Stock Market: സെൻസെക്സും നിഫ്റ്റിയും തിരിച്ചുകയറുമോ? ട്രേഡിംഗിന് ഇറങ്ങും മുമ്പ് ഇതറിഞ്ഞോളൂ
Stock Market Guide July 9: മാർച്ച് 30-ന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് കഴിഞ്ഞ സെഷനിൽ ഇന്ത്യൻ ഓഹരി വിപണി നേരിട്ടത്. ആഗോള ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ക്രൂഡ് ഓയിൽ വിലവർധനയും മൂലം വിപണിയിൽ കനത്ത തിരിച്ചടി നേരിട്ടിരുന്നെങ്കിലും, ഇന്ന് അതിൽ നിന്ന് ഭാഗികമായെങ്കിലും തിരിച്ചുവരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളെ തുടർന്ന് ഇന്നലെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ചയുണ്ടായതിനാൽ ഇന്നത്തെ വ്യാപാരം നിർണായകമാണ്. മാർച്ച് 30-ന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് കഴിഞ്ഞ സെഷനിൽ ഇന്ത്യൻ ഓഹരി വിപണി നേരിട്ടത്. വ്യാപാരം അവസാനിച്ചപ്പോൾ പ്രമുഖ സൂചികകളായ ബിഎസ്ഇ സെൻസെക്സ് 1,677.12 പോയിന്റ് ഇടിഞ്ഞ് 76,503.60 ലും നിഫ്റ്റി 50 516.65 പോയിന്റ് ഇടിഞ്ഞ് 23,882.05 ലും എത്തി. (Image Credit source: Getty Images)

ഇന്ത്യൻ ഓഹരി വിപണി ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റി 50 ഉം ഇന്ന്, വ്യാഴാഴ്ച ഉയർന്ന നിലയിൽ തുറക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ വ്യാപാരദിനത്തിൽ ആഗോള ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ക്രൂഡ് ഓയിൽ വിലവർധനയും മൂലം വിപണിയിൽ കനത്ത തിരിച്ചടി നേരിട്ടിരുന്നെങ്കിലും, ഇന്ന് അതിൽ നിന്ന് ഭാഗികമായെങ്കിലും തിരിച്ചുവരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ക്രൂഡ് ഓയിൽ വിലയിലും വൻ കുതിപ്പാണ് ഉണ്ടായത്. രാജ്യാന്തര വിപണിയിലെ പ്രധാന സൂചികയായ ബ്രെന്റ് ക്രൂഡ് വില 1.4 ശതമാനം ഉയർന്ന് ബാരലിന് 79 ഡോളറിന് മുകളിലെത്തി. കഴിഞ്ഞ വ്യാപാര സെഷനിൽ മാത്രം ബ്രെന്റ് ക്രൂഡ് വിലയിൽ 5 ശതമാനത്തിലധികം വർധനവ് രേഖപ്പെടുത്തിയിരുന്നു. യുഎസ് സൂചികയായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് വില ബാരലിന് 74 ഡോളറിനടുത്താണ് ഇപ്പോൾ വ്യാപാരം തുടരുന്നത്.

ലേസർ പവർ ആന്റ് ഇൻഫ്രായുടെ 742 കോടി രൂപയുടെ ഐപിഒ ഇന്ന് ആരംഭിക്കുന്നുണ്ട്. ജൂലൈ 13 വരെ നിക്ഷേപകർക്ക് അപേക്ഷിക്കാം. ടാറ്റാ കൺസൾട്ടൻസി സർവീസസ്, ആനന്ദ് രാഠി വെൽത്ത് എന്നിവയുൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ തങ്ങളുടെ ആദ്യ പാദ സാമ്പത്തിക ഫലങ്ങൾ പുറത്തുവിടും.

ബീറ്റാ ഡ്രഗ്സ്, ഗുജറാത്ത് നാച്ചുറൽ റിസോഴ്സസ്, ക്വാളിറ്റി വാൾസ് ഇന്ത്യ, സാക്സോഫ്റ്റ്, എസ്.കെ.എം എഗ്ഗ് പ്രൊഡക്ട്സ് എക്സ്പോർട്ട് ഇന്ത്യ എന്നീ ഓഹരികളെ നിലവിൽ ASM ഫ്രെയിംവർക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളും ചേർന്ന് ഏർപ്പെടുത്തുന്ന പ്രത്യേക നിരീക്ഷണ സംവിധാനമാണ് ASM ഫ്രെയിംവർക്ക്.