വര്‍ക്ക് ഷോപ്പിലേക്ക് ഓടണ്ട, വീട്ടില്‍ തന്നെ ചെയിന്‍ ലൂബ് ചെയ്യാം, ഇതാ എളുപ്പവഴികള്‍
Chain Lube and Cleaning: ഇന്നത്തെ കാലത്ത് ബൈക്ക് ഉപയോഗിക്കുന്നവര്‍ നേരിടുന്ന ഒരു പ്രശ്മനമാണ് ചെയിന്‍ ലൂബ്രിക്കേഷന്‍ ചെയ്യല്‍. പ്രത്യേകിച്ച് പുതിയ തലമുറയിലെ ബൈക്കുകള്‍ ഉള്ളവര്‍. ഇതിനായി ഇടയ്ക്കിടയ്ക്ക് വര്‍ക്കഷോപ്പുകളില്‍ പോകുന്നത് പണച്ചെലവിന് പുറമെ സമയ നഷ്ടവും ഉണ്ടാക്കുന്നു. കൃത്യമായ ഇടവേളകളില്‍ ലൂബ് ചെയ്യുന്നത് ചെയിനിന്റെയും സോക്കറ്റിന്റെയും ആയുസ്സ് കൂട്ടും.

ബൈക്കിൻ്റെ ചെയിന്‍ ലൂബ് ചെയ്യുന്നതിന് മുമ്പായി വാഹനം സുക്ഷിതമായി നിരപ്പായ സ്ഥലത്ത് സെന്റര്‍ സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യണം. പിന്‍ ചക്രം എളുപ്പത്തില്‍ കറക്കുന്നതിനായി ബൈക്ക് ന്യൂട്രലില്‍ ഇടുക. ലൂബ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന കറ തറയില്‍ വീഴാതിരിക്കാന്‍ നിലത്ത് തുണിയോ കട്ടിയുള്ള പേപ്പറോ വിരിക്കുക. ഒരിക്കലും വാഹനം സ്റ്റാര്‍ട്ട് ചെയ്ത് ഗിയറിലിട്ട് ചക്രം കറക്കിക്കൊണ്ട് ലൂബ് ചെയ്യാതിരിക്കുക. ഇത് അപകടം വിളിച്ചുവരുത്തും. (Image Credit Source: Getty Images)

അദ്യമായി ചെയ്യേണ്ടത് ചെയിനില്‍ നിലവില്‍ പറ്റിപ്പിടിച്ചിട്ടുള്ള അഴുക്കും പൊടികളും നീക്കലാണ്. ഇതിനായി വിപണിയില്‍ ലഭിക്കുന്ന ചെയിന്‍ ക്ലീനറുകള്‍ ഉപയോഗിക്കാം. ഒരു ബ്രഷ് ഉപയോഗിച്ച് വേണം ഒരോ കണ്ണികളും വൃത്തിയാക്കാന്‍. ടൂത്ത് ബ്രഷ് ആയാലും മതി. അവസാനം കട്ടിയുള്ള തുണി ഉപയോഗിച്ച് ചെയിന്‍ മൊത്തത്തില്‍ തുടയ്ക്കുക.

അടുത്ത ഘട്ടം ലൂബ്രിക്കേറ്റര്‍ അപ്ലെ ചെയ്യലാണ്. ബൈക്കുകള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ലൂബ്രിക്കേറ്റര്‍ സ്‌പ്രേ ഇതിനായി നേരത്തെ വാങ്ങിവയ്ക്കണം. മിതമായ വിലയില്‍ ഓണ്‍ലൈനായും ഓഫ് ലൈനായും ലൂബ്രിക്കന്റ് സ്‌പ്രേകള്‍ ലഭിക്കും. ലാഭം നോക്കി ഡിസല്‍, പഴയ എഞ്ചിന്‍ ഓയില്‍, ഗ്രീസ് മുതലായ വസ്തുക്കള്‍ ഇതിന് പകരം ഉപയോഗിക്കാതിരിക്കുക. ഇവയിലേക്ക് പെട്ടെന്ന് പൊടിയും മണലുമൊക്കെ ആകര്‍ഷിക്കപ്പെടും.

പിന്‍ ചക്രം മെല്ലെ ഒരു കൈ കൊണ്ട് കറിക്കൊണ്ട് വേണം ലൂബ് സ്‌പ്രേ അപ്ലെ ചെയ്യാന്‍. എങ്കിലെ എല്ലാ ഭാഗത്തും എത്തൂ. മുകള്‍ ഭാഗത്തും താഴെ ഭാഗത്തും കണ്ണികളുടെ ഇടയിലും എത്തുന്ന വിധത്തില്‍ വേണം സ്‌പ്രേ ചെയ്യാന്‍. ടയറിലോ ഡിസ്‌ക് ബ്രേക്കിലോ വീഴാതെ വേണം ഇങ്ങനെ ചെയ്യാന്‍.

ലൂബ് ചെയ്ത ഉടന്‍ തന്ന വാഹനം എടുത്ത് ഒടിക്കരുത്. സ്‌പ്രേ ചെയ്ത് അഞ്ച് മിനിറ്റിന് ശേഷം അധികമായി പറ്റിപ്പിടിച്ചിരിക്കുന്ന ലൂബ് തുണികൊണ്ട് തുടച്ച് മാറ്റുക. വൃത്തിയുള്ള കോട്ടണ്‍ തുണിവേണം ഇതിനായി ഉപയോഗിക്കാന്‍. ഇതിന് ശേഷം കുറഞ്ഞത് അര മണിക്കൂറെങ്കിലും വാഹനം വെറുതെ വയ്ക്കുക. വേനല്‍ കാലത്ത് മാത്രമല്ല മഴക്കാലത്തും കൃത്യമായി ഇത് ചെയ്യുക.