Market Crash: ഓഹരിവിപണിയിൽ കൂട്ടത്തകർച്ച; ഒറ്റദിവസം, നഷ്ടം 8.13 ലക്ഷം കോടി രൂപ!
Stock Market Crash: ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച. ആഗോള വിപണിയിലെ ആശങ്കകൾ വിപണിയെ ബാധിച്ചതോടെ ഒറ്റ ദിവസം കൊണ്ട് എട്ട് ലക്ഷം കോടിയിലധികം രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്. ബെഞ്ച്മാർക്ക് സൂചികകൾക്ക് പുറമെ വിപണിയിലെ മറ്റ് പ്രധാന മേഖലകളിലും ശക്തമായ വിൽപ്പന സമ്മർദ്ദം പ്രകടമായി.

പശ്ചിമേഷ്യയിലെ വർദ്ധിച്ചു വരുന്ന രാഷ്ട്രീയ സംഘർഷങ്ങളെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച. ആഗോള വിപണിയിലെ ആശങ്കകൾ വിപണിയെ ബാധിച്ചതോടെ ഒറ്റ ദിവസം കൊണ്ട് എട്ട് ലക്ഷം കോടിയിലധികം രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്. ഓഹരി വിപണിയിൽ വലിയ രീതിയിലുള്ള വിറ്റഴിക്കലാണ് ഇന്നുണ്ടായത്. (Image Credit source: Getty Images)

വ്യാപാരം അവസാനിച്ചപ്പോൾ പ്രമുഖ സൂചികകളായ സെൻസെക്സും നിഫ്റ്റിയും രണ്ട് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇ സെൻസെക്സ് 1,677.12 പോയിന്റ് ഇടിഞ്ഞ് 76,503.60 ലും നിഫ്റ്റി 50 516.65 പോയിന്റ് ഇടിഞ്ഞ് 23,882.05 ലും എത്തി.

ഇറാനുമായുള്ള സമാധാന ഡീൽ പൊളിഞ്ഞെന്നും വെടിനിർത്തൽ ധാരണ അവസാനിപ്പിക്കുകയാണെന്നുമെന്ന ട്രംപിന്റെ പ്രഖ്യാപനവും പിന്നാലെ ക്രൂഡ് ഓയിൽ വില കുതിച്ചതും ഓഹരി വിപണിയെ ബാധിച്ചു. ഓഹരി വിൽപ്പനയിലൂടെ നിക്ഷേപകർക്ക് ഏകദേശം 8.13 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചു.

വിപണിയിലുണ്ടായ കൂട്ടത്തകർച്ച കാരണം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യത്തിൽ വൻ ഇടിവുണ്ടായി. മുൻ സെഷനിലെ 479.68 ലക്ഷം കോടി രൂപയിൽ നിന്ന് 471.55 ലക്ഷം കോടി രൂപയായി കുറഞ്ഞു. 'ഇന്ത്യ വിക്സ്' (India VIX) കുത്തനെ ഉയർന്നു. ഇത് വിപണിയിൽ നിക്ഷേപകർക്കിടയിലുള്ള കടുത്ത ആശങ്കയെയും അനിശ്ചിതാവസ്ഥയെയുമാണ് ചൂണ്ടിക്കാണിക്കുന്നത്.

ബെഞ്ച്മാർക്ക് സൂചികകൾക്ക് പുറമെ വിപണിയിലെ മറ്റ് പ്രധാന മേഖലകളിലും ശക്തമായ വിൽപ്പന സമ്മർദ്ദം പ്രകടമായി. ബാങ്കിംഗ്, ധനകാര്യ ഓഹരികളിലാണ് ഇന്ന് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. വിപണിയിലെ പൊതുവായ വികാരത്തെ പ്രതിഫലിപ്പിക്കുന്ന ബ്രോഡർ സൂചികകളും വലിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.