Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്സ്ട്രീം 160R 4V
Hero Xtreme 160R 4V 2026 Model: ഹീറോ മോട്ടോ കോർപ്പ് തങ്ങളുടെ പുതിയ മോഡൽ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. പുതുക്കിയ 2026 എക്സ്ട്രീം 160R 4V (Xtreme 160R 4V) മോഡലിനെയാണ് കമ്പനി വിപണയിൽ എത്തിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ് വേരിയന്റിന് 1.27 ലക്ഷം രൂപ മുതലാണ് പുതിയ മോഡലിന്റെ എക്സ് ഷോറും വില ആരംഭിക്കുന്നത്. സ്റ്റാൻഡേർഡ്, പ്രോ, കാർബൺ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് വാഹനം എത്തുന്നത്.

ഏറ്റവും ഉയർന്ന വകഭേദമായ കാർബണിന് 1.41 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) വില. നിലവിൽ ഹീറോയുടെ ഷോറൂമുകൾ വഴി ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. പ്രോ, കാർബൺ വേരിയന്റുകളുടെ ഡെലിവറി 2026 നവംബർ 1-ന് തുടങ്ങും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാൽ സ്റ്റാൻഡേർഡ് വേരിയന്റ് 2027 ജനുവരി മുതലാണ് ഉപഭോക്താക്കൾക്ക് ലഭ്യമാവുക. ( Image Credit Source Hero Website, Social Media)

പുതിയ വേരിയന്റിൽ പ്രധാനമായും വന്നിരിക്കുന്ന മാറ്റം സ്റ്റൈലിംഗിന്റെ കാര്യത്തിലാണ്. നിലവിലുള്ള കോംബാറ്റ് എഡിഷനുമായി (Combat Edition) താരതമ്യം ചെയ്യുമ്പോൾ, കൂടുതൽ ഷാർപ്പായ രൂപകൽപ്പന ശൈലിയാണ് കമ്പനി അവലംബിച്ചിരിക്കുന്നത്. പ്രത്യേകിച്ച് ഫ്യൂവൽ ടാങ്കിന്റെയും പിൻ സീറ്റ് കൗളിന്റെയും ഭാഗങ്ങളിൽ ഈ മാറ്റം ഏറെ പ്രകടമാണ്. കൂടാതെ, എല്ലാ വകഭേദങ്ങളിലും പുതിയ കളർ ഓപ്ഷനുകളും ഹീറോ അവതരിപ്പിച്ചിട്ടുണ്ട്.

സ്റ്റാൻഡേർഡ് വേരിയന്റ് ഫയർസ്റ്റോം റെഡ് , പേൾ ബ്ലാക്ക്, എന്നീ നിറങ്ങളിലും പ്രോ വകഭേദം പ്രോ റെഡ്, പ്രോ ബ്ലാക്ക് എന്നീ നിറങ്ങളിലും സ്വന്തമാക്കാം. കാർബൺ വകഭേദത്തിൽ കാർബൺ റെഡ്, കാർബൺ ബ്ലാക്ക്, കാർബൺ ഗ്രേ, അബ്രാക്സ് ഓറഞ്ച് എന്നീ കളർ ഓപ്ഷനുകൾ ലഭിക്കുന്നതാണ്.

വേരിയന്റുകളുടെ ഓർഡറിലും നിലവിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുൻപുണ്ടായിരുന്ന ബേസ് മോഡൽ ഇപ്പോൾ സ്റ്റാൻഡേർഡ് എന്നും, കോംബാറ്റ് എഡിഷൻ എന്നത് പ്രോ എന്നും മാറിയിട്ടുണ്ട്. ഇതിനൊപ്പം ഏറ്റവും ഉയർന്ന വകഭേദമായി കാർബൺ എന്ന പുതിയ പതിപ്പും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതുക്കിയ 2026 എക്സ്ട്രീം 160R 4V വകഭേദങ്ങളിലും 164.32cc ശേഷിയുള്ള, ഓയിൽ-കൂൾഡ്, ഫോർ-വാൽവ് എൻജിൻ തന്നെയാണ് വരുന്നത്. ഈ എൻജിന്റെ പരമാവധി കരുത്ത് അല്പം വർധിച്ച് 8,750 rpm-ൽ 17.1 hp ആയിട്ടുണ്ട്. അതേസമയം, ടോർക്ക് മാറ്റമില്ലാതെ 6,500 rpm-ൽ 14.6 Nm ൽ തന്നെ തുടരുന്നു.