വൈഭവ് സൂര്യവംശി പാകിസ്ഥാനുമൊരു പാഠം; പിഎസ്‌എല്ലിനെ ചോദ്യം ചെയ്ത് വസീം അക്രം
Wasim Akram Compares PSL and IPL Talent Pipeline: ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് മുന്‍ പാക് താരം വസീം അക്രം. ഒപ്പം പാക് സൂപ്പര്‍ ലീഗിനെതിരെ (പിഎസ്എല്‍) അദ്ദേഹം രൂക്ഷ വിമര്‍ശനമുന്നയിച്ചു. പത്ത് വർഷം പൂർത്തിയാക്കിയിട്ടും ഒരു മികച്ച ബാറ്റിങ് പ്രതിഭയെപ്പോലും വളര്‍ത്തിയെടുക്കാന്‍ പിഎസ്എല്ലിന് സാധിച്ചില്ലെന്ന് അക്രം.

ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് മുന്‍ പാക് താരം വസീം അക്രം. ഒപ്പം പാക് സൂപ്പര്‍ ലീഗിനെതിരെ (പിഎസ്എല്‍) അദ്ദേഹം രൂക്ഷ വിമര്‍ശനമുന്നയിച്ചു. പത്ത് വർഷം പൂർത്തിയാക്കിയിട്ടും ഒരു മികച്ച ബാറ്റിങ് പ്രതിഭയെപ്പോലും വളര്‍ത്തിയെടുക്കാന്‍ പിഎസ്എല്ലിന് സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ വൈഭവിനെ വളര്‍ത്തിയെടുത്തത് ചൂണ്ടിക്കാണിച്ചായിരുന്നു അക്രമിന്റെ പരാമര്‍ശം (Image Credit Source: PTI).

2010 മുതൽ 2017 വരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബോളിങ് കോച്ചും മെന്ററുമായി അക്രം പ്രവര്‍ത്തിച്ചിട്ടുണ്ട്. പിഎസ്‌എല്ലിൽ ഇസ്ലാമാബാദ് യുണൈറ്റഡ്, മുൾട്ടാൻ സുൽത്താൻസ്, കറാച്ചി കിംഗ്സ് എന്നീ ഫ്രാഞ്ചൈസികളുടെ കോച്ചിങ്, മെന്റർഷിപ്പ് ചുമതലകളും വഹിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളിലെയും ഫ്രാഞ്ചൈസി ലീഗുകളുമായി അടുത്ത് പ്രവര്‍ത്തിച്ച അപൂര്‍വം താരങ്ങളിലൊരാളാണ് ഇദ്ദേഹം. ലാഹോറിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അക്രം പിഎസ്എല്ലിനെ വിമര്‍ശിച്ചത്.

പിഎസ്‌എൽ ഒരുപിടി മികച്ച ബോളർമാരെ പുറത്തെടുത്തിട്ടുണ്ടെങ്കിലും, അത്രത്തോളം നിലവാരമുള്ള യുവ ബാറ്റ്‌സ്മാൻമാരെ പാകിസ്ഥാന് നൽകാൻ ലീഗിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പിഎസ്‌എൽ ആരംഭിച്ചിട്ട് 10 വർഷം കഴിഞ്ഞു. എന്നാൽ ഇതുവരെ ഒരു ബാറ്റ്‌സ്മാനെയെങ്കിലും പിഎസ്‌എല്ലിലൂടെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ടോ? കുറച്ച് ബോളർമാരെ പുറത്തെടുത്തിട്ടുണ്ട്. പക്ഷേ എടുത്തുപറയേണ്ട ഏതെങ്കിലും ബാറ്റിങ് പ്രതിഭയെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.

വൈഭവ് സൂര്യവംശിയെ പോലെ ഒരു ബാറ്റിങ് പ്രതിഭയെ വളർത്തിയെടുക്കുമ്പോൾ മാത്രമേ നമുക്ക് മുന്നേറ്റം കാണാൻ കഴിയൂ. പാകിസ്ഥാൻ തങ്ങളുടെ ക്ലബ് ക്രിക്കറ്റ് സംസ്‌കാരം പുനരുജ്ജീവിപ്പിക്കണമെന്ന് അക്രം ആവശ്യപ്പെട്ടു.. ഇത് അന്തിമമായി പാകിസ്ഥാൻ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് വഴിവെക്കും. യഥാർത്ഥ പ്രതിഭകൾ വരുന്നത് ക്ലബ് ക്രിക്കറ്റിൽ നിന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐപിഎല്ലിലെ മികച്ച പ്രകടനത്തോടെയാണ് സൂര്യവംശി ശ്രദ്ധേകേന്ദ്രമായത്. ലോക ക്രിക്കറ്റിന്റെ ശ്രദ്ധയാകര്‍ഷിച്ച ഈ 15-കാരന്‍ പിന്നീട് സീനിയര്‍ ടി20 ടീമിനായി അരങ്ങേറുകയും ചെയ്തു. താരത്തിന് ദീര്‍ഘമായ ഒരു കരിയര്‍ ഉറപ്പാക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. സൂര്യവംശിയെ പോലെ ഒരു താരത്തെ വളര്‍ത്തിയെടുക്കാന്‍ പാകിസ്ഥാന് സാധിക്കണമെന്നാണ് അക്രം പറയുന്നത്.