രാമോജി ഫിലിം സിറ്റിയും ചാർമിനാറും കാണാൻ ഒരവസരം; ഐ.ആർ.സി.ടി.സിയുടെ അടിപൊളി ടൂർ പാക്കേജ് ഇതാ!
Planning a Trip to Hyderabad? Check Out IRCTC's Affordable 4-Day Flight Package from Kerala: കൊച്ചിയിൽ നിന്ന് ചരിത്രനഗരമായ ഹൈദരാബാദിലേക്ക് പ്രത്യേക വിമാന യാത്രാ പാക്കേജുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ. 'അമേസിംഗ് ഹൈദരാബാദ് വിത്ത് സ്റ്റാച്യു ഓഫ് ഇക്വാലിറ്റി' എന്ന് പേരിട്ടിരിക്കുന്ന ഈ പാക്കേജിലൂടെ നാല് ദിവസങ്ങളിലായി ഹൈദരാബാദിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാം.

മൂന്ന് രാത്രികളും നാല് പകലുകളും ഉൾപ്പെടുന്ന ടൂർ ഒക്ടോബർ 12 മുതൽ ഒക്ടോബർ 15 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.. യാത്രയുടെ ഒന്നാം ദിവസം രാവിലെ 07:05-ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന ഇൻഡിഗോ വിമാനം 08:40-ന് ഹൈദരാബാദിൽ എത്തും. അവിടെ നിന്ന് പ്രശസ്തമായ സ്റ്റാച്യു ഓഫ് ഇക്വാലിറ്റി, ചാർമിനാർ, ഗോൽക്കൊണ്ട കോട്ട എന്നീ ചരിത്ര സ്മാരകങ്ങൾ സന്ദർശിച്ച ശേഷം യാത്രാസംഘം വിശ്രമത്തിനായി ഹോട്ടലിലേക്ക് മടങ്ങും.(Image Credit source: Getty Images/Unsplash)

രണ്ടാം ദിവസം പ്രഭാതഭക്ഷണത്തിന് ശേഷം പ്രശസ്തമായ രാമോജി ഫിലിം സിറ്റി സന്ദർശിക്കാനാണ് പോവുക. മൂന്നാം ദിവസം ചരിത്രപ്രസിദ്ധമായ മക്ക മസ്ജിദ്, ചൗമഹല്ല കൊട്ടാരം എന്നിവ സന്ദർശിക്കും. അന്നേ ദിവസം ഉച്ചഭക്ഷണത്തിന് ശേഷം സഞ്ചാരികൾക്ക് സ്വന്തം നിലയിൽ നഗരക്കാഴ്ചകൾ കാണാനും ഷോപ്പിംഗ് നടത്താനും അവസരമൊരുക്കും. ഹൈദെരാബാദ് ബിരിയാണിയും, മറ്റു ഭക്ഷണ വൈവിദ്യവും ആസ്വദിക്കാം.

ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ടി20 ക്രിക്കറ്റ് മത്സരം കാണാനും അവസരമുണ്ട്. എന്നാൽ ഇതിൻ്റെ ചിലവ് ടൂർ പാക്കേജിൽ ഉൾപ്പെടില്ല എന്നത് പ്രത്യേേകം ശ്രദ്ധിക്കുക. യാത്രയുടെ അവസാന ദിവസമായ ഒക്ടോബർ 15-ന് സലാർജംഗ് മ്യൂസിയം, ബിർള മന്ദിർ എന്നിവ സന്ദർശിച്ച ശേഷം രാത്രി 11:20-ന് പുറപ്പെടുന്ന വിമാനത്തിൽ ഒക്ടോബർ 16 പുലർച്ചെ കൊച്ചിയിൽ തിരിച്ചെത്തുന്ന രീതിയിലാണ് യാത്രാക്രമം.

യാത്രക്കാർ തിരഞ്ഞെടുക്കുന്ന താമസ സൗകര്യത്തിൻ്റെ അടിസ്ഥാനത്തിലാണ് പാക്കേജ് നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. കംഫർട്ട് കാറ്റഗറിയിൽ രണ്ടുപേർക്ക് ഒരു മുറി എന്ന രീതിയിൽ ഒരാൾക്ക് 28,200 രൂപയും, മൂന്നുപേർക്ക് ഒരു മുറി എന്ന രീതിയിൽ 27,150 രൂപയുമാണ് നിരക്ക്. ഒരാൾക്ക് മാത്രമായി ഒരു മുറി വേണമെങ്കിൽ 34,450 രൂപ നൽകണം. അഞ്ചു മുതൽ പതിനൊന്ന് വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രത്യേക ബെഡ് സഹിതം 22,950 രൂപയും ബെഡ് ഇല്ലാതെ 18,750 രൂപയുമാണ് ഈടാക്കുന്നത്.

കൊച്ചിയിൽ നിന്നുള്ള ഇക്കോണമി ക്ലാസ് വിമാന ടിക്കറ്റുകൾ, മികച്ച ഹോട്ടലിൽ എ.സി മുറികളിലെ താമസം, മൂന്ന് ദിവസത്തെ പ്രഭാതഭക്ഷണവും അത്താഴവും, എ.സി വാഹനത്തിലുള്ള യാത്രാ സൗകര്യം, ടൂർ ഗൈഡിൻ്റെയും കോർഡിനേറ്ററുടെയും സേവനം, ടോൾ, പാർക്കിംഗ് എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു. എന്നാൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്രവേശന ടിക്കറ്റുകൾ, ക്യാമറ ഫീസ്, ഉച്ചഭക്ഷണം, ക്രിക്കറ്റ് മാച്ച് ടിക്കറ്റുകൾ എന്നിവ പാക്കേജിൻ്റെ ഭാഗമല്ല.