Kitchen Gardening: സാലഡിനുള്ള പച്ചക്കറികൾ ഇനി ബാൽക്കണിയിൽ വളർത്താം; മാസങ്ങളോളം വിളവ്
Balcony Vegetable Gardening: കുറഞ്ഞ സ്ഥലത്തും പരിമിതമായ വെളിച്ചത്തിലും തുടർച്ചയായി വിളവെടുക്കാവുന്ന സാലഡ് ചെടികൾ ബാൽക്കണിയിൽ എളുപ്പത്തിൽ വളർത്താവുന്നതാണ്. ഒരു തവണ നട്ട് പിഴുതെടുക്കുന്ന വിളകൾക്ക് പകരം, പുറത്തെ ഇലകൾ മാത്രം മുറിച്ചെടുക്കാവുന്ന ഇലക്കറികളും പച്ചക്കറികളും തിരഞ്ഞെടുക്കുന്നതാണ് മാസങ്ങളോളം വിളവ് ലഭിക്കാൻ നല്ലത്.
കൃഷി ചെയ്യാൻ ആഗ്രഹമുണ്ടോ? എന്നാൽ ഇനി സ്ഥലമില്ലെന്ന പരാതി വേണ്ട, നിങ്ങളുടെ ബാൽക്കണിയിൽ നിന്ന് പോലും നൂറുമേനി വിളവ് ഉറപ്പാക്കാം. കുറഞ്ഞ സ്ഥലത്തും പരിമിതമായ വെളിച്ചത്തിലും തുടർച്ചയായി വിളവെടുക്കാവുന്ന സാലഡ് ചെടികൾ ബാൽക്കണിയിൽ എളുപ്പത്തിൽ വളർത്താവുന്നതാണ്. ഒരു തവണ നട്ട് പിഴുതെടുക്കുന്ന വിളകൾക്ക് പകരം, പുറത്തെ ഇലകൾ മാത്രം മുറിച്ചെടുക്കാവുന്ന ഇലക്കറികളും പച്ചക്കറികളും തിരഞ്ഞെടുക്കുന്നതാണ് മാസങ്ങളോളം വിളവ് ലഭിക്കാൻ നല്ലത്. അത്തരത്തിൽ ബാൽക്കണി കൃഷിക്ക് അനുയോജ്യമായ സാലഡ് വിളകൾ ഏതെല്ലാമാണെന്ന് നോക്കിയാലോ….
ഇലക്കറികൾ
ലെറ്റൂസ്, ചീര, കാലെ തുടങ്ങിയ ഇലക്കറികൾ ചെറിയ ചട്ടികളിലും ഗ്രോബാഗുകളിലും വേഗത്തിൽ വളരും. പുറത്തെ വലിയ ഇലകൾ മാത്രം മുറിച്ചെടുത്ത് ഉപയോഗിച്ചാൽ നടുഭാഗത്തുനിന്ന് പുതിയ ഇലകൾ വളർന്നുകൊണ്ടിരിക്കും.
ഹെർബുകളും സുഗന്ധച്ചെടികളും
മല്ലിയില, പുതിന, ബേസിൽ, പാർസ്ലി എന്നിവ സാലഡുകൾക്ക് രുചിയും മണവും നൽകുന്നു. പതിവായി തുമ്പ് നുള്ളിക്കൊടുക്കുന്നത് ചെടികൾ കുറ്റിച്ചെടികളായി വളരാൻ സഹായിക്കും.
ALSO READ: ബാൽക്കണിയിൽ സൂര്യകാന്തി വളർത്തിയാലോ? ശ്രദ്ധിക്കേണ്ടത് ഇത്രയും…
ഫ്രൂട്ടും റൂട്ട് വിളകളും
ചെറി തക്കാളി, കുക്കുംബർ, റാഡിഷ്, സ്പ്രിങ് ഒനിയൻ എന്നിവ ചട്ടികളിലും ബക്കറ്റുകളിലും വളർത്താം. കുക്കുംബർ, തക്കാളി എന്നിവയ്ക്ക് താങ്ങുകമ്പുകളോ വലയോ നൽകുന്നത് സ്ഥലം ലാഭിക്കാൻ സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ചട്ടികളിലോ പഴയ ബക്കറ്റുകളിലോ മറ്റ് പാത്രങ്ങളിലോ കൃഷി ചെയ്യുമ്പോൾ അടിഭാഗത്ത് വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ ആവശ്യത്തിന് സുഷിരങ്ങൾ ഉറപ്പാക്കണം.
- മിക്ക സാലഡ് വിളകൾക്കും ദിവസവും 4 മുതൽ 6 മണിക്കൂർ വരെ സൂര്യപ്രകാശം ആവശ്യമാണ്.
- ചെറി തക്കാളി, കുക്കുംബർ, റാഡിഷ് തുടങ്ങിയ വിളകൾക്ക് ദിവസവും 5–6 മണിക്കൂർ നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമാണ്.
- ലെറ്റൂസ്, ചീര, മല്ലിയില, പുതിന തുടങ്ങിയ ഇലക്കറികൾക്ക് 3–4 മണിക്കൂർ വെയിലോ ഭാഗികമായ തണലോ മതിയാകും.
- ബാൽക്കണിയിലെ ചട്ടികളിലെ മണ്ണ് പെട്ടെന്ന് ഉണങ്ങാൻ സാധ്യതയുള്ളതിനാൽ രാവിലെയോ വൈകുന്നേരമോ നനയ്ക്കുക.
- മണ്ണിന്റെ മുകൾഭാഗം ഉണങ്ങിയിട്ടുണ്ടോ എന്ന് വിരൽ കൊണ്ട് തൊട്ടുനോക്കിയ ശേഷം മാത്രം വെള്ളം ഒഴിക്കുക.
- മണ്ണിനൊപ്പം കമ്പോസ്റ്റും ചകിരിച്ചോറും ചേർത്ത ഇളക്കമുള്ള പോട്ടിങ് മിശ്രിതം ഉപയോഗിക്കുക.
- ചെടികൾ മൂത്തുപോകുന്നതിന് മുമ്പ് കൃത്യമായ ഇടവേളകളിൽ വിളവെടുക്കുന്നത് പുതിയ മുളകളും കായ്കളും ഉണ്ടാകാൻ വേഗത കൂട്ടും.
English Summary:
Growing a fresh salad garden on a balcony is possible even in limited spaces by choosing plants that continue producing leaves or fruits after harvesting. Lettuce, spinach, rocket, kale, coriander, parsley, spring onions, celery, mint, Swiss chard and mustard greens are among the suitable options for container gardening.