India vs New Zealand: ഏകദിന പരമ്പര നാളെ മുതൽ; റോ – കോയെ എങ്ങനെ, എപ്പോൾ, എവിടെ കാണാം?
IND vs NZ Broadcast Details: ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ഏകദിന പരമ്പര നാളെ ആരംഭിക്കുന്നു. മത്സരം എവിടെ, എങ്ങനെ, എപ്പോൾ കാണാമെന്ന് നോക്കാം.

ഇന്ത്യ - ന്യൂസീലൻഡ് ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം. വഡോദര ബിസിഎ സ്റ്റേഡിയത്തിൽ വച്ചാണ് ആദ്യ ഏകദിനം. ഉച്ചയ്ക്ക് 1.30ന് മത്സരം ആരംഭിക്കും. രോഹിത് ശർമ്മയും വിരാട് കോലിയും കളിക്കുന്നു എന്നതാണ് ഈ പരമ്പരയുടെ പ്രത്യേകത. ശുഭ്മൻ ഗിൽ ആണ് ക്യാപ്റ്റൻ. (Image Credits - PTI)

മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രാജ്കോട്ട്, ഇൻഡോർ എന്നിവിടങ്ങളിൽ ജനുവരി 14, 18 തീയതികളിലായി പരമ്പരയിലെ അവസാന രണ്ട് ഏകദിനങ്ങൾ നടക്കും. എല്ലാ മത്സരങ്ങളും ഉച്ചയ്ക്ക് 1.30നാണ് ആരംഭിക്കുക. സർജറി കഴിഞ്ഞ് വിശ്രമത്തിലുള്ള തിലക് വർമ്മ കളിക്കില്ല.

സ്റ്റാർ നെറ്റ്‌വർക്ക് ആണ് പരമ്പരയുടെ സംപ്രേഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ടെലിവിഷൻ പ്രേക്ഷകർക്ക് സ്റ്റാർ സ്പോർട്സ് ചാനലുകളിൽ മത്സരങ്ങൾ കാണാം. ഒടിടി പ്രേക്ഷകർക്ക് ജിയോഹോട്ട്സ്റ്റാർ ആപ്പും വെബ്സൈറ്റും ഉപയോഗിച്ച് കളി കാണാം.

സർജറിക്ക് ശേഷം വിജയ് ഹസാരെ ട്രീഫി കളിച്ച് പൂർണ ഫിറ്റ്നസ് തെളിയിച്ച വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ടീമിലേക്ക് തിരികെയെത്തും. അതുകൊണ്ട് തന്നെ ഋഷഭ് പന്തിന് ആദ്യ മത്സരങ്ങളിൽ അവസരം ലഭിച്ചേക്കില്ല. കെഎൽ രാഹുൽ ആണ് ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ.

ഏകദിന പരമ്പരയ്ക്ക് ശേഷം അഞ്ച് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയും ന്യൂസീലൻഡിനെതിരെ ഇന്ത്യ കളിക്കും. ജനുവരി 21 മുതലാണ് ടി20 പരമ്പര ആരംഭിക്കുക. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസൺ ആണ് ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറും ഓപ്പണറും.