ഏഷ്യാ കപ്പിൽ കണ്ടം ക്രിക്കറ്റ്! ഔട്ടായിട്ടും തർക്കിച്ച പാക് ക്രിക്കറ്റ് താരം ഗുൽ ഫിറോസയ്ക്ക് പിഴയിട്ട് ICC
ICC fines Pakistan women's player Gul Feroza: അമ്പയർ ഔട്ട് വിധിച്ചിട്ടും അത് അംഗീകരിക്കാതെ തർക്കിച്ചതിന് പാകിസ്താൻ ഓപ്പണിംഗ് താരം ഗുൽ ഫിറോസയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൽ (ഐസിസി) മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തി. കൂടാതെ താരത്തിന് ഒരു ഡിമെറിറ്റ് പോയിന്റും നൽകി. ദുബായിൽ ഹോങ്കോങ്ങിനെതിരായ ഗ്രൂപ്പ് എ മത്സരത്തിനിടെയാണ് ഇപ്പോഴത്തെ നടപടിക്ക് ഇടയാക്കിയ സംഭവം ഉണ്ടായത്.

ഫയൽചിത്രം
വനിതകളുടെ ഏഷ്യാ കപ്പിൽ ‘കണ്ടംകളി’ പുറത്തെടുത്ത പാക് താരത്തെ പറപ്പിച്ച് ഐസിസി. അമ്പയർ ഔട്ട് വിധിച്ചിട്ടും അത് അംഗീകരിക്കാതെ തർക്കിച്ചതിന് പാകിസ്താൻ ഓപ്പണിംഗ് താരം ഗുൽ ഫിറോസയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൽ (ഐസിസി) മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തി. കൂടാതെ താരത്തിന് ഒരു ഡിമെറിറ്റ് പോയിന്റും നൽകി. കണ്ടം ക്രിക്കറ്റിൽ ഔട്ടായിട്ടും സമ്മതിക്കാതെയുള്ള തർക്കങ്ങൾ സാധാരണമാണ്. എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ തീരുമാനമെടുക്കാൻ അമ്പയറും മറ്റ് സംവിധാനങ്ങളുമുണ്ട്. അമ്പയറുടെ തീരുമാനമാണ് അന്തിമമെന്നിരിക്കേ, അത് അംഗീകരിക്കാതെ അസംതൃപ്തി പ്രകടിപ്പിച്ചതാണ് ഗുൽ ഫിറോസയ്ക്ക് പണിയായത്.
ദുബായിൽ ഹോങ്കോങ്ങിനെതിരായ ഗ്രൂപ്പ് എ മത്സരത്തിനിടെയാണ് ഇപ്പോഴത്തെ നടപടിക്ക് ഇടയാക്കിയ സംഭവം ഉണ്ടായത്. പാകിസ്താൻ ഇന്നിംഗ്സിലെ അഞ്ചാം ഓവറിൽ ഫിറോസയ്ക്ക് എതിരേ എൽ.ബി.ഡബ്ല്യു (LBW) ഔട്ട് വിധിച്ചു. എന്നാൽ അമ്പയറുടെ തീരുമാനത്തോട് ഗുൽ ഫിറോസ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചു. പന്ത് ബാറ്റ് തട്ടിയാണ് പാഡിൽ കൊണ്ടതെന്ന് സൂചിപ്പിച്ച് താരം ബാറ്റിലേക്ക് വിരൽ ചൂണ്ടി പ്രതിഷേധിച്ചു.
ഒരു അന്താരാഷ്ട്ര മത്സരത്തിനിടെ അമ്പയറുടെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ഐസിസി നിയമപ്രകാരം ശിക്ഷാർഹമാണ്. കളിക്കാർക്കും പ്ലെയർ സപ്പോർട്ട് പേഴ്‌സണലിനുമുള്ള പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.8 ലംഘിച്ചതിന് ഫിറോസ കുറ്റക്കാരിയാണെന്ന് ഐസിസി കണ്ടെത്തി. ഫീൽഡ് അമ്പയർമാരായ റബാബ് അഹ്‌സാൻ, റോക്കേയ സുൽത്താന, തേർഡ് അമ്പയർ ശിവാനി മിശ്ര, ഫോർത്ത് അമ്പയർ ഷാതിര ജാക്കിർ എന്നിവരാണ് ഫിറോസയ്ക്ക് എതിരേ കുറ്റം ചുമത്തിയത്.
ഐസിസി പെരുമാറ്റച്ചട്ടം ലംഘിക്കപ്പെട്ടു എന്ന് തെളിഞ്ഞതിനെ തുടർന്ന് ഐസിസി മാച്ച് റഫറി സുപ്രിയ റാണി ദാസ് ആണ് ശിക്ഷ വിധിച്ചത്. ഫിറോസ കുറ്റം സമ്മതിച്ചതിനാൽ ഔപചാരിക വാദം കേൾക്കേണ്ടതിന്റെ ആവശ്യകത ഒഴിവായി. 24 മാസത്തിനിടെ ഗുൽ ഫിറോസ നേരിടുന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണിത്. ഇതോടെ താരത്തിന്റെ അക്കൗണ്ടിൽ ആകെ രണ്ട് ഡിമെറിറ്റ് പോയിന്റുകളായി.
നേരത്തെ ഓസ്‌ട്രേലിയയ്‌ക്കെതിരായ പാകിസ്ഥാന്റെ വനിതാ ടി20 ലോകകപ്പ് ലീഗ് മത്സരത്തിനിടെ ഉണ്ടായ ഒരു സംഭവത്തിലാണ് ഗുൽ ഫിറോസയ്ക്ക് ഇതിന് മുമ്പ് ഡീമെറിറ്റ് പോയിന്റ് കിട്ടിയത്. 24 മാസത്തിനിടെ 4 ഡിമെറിറ്റ് പോയിന്റുകൾ ലഭിച്ചാൽ വിലക്ക് നേരിടേണ്ടി വരും. ഇപ്പോൾ നടക്കുന്ന ഏഷ്യ കപ്പിൽ അടുത്തിടെ പാകിസ്താൻ ക്യാപ്റ്റൻ ഫാത്തിമ സനയ്‌ക്കെതിരെയും ഐസിസി നടപടി എടുത്തിരുന്നു.
ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഫാത്തിമ സനയ്‌ക്ക് ഐസിസി മാച്ച് ഫീയുടെ 10 ശതമാനം പിഴ ശിക്ഷ വിധിച്ചിരുന്നു. ഇന്ത്യൻ ഓപ്പണർ ഷെഫാലി വർമയെ പുറത്താക്കിയ ശേഷം ഫാത്തിമ പുറത്തേക്കുള്ള വഴി കാണിച്ചു. അന്താരാഷ്ട്ര മത്സരത്തിനിടയിൽ ഒരു ബാറ്റർ പുറത്താകുമ്പോൾ അധിക്ഷേപിക്കുന്നതോ അല്ലെങ്കിൽ ആക്രമണാത്മക പ്രതികരണത്തിന് പ്രേരിപ്പിക്കുന്നതോ ആയ ഭാഷയോ പ്രവൃത്തികളോ ആംഗ്യങ്ങളോ ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണ്. ആർട്ടിക്കിൾ 2.5 ഫാത്തിമ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.
English Summary
Pakistan opener Gul Feroza has been fined 10 per cent of her match fee by the International Cricket Council (ICC) for refusing to accept an umpire’s out decision and was also given one demerit point. The incident that led to the current action took place during a Group A match against Hong Kong in Dubai.