Health tips: ജിമ്മിൽ പോകേണ്ട എളുപ്പത്തിൽ ആരോഗ്യം നേടാനൊരു ജപ്പാനീസ് എളുപ്പവഴി…
Health benefits of Japanese interval walking: പതിവ് നടത്തത്തേക്കാൾ വളരെ വേഗത്തിൽ ഫിറ്റ്‌നസ് കൈവരിക്കാൻ സഹായിക്കുന്ന ഈ രീതി തുടക്കക്കാർക്ക് ഏറെ അനുയോജ്യമാണ്. എങ്കിലും, എന്തെങ്കിലും തരത്തിലുള്ള ഗുരുതര രോഗങ്ങൾക്ക് നിലവിൽ ചികിത്സ തേടുന്നവരോ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരോ ആണെങ്കിൽ, ഈ വ്യായാമമുറ ആരംഭിക്കുന്നതിന് മുൻപ് ഒരു ഡോക്ടറുടെ നിർദേശം തേടേണ്ടതാണ്.

കഠിനമായ ജിം വർക്കൗട്ടുകളോ വലിയ തുക ചിലവഴിച്ചുള്ള ഫിറ്റ്‌നസ് ഉപകരണങ്ങളോ ഇല്ലാതെ ആരോഗ്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ ഒരു ജാപ്പനീസ് മാതൃക. ഫിറ്റ്‌നസ് ലോകത്ത് ഓരോ ദിവസവും ട്രെൻഡുകൾ മാറിമറിയുമ്പോൾ, ശാസ്ത്രീയ അടിത്തറയോടെയെത്തി 2026-ലെ ഏറ്റവും മികച്ച ഫിറ്റ്‌നസ് രീതിയായി മാറിയിരിക്കുകയാണ് ജാപ്പനീസ് ഇന്റർവെൽ വോക്കിങ്. ലളിതവും എന്നാൽ അതീവ ഫലപ്രദവുമായ ഈ ആരോഗ്യ ശീലം ഇതിനകം തന്നെ ആഗോളതലത്തിൽ വലിയ പ്രചാരം നേടിക്കഴിഞ്ഞു. (Image Credit source: Getty Images)

സാധാരണയായി ഒരേ വേഗതയിൽ ദീർഘനേരം നടക്കുന്ന രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമാണിത്. കേവലം 30 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു സെഷനാണിത്. ആദ്യത്തെ 3 മിനിറ്റ് വേഗത കൂട്ടിയുള്ള ചടുലമായ നടത്തവും അടുത്ത 3 മിനിറ്റ് സാധാരണ ഗതിയിലുള്ള സാവധാന നടത്തവുമാണ്.

ഈ രണ്ട് രീതികളും മാറിമാറി ആവർത്തിക്കുന്നതാണ് ഇതിന്റെ ഘടന. കഠിനമായ വ്യായാമങ്ങൾ ചെയ്യാൻ മടിക്കുന്നവർക്കും, പ്രായമായവർക്കും, പരിക്കുകളിൽ നിന്ന് മുക്തമായി വരുന്നവർക്കും അമിത ആയാസമില്ലാതെ ചെയ്യാൻ സാധിക്കുന്ന ഒന്നാണിത്. ഇതൊരു സോഷ്യൽ മീഡിയ ട്രെൻഡ് മാത്രമല്ല, കൃത്യമായ ശാസ്ത്രീയ പഠനങ്ങളുടെ പിൻബലമുള്ള ഒന്നാണ്. ജപ്പാനിലെ ഷിൻഷു സർവകലാശാലയിലെ ഗവേഷകരായ ഹിരോഷി നോസ്, ഷിസു മസൂകി എന്നിവരാണ് ഈ നടത്തരീതി വികസിപ്പിച്ചെടുത്തത്.

246 പേരിൽ നടത്തിയ പഠനത്തിൽ, ഈ രീതി പിന്തുടരുന്നവരിലെ ഹൃദയസംബന്ധമായ ഫിറ്റ്‌നസ് വർധിക്കുന്നതായും എയ്റോബിക് കപ്പാസിറ്റി മെച്ചപ്പെടുന്നതായും കണ്ടെത്തി. കൂടാതെ തുടയിലെ പേശികൾക്ക് കൂടുതൽ ബലം നൽകാനും ഇത് സഹായിക്കുന്നു. അമേരിക്കൻ മെഡിക്കൽ അസ്സോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, ദിവസവും പതിനായിരം പടികൾ കയറുന്നതിനേക്കാൾ ഫലപ്രദമാണ് കൃത്യമായ ഇടവേളകളുള്ള ഈ 30 മിനിറ്റ് നടത്തം.

പതിവ് നടത്തത്തേക്കാൾ വളരെ വേഗത്തിൽ ഫിറ്റ്‌നസ് കൈവരിക്കാൻ സഹായിക്കുന്ന ഈ രീതി തുടക്കക്കാർക്ക് ഏറെ അനുയോജ്യമാണ്. എങ്കിലും, എന്തെങ്കിലും തരത്തിലുള്ള ഗുരുതര രോഗങ്ങൾക്ക് നിലവിൽ ചികിത്സ തേടുന്നവരോ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരോ ആണെങ്കിൽ, ഈ വ്യായാമമുറ ആരംഭിക്കുന്നതിന് മുൻപ് ഒരു ഡോക്ടറുടെ നിർദേശം തേടേണ്ടതാണ്.