New-Gen Audi Q3 : ന്യൂ ജെൻ ഓഡി ക്യു 3 വിപണിയിലേക്ക്… ഡിസൈൻ മുതൽ എഞ്ചിൻ വരെ മാറ്റങ്ങൾ?
തങ്ങളുടെ എൻട്രി-ലെവൽ ലക്ഷ്വറി എസ്‌യുവി ആയ Q3-യുടെ മൂന്നാം തലമുറ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കുകയാണ് ഓഡി. വാഹന പ്രേമികൾ ഏറെക്കാലമായി കാത്തിരുന്ന അപഡേറ്റാണ് വാഹനത്തിന് വരുന്നത്. കൂടുതൽ ആകർഷകമായ എക്സ്റ്റീരയർ, മാറ്റങ്ങൾ വരുത്തിയ ഇന്റീറിയർ, മെച്ചപ്പെടുത്തിയ സാങ്കേതികവിദ്യ എന്നിവയാണ് പുതിയ മോഡലിൽ വന്നിരിക്കുന്ന അപ്ഡേറ്റുകൾ.

വലുപ്പമേറിയ സിംഗിൾ-ഫ്രെയിം ഗ്രിൽ, കൂടുതൽ വ്യക്തമായ രൂപഭംഗിയുള്ള ബോഡി പാനലുകൾ, കരുത്തുറ്റ ഷോൾഡർ ലൈൻ എന്നിവ പുറം ഭാഗത്തെ കാഴ്ചയെ കൂടുതൽ മെച്ചപ്പെടുത്തും. വാഹനത്തിലെ ലൈറ്റിംഗിലും മാറ്റമുണ്ട്. മികച്ച പ്രകാശവും കാഴ്ചയും ഉറപ്പാക്കാൻ മൈക്രോ-എൽഇഡി സാങ്കേതികവിദ്യയിലുള്ള പുതിയ ഡിജിറ്റൽ മാട്രിക്സ് എൽഇഡി ഹെഡ്‌ലൈറ്റുകളാണ് വാഹനത്തിൽ വരുക. ( Image Credit Source - Audi India Facebook Page)

വാഹനത്തിന്റെ പിൻഭാഗത്തേക്ക് വന്നാൽ ഡിജിറ്റൽ OLED ടെയിൽ-ലാമ്പുകളും അവയെ ബന്ധിപ്പിക്കുന്ന വീതിയേറിയ എൽഇഡി ലൈറ്റ് ബാറും പ്രകാശിക്കുന്ന Audi ലോഗോയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഡി തങ്ങളുടെ കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിൽ ഇത്തരമൊരു ലൈറ്റിംഗ് സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത് ഇത് ആദ്യമാണ്.

ആഗോളതലത്തിൽ, പെട്രോൾ, ഡീസൽ, പ്ലഗ്-ഇൻ ഹൈബ്രിഡ് ഓപ്ഷനുകൾ ഉൾപ്പെടെയുള്ള പവർട്രെയിൻ ഓപ്ഷനുകളിലാണ് മൂന്നാം തലമുറ Audi Q3 ലഭ്യമാകുന്നത്. എന്നാൽ, ഇന്ത്യൻ വിപണിയിലെ മോഡലിൽ കമ്പനിയുടെ പരിചിതമായ 2.0-ലിറ്റർ TSI പെട്രോൾ എൻജിൻ തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

204 PS കരുത്തും 320 Nm ടോർക്കും ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ എൻജിൻ. ഏഴ്-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഓഡിയുടെ 'ക്വാട്രോ' (quattro) ഓൾ-വീൽ-ഡ്രൈവ് സംവിധാനവും പുതിയ വാഹത്തിൽ ഉൾപ്പെടുത്താനാണ് സാധ്യത. ഇന്ത്യൻ വിപണിയിൽ ഡീസൽ, ഹൈബ്രിഡ് വകഭേദങ്ങൾ വന്നേക്കില്ല എന്നാണ് റിപ്പോർട്ടുകൾ.

ബിഎംഡബ്ല്യൂ X1 ലോംഗ് വീൽബേസ്, ഉടൻ പുറത്തിറങ്ങാനിരിക്കുന്ന പുതുക്കിയ മെഴ്സിഡസ് ബെൻസ് GLA തുടങ്ങിയവയാകും പുതിയ തലമുറ Audi Q3-യുടെ പ്രധാന എതിരാളികൾ ആവുക. വാഹനം ഓഗസ്റ്റ് 25 ന് പുറത്തിറങ്ങും എങ്കിലും വില വൈകിയേ പ്രഖ്യാപിഖ്യാൻ സാധ്യതയുള്ളൂ. ഏകദേശം 55 ലക്ഷമായിരിക്കും പുതിയ Q3-യുടെ എക്സ്- ഷോറൂം വില എന്നാണ് സൂചന.