ രണ്ട് വ്യത്യസ്ത വ്യായാമങ്ങളാണ് ചെയ്യുന്നത്. പേശികളെ അതിൻ്റെ പരമാവധി പരിധിയിലേക്ക് എത്തിക്കാൻ ഡ്രോപ്പ് സെറ്റ് സഹായിക്കുമ്പോൾ, സമയക്കുറവുള്ളവർക്ക് കൂടുതൽ വ്യായാമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ സൂപ്പർ സെറ്റ് സഹായിക്കും

മെഷീൻ ഉപയോഗിച്ച് ചെയ്യുന്ന വർക്കൗട്ടുകൾക്കോ ഐസൊലേഷൻ വ്യായാമങ്ങൾക്കോ ഒടുവിലാണ് സാധാരണയായി ഡ്രോപ്പ് സെറ്റുകൾ ഉൾപ്പെടുത്താറുള്ളത്. ലെഗ് എക്സ്റ്റൻഷൻ, ലാറ്ററൽ റൈസ് തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ഒരു മസിൽ ഗ്രൂപ്പിന് വേണ്ടി വ്യായാമം ചെയ്യുമ്പോൾ അടുത്തതിന് വിശ്രമം ലഭിക്കുന്ന രീതിയിലാണ് സൂപ്പർ സെറ്റ് ക്രമീകരിക്കുന്നത്. എന്നാൽ ഒരേ മസിൽ ഗ്രൂപ്പുകൾക്ക് വിശ്രമമില്ലാതെ തുടർച്ചയായി വ്യായമം ചെയ്യുന്നത് പെട്ടന്ന് ഉണ്ടാക്കാൻ ഇടയുണ്ട്.

വർക്കൗട്ടിൻ്റെ തീവ്രത കൂടിയതുകൊണ്ട് മാത്രം കാര്യമില്ല; ശരിയായ പോഷകാഹാരം, ആവശ്യത്തിന് പ്രോട്ടീൻ, ചിട്ടയായ ഉറക്കം എന്നിവയാണ് മസിൽ വളർച്ചയുടെ അടിസ്ഥാന ഘടകങ്ങൾ. ഇവ രണ്ടും കൃത്യമായ ഇടവേളകളിൽ നിങ്ങളുടെ വർക്കൗട്ട് പ്ലാനിൽ ഉൾപ്പെടുത്താം. സാധാരണ വ്യായാമങ്ങൾക്കൊപ്പം ഇവ കൃത്യമായി ഉപയോഗിക്കുന്നതിലൂടെ മികച്ച റിസൾട്ട് ഉണ്ടാക്കാനാകും.