Recipe: പുട്ട് പൊടി കൊണ്ട് സോഫ്റ്റ് ഇഡ്ഡലി ഉണ്ടാക്കിയാലോ… റെസിപ്പി ഇതാ
Soft Idli Using Puttu Podi: മലയാളികളുടെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണമാണ് ഇഡ്ഡലി. എന്നാൽ, പലപ്പോഴും സോഫ്റ്റായ ഇഡ്ഡലി നമുക്ക് കിട്ടണമെന്നില്ല. ഇഡ്ഡലിക്ക് മാവ് അരയ്ക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ, മാവ് അരയ്ക്കുമ്പോൾ അല്പം പുട്ടു പൊടി കൂടി ചേർത്താൽ നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ, നല്ല സോഫ്റ്റ് ഇഡ്ഡലി കിട്ടുകയും ചെയ്യും. എങ്ങനെയെന്നല്ലേ...

ആദ്യം ഒരു കപ്പ് ഉഴുന്നും അൽപ്പം ഉലുവയും ചേർത്ത് ഏകദേശം നാല് മണിക്കൂർ കുതിർക്കാൻ വെയ്ക്കുക. കുതിർത്ത ഉഴുന്നിനോടൊപ്പം മുക്കാൽ കപ്പ് ചോറും, ഉഴുന്ന് കുതിർത്ത വെള്ളവും ചേർത്ത് മിക്സിയിൽ നല്ലപോലെ അരച്ചെടുക്കുക. രണ്ട് കപ്പ് തരിയുള്ള പുട്ടുപൊടിയിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് കലക്കി എടുക്കുക. (Image Credit source: Getty Images)

കട്ടകെട്ടാതെ വേണം കലക്കിയെടുക്കാൻ. ഇതിലേക്ക് അരച്ചുവെച്ച ഉഴുന്ന് മാവ് കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് പുളിക്കാൻ മാറ്റി വെയ്ക്കുക. മാവ് നന്നായി പൊങ്ങിവന്ന ശേഷം ഇഡ്ഡലി പാത്രത്തിൽ ഒഴിച്ച് ആവിയിൽ വേവിച്ചെടുത്താൽ പഞ്ഞിപോലെയുള്ള സോഫ്റ്റ് ഇഡ്ഡലി തയ്യാർ.

പഞ്ഞിപോലെ മൃദുവായതും നല്ലതുമായ ഇഡ്ഡലി ലഭിക്കാൻ മാവ് തയ്യാറാക്കുന്നത് മുതൽ വേവിക്കുന്നത് വരെ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണയായി 3:1 അല്ലെങ്കിൽ 4:1 എന്ന അനുപാതത്തിലാണ് അരിയും ഉഴുന്നും എടുക്കേണ്ടത്

ഇഡ്ഡലി പാത്രത്തിലെ വെള്ളം നന്നായി തിളച്ച് ആവി വന്ന ശേഷം മാത്രമേ മാവ് ഒഴിച്ച തട്ടുകൾ ഉള്ളിലേക്ക് ഇറക്കിവെയ്ക്കാവൂ. ഇടത്തരം തീയിൽ 10 മുതൽ 12 മിനിറ്റ് വരെ വേവിച്ചാൽ മതിയാകും. കൂടുതൽ സമയം വേവിച്ചാൽ ഇഡ്ഡലി കട്ടിയായി പോകാൻ സാധ്യതയുണ്ട്.

അടുപ്പിൽ നിന്നും ഇറക്കിയ ഉടൻ തന്നെ ഇഡ്ഡലി തട്ടിൽ നിന്നും ഇളക്കിയെടുക്കാതെ, 2-3 മിനിറ്റ് ചെറുതായി തണുത്ത ശേഷം നനഞ്ഞ സ്പൂൺ ഉപയോഗിച്ച് എടുത്താൽ തട്ടിൽ ഒട്ടിപ്പിടിക്കാതെ വൃത്തിയായി കിട്ടും. സോഫ്റ്റ് ഇഡ്ഡലി ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കൂ....