വരുമാനത്തിലും ലയൺ! 28.33 മില്യൺ ഡോളർ: മെസിയുടെ MLS ശമ്പളം 25 ടീമുകളുടെ മൊത്ത ശമ്പളത്തിനും മുകളിൽ
Lionel Messi tops the list for MLS salaries: മേജർ ലീഗ് സോക്കറിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരമായി ലയണൽ മെസ്സി തുടരുന്നു. എം.എൽ.എസ് പ്ലെയേഴ്സ് അസോസിയേഷൻ (MLSPA) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഏകദേശം 28.3 മില്യൺ ഡോളറാണ് (283.3 ലക്ഷം ഡോളർ) മെസ്സിയുടെ വാർഷിക ഗ്യാരണ്ടീഡ് പ്രതിഫലം.

ഫുട്ബോളിലെ പല റെക്കോർഡുകളിലെയും നേട്ടങ്ങളുടെയും നിരയിൽ ഒന്നാം നമ്പർ പേരുകാരനായി അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള ഇതിഹാസതാരം ലയണൽ മെസി, മേജർ ലീഗ് സോക്കറിൽ (MLS) ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിലും ഒന്നാമൻ. 2026 നവംബറിൽ എംഎൽഎസ് പ്ലെയേഴ്സ് അസോസിയേഷൻ (MLSPA) പുറത്തുവിട്ട ഏറ്റവും പുതിയ ശമ്പള റിപ്പോർട്ട് പ്രകാരം, ലീഗിലെ 30 ടീമുകളിൽ 25 ടീമുകളുടെയും ആകെ ശമ്പളത്തുകയേക്കാൾ കൂടുതൽ പ്രതിഫലം മെസി ഒറ്റയ്ക്ക് നേടുന്നുണ്ട്. (Image credit: Getty Images)

റോബർട്ട് ലെവൻഡോവ്സ്കി, അന്റോയിൻ ഗ്രീസ്മാൻ തുടങ്ങിയ വൻ താരങ്ങൾ ലീഗിലേക്ക് എത്തിയിട്ടും മെസ്സിയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കമില്ല. 28.33 മില്യൺ ഡോളറാണ് (ഏകദേശം 283.3 ലക്ഷം ഡോളർ) മെസിയുടെ വാർഷിക ഗ്യാരണ്ടീഡ് പ്രതിഫലം. 2025-ൽ ഇത് 20.45 മില്യൺ ഡോളറായിരുന്നു. വാണിജ്യ കരാറുകളിൽ നിന്നുള്ള വരുമാനവും സ്പോൺസർഷിപ്പുകളും ഈ തുകയിൽ ഉൾപ്പെട്ടിട്ടില്ല.

എംഎൽഎസിൽ ഏറ്റവുമധികം പ്രതിഫലമുള്ള താരങ്ങളിൽ മെസിക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് ചിക്കാഗോ ഫയറിന്റെ റോബർട്ട് ലെവൻഡോവ്സ്കിയാണ് (19.51 മില്യൺ ഡോളർ). അന്റോയിൻ ഗ്രീസ്മാൻ (13.94 മില്യൺ ഡോളർ - ഓർലാൻഡോ സിറ്റി), സൺ ഹ്യൂങ്-മിൻ (11.15 മില്യൺ ഡോളർ - LAFC), ബ്രീൽ എംബോളോ (10.81 മില്യൺ ഡോളർ - അറ്റ്ലാന്റ യുണൈറ്റഡ്) എന്നിവരാണ് 10 മില്യൺ ഡോളറിന് മുകളിൽ പ്രതിഫലം വാങ്ങുന്ന മറ്റ് താരങ്ങൾ.

കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 8 മില്യൺ ഡോളറിന്റെ വർദ്ധനവാണ് മെസിയുടെ പ്രതിഫലത്തിൽ ഉണ്ടായിരിക്കുന്നത്. കളിക്കാരനെന്ന നിലയിലുള്ള പ്രതിഫലം മാത്രമാണ് ഈ കണക്കിൽ ഉൾപ്പെടുന്നത്. മറ്റ് വരുമാന സ്രോതസ്സുകൾ ഇതിൽ വരുന്നില്ല. 2028 വരെയാണ് മെസിയും ഇന്റർമയാമിയും തമ്മിലുള്ള കരാർ. എൽഎൽഎസ് ക്ലബ്ബുകളിൽ താരങ്ങൾക്കായി ഏറ്റവുമധികം തുക ചെലവഴിക്കുന്നത് മെസി അംഗമായ ഇന്റർ മയാമിയാണ്.

59.37 മില്യൺ ഡോളറാണ് ഇന്റർ മയാമി താരങ്ങളുടെ ശമ്പള ഇനത്തിൽ ചെലവഴിക്കുന്നത്. ചിക്കാഗോ ഫയർ (41.29 മില്യൺ ഡോളർ), അറ്റ്ലാന്റ യുണൈറ്റഡ് (38.35 മില്യൺ ഡോളർ) എന്നിവയാണ് ഏറ്റവും കൂടുതൽ ശമ്പള ചെലവുള്ള എംഎൽഎസ് ക്ലബ്ബുകളിൽ തൊട്ടുപിന്നിൽ ഉള്ളത്. 2026-ൽ എംഎൽഎസിലെ ശരാശരി വാർഷിക പ്രതിഫലം മുൻ വർഷത്തേക്കാൾ 18 ശതമാനം വർദ്ധിച്ച് 7,46,936 ഡോളറിലെത്തി.

150 താരങ്ങൾ നിലവിൽ ഒരു മില്യൺ ഡോളറോ അതിലധികമോ വാർഷിക പ്രതിഫലം വാങ്ങുന്നുണ്ട് എന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ലീഗിൽ ഏറ്റവും കുറവ് പ്രതിഫലം ചെലവഴിക്കുന്ന ടീം ഫിലാഡൽഫിയ യൂണിയനാണ് (12.64 മില്യൺ ഡോളർ). സ്പോർട്ടിംഗ് കൻസാസ് സിറ്റി (13.3 മില്യൺ ഡോളർ), ഡി.സി യുണൈറ്റഡ് (14.55 മില്യൺ ഡോളർ) എന്നിവയാണ് തൊട്ടുപിന്നിൽ.