താരങ്ങള്‍ക്ക് തുടര്‍ച്ചയായി പരിക്ക്; സീനിയര്‍ ഫിസിയോയെ പുറത്താക്കാനൊരുങ്ങി ബിസിസിഐ
Team India Support Staff Changes: അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള താരങ്ങള്‍ നിലവില്‍ പരിശീലനത്തിലാണ്. കായികക്ഷമത വീണ്ടെടുത്ത വാഷിങ്ടണ്‍ സുന്ദര്‍ പരിശീലനം നടത്തി. വ്യാഴാഴ്ച ഇന്ത്യൻ ടീമിന്റെ ഉച്ചകഴിഞ്ഞുള്ള പരിശീലന സെഷനിലാണ് സുന്ദര്‍ പങ്കെടുത്തത്. ഡൽഹിയിലെ കടുത്ത ചൂടിൽ 10 കളിക്കാർ മാത്രമാണ് പരിശീലനത്തിന് ലഭ്യമായിരുന്നത്.
താരങ്ങള്‍ക്ക് തുടര്‍ച്ചയായി പരിക്കേല്‍ക്കുന്ന സാഹചര്യത്തില്‍ സീനിയര്‍ ഫിസിയോയെ പുറത്താക്കാനൊരുങ്ങി ബിസിസിഐ. സീനിയർ ഫിസിയോ കമലേഷ് ജെയിനിനെയാണ് ബിസിസിഐ പുറത്താക്കുന്നത്. കമലേഷ് ഇപ്പോള്‍ നോട്ടീസ് പീരീഡിലാണെന്ന് ബിസിസിഐ വൃത്തം പിടിഐയോട് പ്രതികരിച്ചു. പ്രധാന താരങ്ങള്‍ക്ക് തുടർച്ചയായി പരിക്കേൽക്കുന്നതിൽ ദേശീയ സെലക്ടർമാരും ഹെഡ് കോച്ച് ഗൗതം ഗംഭീറും ആശങ്കയിലാണ്. താരങ്ങള്‍ക്ക് തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നതിനാല്‍ ഇന്ത്യന്‍ ടീമിന്റെ ഫിസിയോക്കെതിരെ കുറച്ചുനാളുകളായി വിമര്‍ശനമുയരാറുണ്ട്.
അതേസമയം, അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള താരങ്ങള്‍ നിലവില്‍ പരിശീലനത്തിലാണ്. കായികക്ഷമത വീണ്ടെടുത്ത വാഷിങ്ടണ്‍ സുന്ദര്‍ പരിശീലനം നടത്തി. വ്യാഴാഴ്ച ഇന്ത്യൻ ടീമിന്റെ ഉച്ചകഴിഞ്ഞുള്ള പരിശീലന സെഷനിലാണ് സുന്ദര്‍ പങ്കെടുത്തത്.
ഡൽഹിയിലെ കടുത്ത ചൂടിൽ 10 കളിക്കാർ മാത്രമാണ് പരിശീലനത്തിന് ലഭ്യമായിരുന്നത്. വൈഭവ് സൂര്യവംശിയും, ഇഷാന്‍ കിഷനും ദുലീപ് ട്രോഫിയുമായി ബന്ധപ്പെട്ട് ചെന്നൈയിലായിരുന്നു. പരിക്കിന്റെ പിടിയിലായിരുന്ന ജസ്പ്രീത് ബുംറയും, നിതീഷ് കുമാര്‍ റെഡ്ഡിയും വെള്ളിയാഴ്ച മുതൽ ടീമിനൊപ്പം പരിശീലനത്തിൽ പങ്കുചേരും.
Also Read: Harshit Rana: അഫ്ഗാന്‍ പരമ്പരയ്ക്കും ഏഷ്യന്‍ ഗെയിംസിനും ഹര്‍ഷിത് റാണയില്ല; പകരക്കാരനെ പ്രഖ്യാപിച്ചു
പ്രധാന പരിശീലകൻ ഗൗതം ഗംഭീറിന്റെയും സ്പിൻ ബൗളിംഗ് പരിശീലകൻ സൈരാജ് ബഹുതൂലെയുടെയും മേൽനോട്ടത്തിൽ വാഷിംഗ്ടണും വരുൺ ചക്രവർത്തിയും സിംഗിൾ വിക്കറ്റ് ഡ്രില്ലുകളിൽ ധാരാളം പന്തെറിഞ്ഞു. ഹര്‍ഷിത് റാണയ്ക്ക് പരം സ്‌ക്വാഡിലെത്തിയ യാഷ് താക്കൂറും പരിശീലനത്തില്‍ പങ്കെടുത്തു.
ഫിറോസ് ഷാ കോട്‌ലയിലെ ‘ബി’ നെറ്റ്സിൽ, സഞ്ജു സാംസണും അഭിഷേക് ശർമ്മയും ബാറ്റിങ് പരിശീലിച്ചു. അക്സർ പട്ടേലിനെയും രവി ബിഷ്‌ണോയിയെയുമാണ് സഞ്ജുവും അഭിഷേകും നേരിട്ടത്. അഭിഷേകാണ് കൂടുതല്‍ അക്രമിച്ച് കളിച്ചത്.
മോണി മോര്‍ക്കല്‍ എവിടെ?
പേസ് ബൗളിങ് പരിശീലകൻ മോർണി മോർക്കലിന്റെ അസാന്നിധ്യം ശ്രദ്ധേയമായി. “മോർണിയുടെ വർക്ക് വിസയുടെ കാലാവധി കഴിഞ്ഞിരുന്നു. അത് പുതുക്കുന്നതിനായി അദ്ദേഹത്തിന് ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങേണ്ടി വന്നു. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം തിരിച്ചെത്തുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്,” ബിസിസിഐ വൃത്തങ്ങൾ പിടിഐയോട് വെളിപ്പെടുത്തി.
അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ സ്‌ക്വാഡ്: ശ്രേയസ് അയ്യര്‍, അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, യാഷ് താക്കൂര്‍.
English Summary
BCCI set to remove senior physio Kamlesh Jain following repeated player injuries. Jain is serving his notice period while another support team travels for upcoming assignments. Head coach Gautam Gambhir and selectors sought accountability from the sports science unit for frequent breakdowns. Kamlesh Jain had been under fire for months over team fitness issues.