Vaibhav Sooryavanshi: 53 പന്തിൽ 204 റൺസ്, 28 സിക്സറുകൾ! ലോക റെക്കോർഡുകൾക്ക് ഇനി പുതിയ അവകാശി; 15-കാരന്റെ താണ്ഡവം
Vaibhav Sooryavanshi Breaks Multiple World Records: റൈസിങ് സ്റ്റാര്‍ ഏഷ്യാ കപ്പില്‍ യുഎഇയ്‌ക്കെതിരെ പുറത്തെടുത്ത സംഹാരതാണ്ഡവത്തിലൂടെ 15-കാരന്‍ വൈഭവ് സൂര്യവംശി സ്വന്തമാക്കിയത് ഒന്നിലേറെ റെക്കോഡുകള്‍. 53 പന്തില്‍ 204 റണ്‍സ് അടിച്ചുകൂട്ടിയ വൈഭവിന്റെ മാരക പ്രകടനത്തിന് 28 സിക്‌സുകളും ഏഴ് ഫോറുകളും അകമ്പടി സേവിച്ചു.
റൈസിങ് സ്റ്റാര്‍ ഏഷ്യാ കപ്പില്‍ യുഎഇയ്‌ക്കെതിരെ പുറത്തെടുത്ത സംഹാരതാണ്ഡവത്തിലൂടെ 15-കാരന്‍ വൈഭവ് സൂര്യവംശി സ്വന്തമാക്കിയത് ഒന്നിലേറെ റെക്കോഡുകള്‍. 53 പന്തില്‍ 204 റണ്‍സ് അടിച്ചുകൂട്ടിയ വൈഭവിന്റെ മാരക പ്രകടനത്തിന് 28 സിക്‌സുകളും ഏഴ് ഫോറുകളും അകമ്പടി സേവിച്ചു. സ്‌ട്രൈക്ക് റേറ്റ് 384.91. 16 പന്തില്‍ അര്‍ധ ശതകം, 28 ബോളില്‍ സെഞ്ചുറി, 40 പന്തില്‍ 150, 52 പന്തില്‍ ഇരട്ട സെഞ്ചുറി…വൈഭവിന്റെ ബാറ്റ് ബൗണ്ടറികളുടെ പെരുമഴ തീര്‍ത്തുകൊണ്ടേയിരുന്നു. ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ബാറ്റർ എന്ന ലോക റെക്കോർഡാണ് ഇന്ത്യ എയുടെ ഓപ്പണര്‍ സ്വന്തമാക്കിയ ഒരു റെക്കോഡ്.
2018-ൽ ക്വീൻസ്‌ലാൻഡിനെതിരെ വെസ്റ്റേൺ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഡാർസി ഷോർട്ട് സ്ഥാപിച്ച 23 സിക്സറുകൾ എന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. ലിസ്റ്റ്-എ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ 100, 150, 200 റൺസ് എന്നീ റെക്കോർഡുകളും താരം സ്വന്തമാക്കി.
ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ ഇരട്ട സെഞ്ച്വറികൾ
- 52 പന്തുകൾ – വൈഭവ് സൂര്യവംശി
- 103 പന്തുകൾ – ചാഡ് ബോവ്സ്
- 114 പന്തുകൾ – ട്രാവിസ് ഹെഡ്
- 114 പന്തുകൾ – എൻ. ജഗദീശൻ
- 114 പന്തുകൾ – ഹാരി ബ്രൂക്ക്
ഇതിന് മുമ്പ് ഒരു ഇന്ത്യന്‍ ബാറ്ററും ഒരു ഇന്നിങ്‌സില്‍ 20-ല്‍ കൂടുതല്‍ സിക്‌സുകള്‍ നേടിയിട്ടില്ല. 52 പന്തിലാണ് ലിസ്റ്റ്-എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ചുറി എന്ന റെക്കോർഡ് താരം സ്ഥാപിച്ചത്. 2024-ൽ ക്രൈസ്റ്റ്ചർച്ചിൽ ഒട്ടാഗോയ്‌ക്കെതിരെ കാന്റർബറിക്ക് വേണ്ടി ചാഡ് ബോവ്‌സ് 103 പന്തുകളിൽ ഇരട്ട സെഞ്ച്വറി നേടിയതായിരുന്നു മുൻ റെക്കോർഡ്. എന്നാല്‍ വൈഭവിന് വേണ്ടി വന്നത് വെറും 52 പന്തുകള്‍ മാത്രം.
പ്രൊഫഷണൽ ക്രിക്കറ്റിൽ ഒരൊറ്റ ഇന്നിങ്‌സില്‍ ഒരു ബാറ്റർ നേടുന്ന ഏറ്റവും കൂടുതൽ സിക്സറുകൾ എന്ന നേട്ടവും ഈ 28 സിക്സറുകളിലൂടെ 15-കാരന്‍ സ്വന്തമാക്കി. 2024-ൽ അരുണാചൽ പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ഹൈദരാബാദിനായി തന്മയ് അഗർവാൾ നേടിയ 26 സിക്സറുകളുടെ റെക്കോർഡാണ് താരം മറികടന്നത്.
ലിസ്റ്റ്-എ ഇന്നിങ്‌സിലെ ഏറ്റവും കൂടുതൽ സിക്സറുകൾ
- 28 സിക്സറുകൾ – വൈഭവ് സൂര്യവംശി
- 23 സിക്സറുകൾ – ഡാർസി ഷോർട്ട്
- 21 സിക്സറുകൾ – ബെവോൺ ജേക്കബ്‌സ്
28 പന്തിൽ സെഞ്ചുറി തികച്ച വൈഭവ് സൂര്യവംശി, ലിസ്റ്റ്-എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന റെക്കോർഡും തകർത്തിരുന്നു. 2023-ൽ അഡ്‌ലെയ്ഡിൽ ടാസ്മാനിയയ്‌ക്കെതിരെ സൗത്ത് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 29 പന്തിൽ സെഞ്ചുറി നേടിയ ഓസ്‌ട്രേലിയയുടെ ജേക്ക് ഫ്രേസർ-മക്ഗുർക്കിനെയാണ് താരം പിന്നിലാക്കിയത്.
പ്രൊഫഷണൽ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലുമായി സൂര്യവംശിയുടെ ഏറ്റവും വേഗമേറിയ സെഞ്ചുറി കൂടിയാണിത്. കഴിഞ്ഞ വർഷം ദോഹയിൽ യുഎഇക്കെതിരായ ടി20 മത്സരത്തിൽ ഇന്ത്യ എ-യ്ക്ക് വേണ്ടി 32 പന്തിൽ നേടിയ സെഞ്ചുറിയുടെ റെക്കോർഡാണ് താരം ഇതോടെ തിരുത്തിക്കുറിച്ചത്. ഒരു വര്‍ഷത്തിന് ശേഷം അതേ യുഎഇയ്‌ക്കെതിരെ ഇന്ത്യ എയ്ക്ക് വേണ്ടി താരം വീണ്ടും റെക്കോഡുകള്‍ തിരുത്തിക്കുറിച്ചു.
English Summary
15-year-old India A opener Vaibhav Sooryavanshi smashed a world-record 28 sixes against the UAE. He scored 204 runs off just 53 balls during the Asia Cup Rising Stars match. His 52-ball double hundred is now the fastest in List-A cricket history.