CBSE 3-Language Policy: മൂന്ന് ഭാഷകൾ തിരഞ്ഞെടുത്തവർക്ക് ആശങ്ക വേണ്ട; നിലവിലെ രീതി തുടരാമെന്ന് സുപ്രീം കോടതി
Supreme Court Issues Key Clarification on CBSE 3-Language Policy: സിബിഎസ്ഇയുടെ ത്രിഭാഷാ നയത്തിന് കീഴിൽ മൂന്ന് ഭാഷകൾ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് അതുമായി മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കോടതി ഉത്തരവുകളെത്തുടർന്ന് നൽകിയ താൽക്കാലിക ഇളവിന്റെ പേരിൽ അവർ രണ്ട് ഭാഷകളിലേക്ക് തിരികെ പോകേണ്ടതില്ലെന്നും സുപ്രീം കോടതി.
സിബിഎസ്ഇയുടെ ത്രിഭാഷാ നയത്തിന് കീഴിൽ മൂന്ന് ഭാഷകൾ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് അതുമായി മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കോടതി ഉത്തരവുകളെത്തുടർന്ന് നൽകിയ താൽക്കാലിക ഇളവിന്റെ പേരിൽ അവർ രണ്ട് ഭാഷകളിലേക്ക് തിരികെ പോകേണ്ടതില്ലെന്നും സുപ്രീം കോടതി ഇന്ന് വ്യക്തമാക്കി. നിലവിൽ 6 മുതൽ 9 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ മൂന്നാം ഭാഷ എഴുതുന്നതിൽ നിന്നുള്ള ഇളവും തുടരും. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് സിബിഎസ്ഇയുടെ ത്രിഭാഷാ ഫോർമുലയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ പരിഗണിക്കവെ വ്യക്തത വരുത്തിയത്.
7, 8, 9 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ലഭ്യമായിരുന്ന ഈ ഇളവ് നിലവിലെ ആറാം ക്ലാസ് ബാച്ചിനും കൂടി ബാധകമാക്കിക്കൊണ്ട് സെപ്റ്റംബർ 28-ന് കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് നൽകിയ ഇളവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിബിഎസ്ഇ സുപ്രീം കോടതിയെ സമീപിച്ചത്. ഈ ആനുകൂല്യം വളരെ കുറച്ച് വിദ്യാർത്ഥികൾക്ക് മാത്രമേ പ്രയോജനപ്പെടുകയുള്ളൂ എന്നും, എന്നാൽ ഇത് തങ്ങളുടെ അഫിലിയേറ്റഡ് സ്കൂളുകളിലുടനീളമുള്ള അക്കാദമിക് ക്രമീകരണങ്ങളെ ബാധിക്കുമെന്നും ബോർഡ് വാദിച്ചു.
ഇളവിന്റെ പ്രയോജനം 4,186 പേർക്ക് മാത്രം
ആറാം ക്ലാസിൽ പ്രവേശനം നേടിയ ഏകദേശം 23.44 ലക്ഷം വിദ്യാർത്ഥികളിൽ 4,186 പേർക്ക് മാത്രമാണ് ഈ ഇളവിന്റെ പ്രയോജനം ലഭിക്കുകയെന്ന് സിബിഎസ്ഇ ഹര്‍ജിയില്‍ വ്യക്തമാക്കി. ഇത് ആകെ വിദ്യാർത്ഥികളുടെ ഏകദേശം 0.18 ശതമാനം മാത്രമാണ്.
99 അഫിലിയേറ്റഡ് സ്കൂളുകളിലായി പഠിക്കുന്ന ഈ വിദ്യാർത്ഥികൾ രണ്ട് വിദേശ ഭാഷകളാണ് തിരഞ്ഞെടുത്തിരുന്നതെന്ന് ബോർഡ് പറഞ്ഞു. 23.40 ലക്ഷത്തിലധികം ആറാം ക്ലാസ് വിദ്യാർത്ഥികൾ ഇതിനകം തന്നെ രണ്ട് ഇന്ത്യൻ ഭാഷകൾ പഠിക്കുന്നുണ്ടെന്നും ബോർഡ് കൂട്ടിച്ചേർത്തു.
“ആറാം ക്ലാസ് വിദ്യാർത്ഥികൾ 3 ഭാഷകൾ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ അവർ 3 ഭാഷകളുമായി തന്നെ മുന്നോട്ട് പോകണം എന്നതായിരുന്നു ഞങ്ങളുടെ നിർദ്ദേശം. അവർ തിരഞ്ഞെടുത്തിട്ടില്ലെങ്കിൽ അവരെ നിർബന്ധിക്കരുത്. അവർ ഇപ്പോൾ തുടരുന്ന രീതിയിൽ തന്നെ തുടരട്ടെ”-ജസ്റ്റിസ് ബാഗ്ചി വാദത്തിനിടെ പറഞ്ഞു.
നേരത്തെ രണ്ട് വിദേശ ഭാഷകൾ തിരഞ്ഞെടുത്തിരുന്ന ഏകദേശം 45,000 വിദ്യാർത്ഥികൾ രണ്ട് ഇന്ത്യൻ ഭാഷകളിലേക്ക് മാറിയിട്ടുണ്ടെന്ന് ബോര്‍ഡ് കോടതിയെ അറിയിച്ചു. 4,186 വിദ്യാർത്ഥികൾക്ക് ഇളവ് നൽകുന്നത് ഇതിനകം തന്നെ തങ്ങളുടെ ഭാഷാ കോമ്പിനേഷനുകൾ മാറ്റിയ വിദ്യാർത്ഥികളോട് കാണിക്കുന്ന അനീതിയാകുമെന്നായിരുന്നു സിബിഎസ്ഇയുടെ വാദം.
ത്രിഭാഷാ നയം
6 മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾ മൂന്ന് ഭാഷകൾ നിർബന്ധമായും പഠിക്കണണമെന്ന് നയത്തില്‍ പറയുന്നു. ഇതിൽ രണ്ടെണ്ണമെങ്കിലും ഇന്ത്യൻ ഭാഷകളായിരിക്കണം. മറ്റ് രണ്ട് ഭാഷകളും ഇന്ത്യൻ ഭാഷകളാണെങ്കിൽ മാത്രമേ മൂന്നാം ഭാഷയായി ഒരു വിദേശ ഭാഷ തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ.
മൂന്നാം ഭാഷയെ R3 എന്നാണ് വിശേഷിപ്പിക്കുന്നത്. 2026-27 അധ്യയന വർഷം മുതൽ ആറാം ക്ലാസിൽ ഈ നിബന്ധന നടപ്പിലാക്കിത്തുടങ്ങിയ സിബിഎസ്ഇ, 2026 ജൂലൈ 1 മുതൽ ഒൻപതാം ക്ലാസിലും ഇത് നിർബന്ധമാക്കിയിരുന്നു.
English Summary
The Supreme Court clarified that students who opted for three languages under CBSE’s new policy can continue with their choice. Students currently in Classes 6 to 9 will remain exempt from taking a Class 10 Board exam in the third language. CBSE had requested a modification, arguing that the exemption only benefited 4,186 Class 6 students who chose two foreign languages.